കോഴിക്കോട്: കൊയിലാണ്ടി ചേലിയയിൽ, കഴിഞ്ഞ വർഷം ഡിസംബർ 12 ന് ബിജിഷ എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവം വീട്ടുകാരെ മാത്രമല്ല പൊലീസിനെയും വല്ലാതെ കുഴക്കിയിരുന്നു. സ്വകാര്യ ടെലികോം കമ്പനിയുടെ സ്റ്റോറിലെ ജീവനക്കാരിയെ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. യുവതി ഒരു കോടിയോളം രൂപയുടെ ബാങ്ക് ഇടപാട് നടത്തിയതായി പൊലീസ് പിന്നീട് കണ്ടെത്തിയപ്പോൾ ബന്ധുക്കളും നാട്ടുകാരും ഞെട്ടി. ആത്മഹത്യ ചെയ്യാൻ കാര്യമായ പ്രശ്‌നങ്ങളൊന്നും കണ്ടെത്താൻ അന്ന് കഴിഞ്ഞിരുന്നില്ല.

ബിജിഷയുടെ മരണം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോഴാണ് രണ്ട് ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി ഒരു കോടിയോളം രൂപയുടെ ഇടപാട് നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് കണ്ടെത്തിയത്. യു.പി.ഐ ആപ്പുകൾ വഴിയാണ് പണമിടപാടുകളെല്ലാം നടത്തിയത്. ഇത്രയും രൂപയുടെ ഇടപാട് നടത്തിയത് എന്തിനാന്നോ ആർക്ക് വേണ്ടിയാണെന്നോ വീട്ടിലുള്ളവർക്കോ സുഹൃത്തുകൾക്കോ ഒന്നുമറിയില്ല എന്നതാണ് പൊലീസിനെ വലച്ചത്. ബിജിഷയുടെ വിവാഹത്തിന് വേണ്ടി കരുതി വെച്ചിരുന്ന 35 പവൻ സ്വർണവും വീട്ടുകാർ അറിയാതെ അവൾ ബാങ്കിൽ പണയം വെച്ച് പണം വാങ്ങിയതായും കണ്ടെത്തിയിരുന്നു. ഇത്രയും പണം എന്തിന് ചെലവഴിച്ചതെന്നും അർക്കുമറിയില്ലായിരുന്നു. ഡിസംബർ 12 ന് പതിവ് പോലെ ജോലിക്ക് പോയ ബിജിഷ തിരിച്ച് വന്ന ശേഷമാണ് കൊയിലാണ്ടിയിലെ വീട്ടിൽ തൂങ്ങി മരിക്കുന്നത്.

വിജിഷയുടെ മരണം നാല് മാസം പിന്നിട്ടപ്പോൾ, ക്രൈംബ്രാഞ്ച് തുമ്പ് കണ്ടെത്തിയിരിക്കുന്നു. വിജിഷയുടെ മരണത്തിലേക്ക് നയിച്ചത് ഓൺലൈൻ റമ്മി കളിയെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ഓൺലൈൻ ഗെയിമുകൾക്കായി ഒന്നേമുക്കാൽ കോടി രൂപയുടെ ഇടപാടുകളാണ് ബിജിഷ നടത്തിയതെന്നും ലക്ഷക്കണക്കിന് രൂപ ഇവർക്ക് നഷ്ടമായിട്ടുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ഇതോടെ മരണത്തിൽ ദുരൂഹത ഉന്നയിച്ച് കുടുംബം പരാതി നൽകിയതോടെയാണ് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചത്. കോവിഡ് കാലത്താണ് ബിജിഷ ഓൺലൈൻ ഗെയിമുകളിൽ സജീവമായതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ആദ്യം ചെറിയ രീതിയിലുള്ള ഓൺലൈൻ ഗെയിമുകളിലാണ് പണം മുടക്കി കളിച്ചത്. പിന്നീട് ഓൺലൈൻ റമ്മി പോലുള്ള ഗെയിമുകളിലേക്ക് കടന്നു. ആദ്യഘട്ടത്തിൽ കളികൾ ജയിച്ച് പണം ലഭിച്ചതോടെ വീണ്ടും ഗെയിമുകൾക്ക് വേണ്ടി പണം നിക്ഷേപിച്ചു.

യു.പി.ഐ. ആപ്പ് വഴിയാണ് ഈ പണമിടപാടുകളെല്ലാം നടത്തിയിരുന്നത്. എന്നാൽ ഓൺലൈൻ റമ്മിയിൽ തുടർച്ചയായി പണം നഷ്ടപ്പെട്ടതോടെ വീട്ടുകാർ വിവാഹത്തിനായി കരുതിയിരുന്ന സ്വർണം അടക്കം പണയംവെച്ചു. ഓൺലൈൻ വായ്പ നൽകുന്ന കമ്പനികളിൽനിന്ന് ആരുമറിയാതെ വായ്പയും വാങ്ങി. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെ വായ്പ നൽകിയവർ ബിജിഷയുടെ സുഹൃത്തുക്കൾക്കടക്കം സന്ദേശങ്ങൾ അയച്ചിരുന്നു. വായ്പ തിരിച്ചടക്കാത്ത ബിജിഷയെ മോശമായി ചിത്രീകരിച്ചാണ് സന്ദേശങ്ങൾ അയച്ചിരുന്നത്. ഇതെല്ലാമാണ് യുവതിയുടെ ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.

ബിജിഷയുടെ ഒരു സുഹൃത്തും ഓൺലൈൻ ഗെയിമിൽ പങ്കാളിയായിരുന്നു. ഇവരിൽ നിന്നും അന്വേഷണസംഘത്തിന് വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. അതേസമയം, യുവതി മരിച്ചതിന് ശേഷം പണം ചോദിച്ച് ആരും ബന്ധപ്പെട്ടിട്ടില്ലെന്നാണ് വീട്ടുകാർ പറയുന്നത്. പണത്തിന്റെ ഇടപാടുകളെല്ലാം ഗൂഗിൾ പേ പോലുള്ള യു.പി.ഐ ആപ്പുകൾ വഴിയായിരുന്നു. പണം കടം ചോദിച്ചവരോട് ആപ്പ് വഴി തന്നാൽ മതിയെന്ന് പ്രത്യേകം പറഞ്ഞിരുന്നതായും പൊലീസിന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സ്വകാര്യ ടെലികോം കമ്പനിയുടെ സ്റ്റോറിൽ ജോലി ചെയ്ത് വരികയായിരുന്നു ബി.എഡ് ബിരുദധാരിയായ ബിജിഷ.