ലണ്ടൻ: പാശ്ചാത്യ രാജ്യങ്ങൾ നക്കാപ്പിച്ചക്കായി വലിച്ചെറിയുന്ന പണം ഇന്ത്യക്ക് ആവശ്യം ഉണ്ടോ? ഒരിക്കലും ഇല്ല. ഇന്ത്യയുടെ വിഭവങ്ങൾ വേണ്ട വിധം ഉപയോഗിച്ചാൽ ഈ രാജ്യത്തെ പട്ടിണി മാറ്റാൻ ആരുടെയും ഔദാര്യം നമുക്കില്ല. എന്നിട്ടും പാവപ്പെട്ട രാജ്യങ്ങളെ സഹായിക്കാനുള്ള പദ്ധതിയിൽ പെടുത്തി ബ്രിട്ടണും അമേരിക്കയും ഒക്കെ ഇന്ത്യയെ വർഷം തോറും സഹായിക്കുന്നുണ്ട്. മംഗളയാന്റെ പേരും പറഞ്ഞും ആണവ ശക്തിയുടെ പേരു പറഞ്ഞും ഒക്കെ അവിടങ്ങളിലെ മാദ്ധ്യമങ്ങളിൽ അവസരം കിട്ടുമ്പോഴും ഒക്കെ നമ്മളെ ആക്ഷേപിക്കുന്നതും പതിവാണ്.

ബ്രിട്ടണിലെ ഇടക്കാല ബഡ്ജറ്റിൽ വിദേശ രാജ്യങ്ങളെ സഹായിക്കുന്ന ഫണ്ടിന്റെ വിശദാംശങ്ങൾ പുറത്ത് വന്നപ്പോൾ ആണ് ഇന്ത്യയെ വീണ്ടും വിമർശിച്ചു തുടങ്ങിയത്. ഇന്ത്യ ആവശ്യപ്പെടാതെ തന്നെ ഒരുതരം കൈക്കൂലി നൽകുന്നതാണ് ഈ വിദേശ ഫണ്ട്. ഇന്ത്യയുമായുള്ള ഡീലുകൾക്ക് ബ്രിട്ടൺ നൽകുന്ന കൈക്കൂലി ആണ് എന്ന സത്യം മറന്നു വച്ചാണ് അവിടുത്തെ മാദ്ധ്യമങ്ങൾ ഇന്ത്യയെ അധിക്ഷേപിക്കാൻ ഇറങ്ങിയിരിക്കുന്നത്. സ്‌പേയ്‌സിൽ വരെ പോയ ഇന്ത്യക്ക് എന്തിന് സഹായം എന്ന നിലയിലാണ് ഇപ്പോൾ പ്രചാരണം പോവുന്നത്.

ബ്രിട്ടണിൽ മുൻപ് വലിയ വിമർശനം ഉണ്ടായപ്പോൾ നിങ്ങളുടെ പീനട്ടുമായി ഓടിക്കോ എന്ന് അന്നത്തെ ധനകാര്യ മന്ത്രിയായിരുന്ന പ്രണബ് മുഖർജി പറഞ്ഞതാണ്. അന്ന് കാലിൽ പിടിച്ചാണ് ബ്രിട്ടൻ ഇത് തുടർന്നത്. മന്മോഹൻ സിങ് സർക്കാരിന് ആവട്ടെ ഒരു പാശ്ചാത്യ ശക്തിയോടും മുഖത്ത് നോക്കി നോ പറയാൻ കെൽപ്പുമില്ലായിരുന്നു. ശക്തനാണെന്ന് അവകാശപ്പെടുന്ന മോദിക്ക് അത് സാധിക്കണം. ഇന്ത്യയെ ഇത്രമേൽ അധിക്ഷേപിക്കുന്ന ഈ വിദേശ സഹായം വേണ്ടന്ന് പറയാനും അതിനേക്കാൾ കൂടുതൽ പണം അങ്ങോട്ട് വേണമെങ്കിൽ തരാമെന്ന് പറയാനും ഇന്ത്യക്ക് കഴിയണം. അതിനുള്ള സമയം അതിക്രമിച്ചിരിക്കുകയാണ് ഇപ്പോൾ.

ബ്രിട്ടണിലെ നികുതി ദായകരുടെ പണം കൊണ്ട് ഇന്ത്യ കൊഴുക്കുന്നു എന്ന തരത്തിലാണ് ബ്രിട്ടീഷ് മാദ്ധ്യമങ്ങളിൽ ഇപ്പോൾ വാർത്തകൾ വന്നുകൊണ്ടിരിക്കുന്നത്. ഒട്ടേറെ ബഹിരാകാശ പരീക്ഷണങ്ങളും ന്യൂക്ലിയർ പ്രൊജക്ടുകളും മറ്റും നടത്തുന്ന ഇന്ത്യ വേണ്ടുവോളം മാനവവിഭവ ശേഷിയും കൈവരിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ള മികച്ച സാങ്കേതിക വിദഗ്ധരെയാണ് വികസിത രാജ്യങ്ങൾ മുൻഗണന നൽകി നിയമിക്കുന്നതും. ഇത്രയേറെ മുന്നേറിയിരിക്കുന്ന ഇന്ത്യ ഇനിയും സാമ്പത്തികാവശ്യങ്ങൾക്ക് ബ്രിട്ടൺ പോലെയുള്ള രാജ്യങ്ങളുടെ മുന്നിൽ കൈനീട്ടുന്നത് ഇന്ത്യൻ ജനതയ്ക്കു തന്നെ നാണക്കേടാണ്.

മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇന്ത്യയ്ക്ക് ബ്രിട്ടൻ നൽകുന്ന സാമ്പത്തിക സഹായം 11 മില്യൺ പൗണ്ട് കൂടി വർധിച്ചതാണ് ബ്രിട്ടീഷ് സാമ്പത്തിക വിദഗ്ധരെ പോലും അമ്പരിപ്പിച്ചിരിക്കുന്നത്. ബ്രിട്ടീഷ് നികുതിദായകരുടെ പണം ഇന്ത്യയിലേക്ക് ഒഴുകുന്നത് ന്യായീകരിക്കാൻ സാധിക്കുന്നില്ലെന്നും വികസനത്തിന്റെ കാര്യത്തിൽ ഏറെ മുന്നോട്ടു പോയിരിക്കുന്ന ഇന്ത്യയ്ക്ക് ഇനി തങ്ങളുടെ നക്കാപ്പിച്ച കാശ് എന്തിനാണെന്നും മറ്റുമാണ് ബ്രിട്ടണിലുള്ളവർ ചോദിക്കുന്നത്. തങ്ങൾ അധ്വാനിച്ചുണ്ടാക്കുന്ന പണം തങ്ങളുടെ നാട്ടിൽ വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാതെ സാങ്കേതിക വിദ്യയിലും മറ്റും റോക്കറ്റ് വേഗത്തിൽ കുതിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യക്ക് കൊടുക്കുന്നതിന്റെ ന്യായമാണ് ഇപ്പോൾ ബ്രിട്ടീഷ് മാദ്ധ്യമങ്ങളിൽ ചർച്ച.

ഇന്ത്യയ്ക്കുള്ള സാമ്പത്തിക സഹായം വെട്ടിച്ചുരുക്കണമെന്നുള്ള നിരവധി എംപിമാരുടെ ആവശ്യങ്ങൾ അവഗണിച്ച് വർഷം തോറും സംഭാവന ചെയ്യുന്ന തുകയുടെ തോത് വർധിക്കുന്നത് ഇവിടെയുള്ള നികുതി ദായകരെ ചൊടിപ്പിച്ചിരിക്കുകയാണ്. ശതകോടീശ്വരന്മാർ ഏറെയുള്ള ഇന്ത്യ് മറ്റുള്ളവരുടെ മുമ്പിൽ കൈനീട്ടുന്നത് എന്തിനാണെന്ന് വിദേശീയരും ചോദിച്ചു തുടങ്ങി. ഇന്ത്യയ്ക്കുള്ള ബ്രിട്ടീഷ് ധനസഹായം 2013-ൽ 268 മില്യൺ പൗണ്ട് ആയിരുന്നത് 2014-ൽ 279 മില്യൺ പൗണ്ടായിട്ടാണ് വർധിച്ചത്. അടിക്കടി വർധിപ്പിച്ചുകൊണ്ടേയിരിക്കുന്ന ബ്രിട്ടീഷ് ധനസഹായം ഇനിയെങ്കിലും കുറച്ചുകൂടെ എന്ന് സഹികെട്ട മാദ്ധ്യമങ്ങളും ചോദിച്ചു തുടങ്ങുമ്പോൾ അത് ഇന്ത്യയ്ക്കു മേൽ എത്ര അപമാനകരമാണെന്ന് ആലോചിക്കുക.

ആകാശം മുട്ടെ ഉയരുന്ന ഇന്ത്യയുടെ വിജയഗാഥകൾ ഒരു വശത്ത് കേൾക്കുമ്പോൾ മറു വശത്ത് പണത്തിനായി വിദേശരാജ്യങ്ങളുടെ മുന്നിൽ കൈനീട്ടുന്ന ദരിദ്രരാഷ്ട്രം എന്നുള്ള പ്രതിഛായ ഇന്ത്യയ്ക്ക ഒട്ടും ഇണങ്ങുന്നതുമല്ല. അഭിമാനമുള്ള ഇന്ത്യക്കാരുടെ നേർക്ക് കൊഞ്ഞനം കുത്തി കാണിക്കുന്ന ബ്രിട്ടീഷ് മാദ്ധ്യമങ്ങളുടെ ഹുങ്കിനെ നേരെ ഇന്ത്യ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണിപ്പോൾ. പള്ളു പറഞ്ഞ് വലിച്ചെറിയുന്ന ഇത്തരം പിച്ചക്കാശുകൾ വേണ്ടെന്നു വയ്ക്കാനുള്ള ധൈര്യമാണ് ഇന്ത്യൻ ഭരണാധികാരികൾ ഇനിയും കാണിക്കേണ്ടത്. പ്രണബ് മുഖർജി പറഞ്ഞതു പോലെ വികസനപാതയിൽ ശരവേഗത്തിൽ കുതിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയ്ക്ക് യുകെ പോലെുള്ള രാജ്യങ്ങളുടെ പീനട്ടുകൾ ഇനിയും ആവശ്യമില്ല. ദരിദ്രരാഷ്ട്രങ്ങളെ സഹായിക്കാനുള്ള ബ്രിട്ടന്റെ  ഫണ്ട് പ്രോഗ്രാമിൽ ഇനി ഇന്ത്യയുടെ പേരും പോലും കാണരുതെന്നാണ് ഏതൊരു ഇന്ത്യക്കാരന്റെയും ആഗ്രഹവും.