കോഴിക്കോട്: പിണറായി വിജയന് എന്താ സാരിയും ബ്ലൗസും ധരിച്ചാലെന്ന ഇന്ത്യൻ യൂണിയൻ മുസ് ലിം ലീഗ് നേതാവും എം എൽ എയുമായ എം കെ മുനീർ എന്ന എം ബി ബി എസ് ഡോക്ടറുടെ വിവാദ പ്രസ്താവനയാണ് ഇന്നത്തെ സാംസ്‌കാരിക ലോകത്തെ ചർച്ചാവിഷയം. എം.എസ്.എഫിന്റെ നേതൃത്വത്തിലുള്ള 'വേര്' എന്ന കാമ്പയിന്റെ സംസ്ഥാനതല സമാപന സമ്മേളനത്തിൽ 'മതം, മാർക്സിസം, നാസ്തികത' എന്ന വിഷയത്തിൽ കോഴിക്കോട് സംസാരിക്കുമ്പോഴായിരുന്നു മുനീറിന്റെ വിവാദ പ്രസ്താവന.

ലീഗിന്റെ നേതാക്കളായ കെ പി എ മജീദോ, മായിൻ ഹാജിയോ, പി എം എ സലാമോ ഒന്നുമല്ല ഇത്തരം ഒരു അഭിപ്രായ പ്രകടനം നടത്തിയിരിക്കുന്നതെന്നതാണ് ഏറെ ആശ്ചര്യകരം. ജെന്റർ ന്യൂട്രൽ വിദ്യാലയങ്ങളുടെ ഭാഗമായി ഗേൾസ് ബോയ്സ് വിദ്യാലയങ്ങളെന്ന കൺസെപ്റ്റ് അടുത്ത വർഷം മാറ്റണമെന്ന് ബാലാവകാശ കമ്മിഷൻ ദിവസങ്ങൾക്ക് മുൻപ് ഉത്തരവിട്ടതിന് പിന്നാലെയാണ് വിദ്യാലയങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വിവേചനമില്ലാത്ത യൂണിഫോമെന്ന ചിന്തകൾക്ക് വീണ്ടും ശക്തിപകരുന്നത്.

കഴിഞ്ഞ വർഷങ്ങളിൽ തന്നെ പല വിദ്യാലയങ്ങളിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഓരേ യൂണിഫോം സമ്പ്രദായം നടപ്പാക്കിയിരുന്നു. പെൺകുട്ടികൾ തന്നെ ചുരിദാറിനെക്കാളും ഫ്രോക്കിനെക്കാളും തങ്ങൾക്ക് യാത്ര ചെയ്യാൻ ഉൾപ്പെടെ കുറേക്കൂടി സൗകര്യപ്രദമാണ് യൂണിഫോം മാറ്റമെന്നു പ്രതികരിക്കുകയും ചെയ്തിരുന്നു. പുതിയ യൂണിഫോമിൽ തങ്ങളുടെ ആത്മവിശ്വാസം പതിന്മടങ്ങായി വർധിച്ചെന്നും അവർ സാക്ഷ്യപ്പെടുത്തിയിരുന്നു.

എന്നാൽ എന്തിനും ഏതിലും മത ചിന്തയും സ്വത്വരാഷ്ട്രീയവാദവുമെല്ലാം കലർത്തുന്നതിൽ എന്നും മുൻപന്തിയിൽനിന്ന പിന്തിരിപ്പൻ ആശയങ്ങളുടെ കാവലാളുകളായ മുസ് ലിം ലീഗ് നേതൃത്വത്തിൽ നിന്നു ഇത്തരം ചിന്തകളും അഭിപ്രായങ്ങളും അടിക്കടി വരാറുണ്ടെങ്കിലും മുനീറിനെപ്പോലുള്ള എഴുത്തുകാരനും സാംസ്‌കാരിക സാമൂഹിക രംഗത്ത് ജാതിമത ചിന്തകൾക്കതീതമായി ഇടപെടുകയും ചെയ്യുന്ന ഒരു വ്യക്തിയിൽനിന്നാണ് ഇന്നലെ ഇത്തരത്തിൽ ഒരു അഭിപ്രായപ്രകടനം ഉണ്ടായിരിക്കുന്നതെന്നതാണ് സാംസ്‌കാരിക കേരളത്തെ ഞെട്ടിച്ചിരിക്കുന്നത്.

