ന്യൂഡൽഹി: കൊലപാതകങ്ങൾ ഉൾപ്പെടെയുള്ള ക്രിമിനൽ കുറ്റങ്ങളിൽ പ്രതികളാണ് നമ്മുടെ നേതാക്കളിൽപ്പലരും. ക്രിമിനൽ കുറ്റങ്ങളിൽ പ്രതികളാകുന്നത് അന്തസ്സുപോലെ കരുതുന്നവരും അക്കൂട്ടത്തിലുണ്ട്. കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച പുതിയ കണക്ക് പ്രകാരം, രാജ്യത്തെ എംപിമാരിലും എംഎൽഎമാരിലും 36 ശതമാനവും ക്രിമിനൽ കേസുകളിൽ പ്രതികളാണ്. 4896 ജനപ്രതിനിധികളിൽ 1765 പേർക്കെതിരെയും കേസുകളുണ്ട്. 3045 ക്രിമിനൽ കേസുകളാണ് ഇവർക്കെതിരെ ആകെ ചുമത്തിയിട്ടുള്ളത്.

ഓരോ സംസ്ഥാനത്തെയും നേതാക്കളുടെ ക്രിമിനൽ കുറ്റങ്ങളുടെ കണക്കും കേന്ദ്രം സമർപ്പിച്ചിട്ടുണ്ട്. ഇതനുസരിച്ച് ഉത്തർപ്രദേശാണ് മുന്നിൽ. തമിഴ്‌നാട്, ബിഹാർ, പശ്ചിമബംഗാൾ, ആന്ധ്ര പ്രദേശ്, കേരളം എന്നിവ പിന്നാലെയും. നേതാക്കൾക്കെതിരെ കേസുകൾ കെട്ടിക്കിടക്കുന്നത് ക്രിമിനലുകൾ തിരഞ്ഞെടുക്കപ്പെടുന്നതിനും അവരുടെ തിരഞ്ഞെടുപ്പ് നടപടികൾ തടസ്സപ്പെടുന്നതിനും കാരണമാകുന്നുണ്ടെന്ന് കണ്ടെത്തിയ സുപ്രീം കോടതി, നേതാക്കൾക്കെതിരായ കേസുകൾ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക കോടതികൾ സ്ഥാപിക്കാൻ നിർദ്ദേശം നൽകി.

കേന്ദ്രം സമർപ്പിച്ച കണക്കുകളിൽ മഹാരാഷ്ട്രയിലെയും ഗോവയിലെയും നേതാക്കളടെ വിശദാംശങ്ങളുണ്ടായിരുന്നില്ല. ഇവ കൂടി ചേർത്ത് സമ്പൂർണ കണക്കുകൾ സമർപ്പിക്കാൻ കോടതി രണ്ടുമാസത്തെ സമയം കേന്ദ്ര സർക്കാരിന് നൽകിയിട്ടുണ്ട്. 2014-ലെ പൊതുതിരഞ്ഞെടുപ്പിന് ശേഷം രാജ്യത്ത് ജനപ്രതിനിധികൾക്കെതിരായ 1581 കേസുകൾ തീർപ്പാകാതെയുണ്ടെന്ന് അസോസിയേഷൻ ഫോർ ഡമോക്രാറ്റിക് റിഫോംസ് സുപ്രീംകോടതിയെ അറിയിച്ചിരുന്നു. അതിന്റെ ഭാഗമായാണ് ഇത്തരം കേസുകൾ നോക്കുന്നതിനായി കേരളമുൾപ്പെടെ വിവിധയിടങ്ങളിലായി 12 അതിവേഗ കോടതികൾ സ്ഥാപിക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചത്.

പുതിയ കണക്കനുസരിച്ച് 3045 കേസുകളാണ് തീർപ്പാകാനുള്ളത്. ഇതനുസരിച്ച് അതിവേഗക്കോടതികളുടെ എ്ണ്ണം ഇനിയും കൂട്ടേണ്ടിവരുമെന്നുറപ്പാണ്. ജനപ്രതിനിധികൾക്കെതിരായ കേസുകൾ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക കോടതികൾ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് അശ്വിനി കുമാർ ഉപാധ്യായയെന്നയാളാണ് സുപ്രീം കോടതിയെ സമീപിച്ചത്. ജനപ്രതിനിധികൾക്കെതിരായി 13,500-ലേറെ കേസുകൾ തീർപ്പാകാതെയുണ്ടെന്നാണ് ഇദ്ദേഹം ഹർജിയിൽ ബോധിപ്പിച്ചത്.

 

സുപ്രീം കോടതി നിർദ്ദേശിച്ചതുപ്രകാരമുള്ള 12 അതിവേഗ കോടതികൾ പെട്ടെന്നുതന്നെ പ്രവർത്തനം ആരംഭിക്കുമെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചു. ഇതിനായി 780 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും ഹൈക്കോടതികൾ നോട്ടീസയച്ചിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.