എന്തിനാണ് പെൺകുട്ടികൾ യൂണിഫോമിന്റെ ഭാഗമായി പാന്റ്സ് ധരിക്കുന്നതിനെ എതിർക്കുന്നത്; തുർക്കിയും അറേബ്യൻ നാടുകളിലുമെല്ലാം പെൺകുട്ടികൾ യൂണിഫോമിന്റെ ഭാഗമായി പാന്റ്സ് ധരിക്കുമ്പോൾ അതിനെ ഇവരാരെങ്കിലും ചോദ്യംചെയ്യുമോ. ലീഗിന്റെയും ഇതര മുസ് ലിം സംഘടനാ നേതാക്കളുടെയും പെൺമക്കൾ ഗൾഫ് രാജ്യങ്ങളിൽ ഉൾപ്പെടെ വൻകിട കോർപറേറ്റു കമ്പനികളിൽ സാരിയും ചൂരിദാറുമുടുത്തല്ല പാന്റ്സും ഷേർട്ടും കോട്ടുമെല്ലാം ഇട്ടാണ് ജോലി ചെയ്യുന്നതെന്നത് ആർക്കാണ് അറിയാത്തത്. പിന്നെ എന്തിനാണ് ഇത്തരത്തിൽ കാലത്തിന് യോജിക്കാത്ത പ്രസ്താവനയിറക്കി മുനീറിനെപ്പോലൊരാൾ അപഹാസ്യനാവുന്നത്.

കുഞ്ഞാപ്പയെന്ന പി കെ കുഞ്ഞാലിക്കുട്ടിയുടെ അപ്രമാദിത്യത്തിൽ പുലരുന്ന ലീഗ് എന്ന സംഘടനക്കകത്ത് തനിക്കൊന്നും കൂടുതലായി ചെയ്യാനില്ലെന്നും തന്നെ ആരും ഗൗനിക്കുന്നില്ലെന്നും തോന്നിയിട്ടാണോ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായ വ്യക്തിക്കെതിരേ എന്തെല്ലാം കുറവുണ്ടെങ്കിലും ഇത്തരം അപലപനീയമായതും മലീമസമായതുമായ ഒരു പ്രസ്താവനയുമായി മുനീൽ എന്ന ലീഗ് എം എൽ എ എത്തിയിരിക്കുന്നത്. പൊതുമരാമത്ത് മന്ത്രിയായ കാലത്ത് കോടികളുടെ അഴിമതിക്കേസിൽ ഉൾപ്പെട്ട മുനീറിന് അതിൽപ്പിന്നെ തന്റെ ഇമേജ് തേച്ചുമിനുക്കാൻ സാധിച്ചിട്ടില്ലെന്നതും ചരിത്രം.

ലിംഗസമത്വമെന്ന പേരിൽ സർക്കാർ സ്‌കൂളുകളിൽ മതനിരാസം പ്രോത്സാഹിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും എം.കെ. മുനീർ എംഎ‍ൽഎ പ്രസംഗത്തിൽ കത്തികയറുന്നതിനിടെയാണ് ലിംഗസമത്വമാണെങ്കിൽ പിണറായി വിജയൻ സാരിയും ബ്ലൗസും ഇട്ടാൽ എന്താണ് കുഴപ്പമെന്നും മുനീർ ചോദിച്ചത്.

'പുതിയ പാഠ്യപദ്ധതിയുടെ കരട് ചർച്ച ചെയ്യാൻ സർക്കാർ തീരുമാനിച്ചിരിക്കേയാണ്. സ്ത്രീയ്ക്കും പുരുഷനും തുല്യതയുണ്ടാകണമെന്നാണ് ്അതിൽ പറയുന്നത്. ഇനിമുതൽ സ്ത്രീയ്ക്കും പുരുഷനും ഒരു ബാത്ത്റൂം മാത്രമേ സ്‌കൂളുകളിൽ ഉണ്ടാകൂ. മതമില്ലാത്തജീവൻ എന്നുപറഞ്ഞ് മതനിഷേധത്തെകടത്തിയതുപോലെ ഇപ്പോൾ ജെൻഡർ ന്യൂട്രാലിറ്റി എന്ന പേരിൽ വീണ്ടും മതനിഷേധത്തെ സ്‌കൂളുകളിലേക്ക്
കൊണ്ടുവരാനുള്ള പാഠ്യപദ്ധതി തയ്യാറായിക്കഴിഞ്ഞിരിക്കുന്നു. ആൺകുട്ടികൾക്കെന്താ ചുരിദാർ ചേരില്ലേ? പിണറായി വിജയനും ഭാര്യയും
യാത്രചെയ്യുമ്പോൾ എന്തിനാണ് ഭാര്യയെക്കൊണ്ട് പാന്റ് ഇടീക്കുന്നത്? പിണറായി വിജയന് സാരിയും ബ്ലൗസും ഇട്ടാൽ എന്താണ് കുഴപ്പം' എന്നിങ്ങനെയുള്ള ആക്ഷേപങ്ങളായിരുന്നു പ്രസംഗത്തിന്റെ കാതൽ. വിദ്യാസമ്പന്നനും സാംസ്‌കാരിക ഉന്നതിയും ഒത്തുചേർന്ന ആർക്കും ചേരുന്നതായിരുന്നില്ല മുനീറിന്റെ പ്രസംഗം.

അച്ഛൻ ആനപ്പുറത്തിരുന്നെന്നുവച്ച് മകന്റെ ദേഹത്ത് തയമ്പുണ്ടാവില്ല

മുനീറിന്റെ മലീമസമായ പ്രസംഗത്തിനെതിരേ സാമൂഹിക മാധ്യമങ്ങളിൽ അതികഠിനമായ രീതിയിലുള്ള വിമർശനങ്ങളാണ് നിറയുന്നത്. മുനീറിനെപ്പോലുള്ള കവിയും പ്രസാധനും ഗായകനും മനുഷ്യസ്നേഹിയുമെല്ലാമായ ഒരാളിൽ നിന്ന് ഇത്തരത്തിൽ ഒരു പ്രസ്താവന ഉണ്ടായിരിക്കുന്നതാണ് സാംസ്‌കാരിക കേരളത്തെ ഞെട്ടിച്ചിരിക്കുന്നത്. വർത്തമാനകാലത്ത് ഉന്നതവിദ്യാഭ്യാസം സിദ്ധിച്ച പലരും തെറ്റായ പല കാര്യങ്ങളിലേക്കും കൂടുതലായി ചേക്കേറിക്കൊണ്ടിരിക്കുമ്പോൾ കാലത്തിന് ആശ്വാസമെന്നു ഏവരും കരുതുന്ന മുനീറിനപ്പോലുള്ളവർപോലും ഇത്തരത്തിലെല്ലാം ചിന്തിക്കുകയും പറയുകയും ചെയ്യുന്നുവെന്നത് കേരളം ഇന്ന് അനുഭവിക്കുന്ന സാംസ്‌കാരിക അധ:പതനത്തിന്റെ സൂചികയായി വേണം കരുതാൻ. '

അച്ഛൻ ആനപ്പുറത്തിരുന്നെന്നു കരുതി മകന്റെ ചന്തിക്കു തയമ്പുണ്ടാവില്ലെന്ന തരത്തിൽ അതിരൂക്ഷമായ വിമർശനങ്ങളാണ് മുനീറിനെതിരേ സോഷ്യൽ മീഡിയാ വാളുകളിൽ നിറയുന്നത്. വി്ദ്യാഭ്യാസ രംഗത്ത് ഏവരും ശ്ലാഘിക്കുന്ന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുകയും സ്വന്തം സമുദായത്തിന്റെ മാത്രമല്ല കേരള സമൂഹത്തിന്റെ സമൂലമായ പുരോഗതിക്കായി നിലകൊള്ളുകയും ചെയ്ത വ്യക്തിയായിരുന്നു എം കെ മുനീറിന്റെ പിതാവ് സി എച്ച് മുഹമ്മദ് കോയ. ഒരു ഭരണാധികാരിയെന്ന നിലയിലും മനുഷ്യസ്നേഹിയെന്ന നിലയിലുമെല്ലാം ശോഭിച്ച ഏവർക്കും ഏറെ പ്രിയങ്കരനായ സി എച്ചിനെ കേരള ജനത ഒരു മുസ്‌ലിം ലീഗ് നേതാവോ, കേവലം ഒരു മന്ത്രിയോ ഒന്നുമായല്ല കണ്ടിരുന്നത്.

കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് അഭിവൃദ്ധിയുടേതായ ഒരു കാലത്തിന് നേതൃത്വം നൽകിയ മനുഷ്യനായാണ് കാണുന്നത്. അത്തരത്തിലുള്ള ഒരാളുടെ പുത്രൻ എം ബി ബി എസ് നേടിയിട്ടും രാഷ്ട്രീയത്തിലേക്കു എത്തിയത് അച്ഛനെന്ന മഹാനുഭാവുകിന്റെ മേൽവിലാസത്തിൽ മാത്രമായിരുന്നോയെന്ന ചിന്തയാണ് മുനീറിൽനിന്നുണ്ടാവുന്ന ഇത്തരം പ്രസ്താവനകൾ ജനമനസ്സുകളിൽ നിറക്കുന്നത്.