തിരുവനന്തപുരം: ഭക്ഷ്യവസ്തുക്കളിൽ മായം കലർത്തുന്നതിനും കീടനാശിനികൾ ഉപയോഗിക്കുന്നതിനുമെതിരെ കർശന നടപടി സ്വീകരിച്ച ഭക്ഷ്യസുരക്ഷ കമ്മീഷണർ ടി വി അനുപമയോടു പ്രതികാരം ചെയ്യാൻ കീടനാശിനി കമ്പനികൾ. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിച്ച പച്ചക്കറികളിൽ കീടനാശിനി കണ്ടെത്തിയിട്ടില്ലെന്നാണു ക്രോപ്പ്കെയർ ഫൗണ്ടേഷന്റെ വാദം.

എന്നാൽ, ഈ നീക്കം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ളതാണെന്ന് അനുപമ പറഞ്ഞു. ഭീഷണിപ്പെടുത്തിയതുകൊണ്ടു തന്റെ നടപടികളിൽ നിന്നു പിന്മാറില്ലെന്നും അനുപമ മറുനാടൻ മലയാളിയോടു പറഞ്ഞു.

തമിഴ്‌നാട്ടിൽ നിന്നുകൊണ്ടുവരുന്ന പച്ചക്കറികളിലും പഴങ്ങളിലും കീടനാശിനി വിഷാംശമുണ്ടെന്ന സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മിഷണറുടെ ആരോപണം ശരിയല്ലെന്നാണു കീടനാശിനി കമ്പനികളുടെ കൂട്ടായ്മയായ ക്രോപ്പ് കെയർ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ വാദിക്കുന്നത്. എന്നാൽ, തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ക്രോപ്പ് കെയർ ഫൗണ്ടേഷൻ ഇത്തരമൊരു വിശദീകരണവുമായി മുന്നോട്ടുവന്നിരിക്കുന്നതെന്ന് കമ്മിഷണർ ടി.വി. അനുപമ മറുനാടൻ മലയാളിയോട് പറഞ്ഞു. ഭക്ഷ്യ സുരക്ഷയുടെ കാര്യത്തിൽ അനുപമ സ്വീകരിച്ചുവന്നിട്ടുള്ള നിലപാടുകൾക്ക് വലിയ സ്വീകാര്യതയും അഭിനന്ദനവും ലഭിക്കുന്നതിനിടെയാണു കമ്മീഷണറുടെ നിലപാടുകൾക്കെതിരായ വാദം ക്രോപ്‌കെയർ ഫൗണ്ടേഷൻ ഉയർത്തുന്നത്.

ഫൗണ്ടേഷന്റെ വാദം ഇങ്ങനെയാണ്: 'പച്ചക്കറികളുടേയും പഴങ്ങളുടേയും സാമ്പിൾ പരിശോധിച്ച കേരള ഭക്ഷ്യസുരക്ഷാ അഥോറിറ്റി, കീടനാശിനികളുടെ അംശമില്ല എന്നാണ് വിവരാവകാശ രേഖയിൽ പറഞ്ഞിട്ടുള്ളത്. കമ്മിഷണറും അവരുടെ സഹായികളും മുമ്പ് ഉന്നയിച്ച ആരോപണങ്ങൾക്കു വിരുദ്ധമാണ് അവരുടെ ഓഫീസിൽ നിന്നുതന്നെ വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖ. 2014 ഏപ്രിൽ മുതൽ 2016 ജനവരി വരെ കേരള ഭക്ഷ്യസുരക്ഷാ അഥോറിറ്റി 233 സാമ്പിളുകൾ പരിശോധിച്ചെന്നും അവയിലൊന്നും ഏതെങ്കിലും കീടനാശിനികളുടെ അംശം അനുവദനീയമായതിനേക്കാൾ കൂടുതൽ കണ്ടെത്താനായിട്ടില്ലെന്നും രേഖകളിൽ കാണുന്നു. ഇത്തരത്തിൽ അടിസ്ഥാനരഹിതമായ ആരോപണമുന്നയിക്കുകയും ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തതു വഴി സർക്കാർ ഓഫീസർക്ക് നിശ്ചയിച്ചിട്ടുള്ള പെരുമാറ്റച്ചട്ടം കമ്മിഷണർ ലംഘിക്കുകയാണ് ചെയ്തത്. കീടനാശിനി വിഷാംശം പരിധിയിലും കൂടുതലുണ്ടെന്ന തന്റെ ആരോപണം തെളിയിക്കാൻ കമ്മിഷണറോട് ആവശ്യപ്പെട്ടിരുന്നു. അതിനു തയ്യാറാകാത്തതുകൊണ്ടാണ് വിവരാവകാശ നിയമം വഴി വിവരങ്ങൾ തേടിയത്.' ഇങ്ങനെ പോകുന്നു ഇവരുടെ വാദങ്ങൾ.

കേരള ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലബോറട്ടറിയിൽ പരിശോധിച്ചതിന്റെ രേഖയാണ് ഫൗണ്ടേഷന്റെ കൈയിലുള്ളത്. ഈ ലബോറട്ടറികളിൽ പച്ചക്കറിയിലേയും പഴങ്ങളിലേയും കീടനാശിനി വിഷാംശം പരിശോധിക്കാനുള്ള സംവിധാനമില്ലെന്നാണ് ഫുഡ് സേഫ്റ്റി കമ്മീഷണർ പറയുന്നത്. സംവിധാനമില്ലാത്തിടത്ത് പരിശോധിച്ചതിന്റെ റിപ്പോർട്ടിന് എന്തു സാധുതയാണുള്ളതെന്നും ടി വി അനുപമ ചോദിക്കുന്നു.

വിവരാവകാശ രേഖയിലുള്ള കാക്കനാട് ലാബിലെ ഫലത്തിൽ വ്യക്തമായി പറയുന്നുണ്ട്, കീടനാശിനി വിഷം കണ്ടെത്താൻ അവിടത്തെ സംവിധാനത്തിൽ കഴിയില്ലെന്ന്. കീടനാശിനി വിഷാംശം സൂക്ഷ്മമായി പരിശോധിക്കുന്നത് വെള്ളായണിയിലെ കാർഷിക സർവകലാശാലയുടെ ലബോറട്ടറിയിലാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരുന്ന ഉൽപന്നങ്ങളിൽ കീടനാശിനി വിഷാംശം രൂക്ഷമാണെന്ന് അവരുടെ റിപ്പോർട്ടുണ്ട്. കീടനാശിനി വിഷാംശവും മറ്റും സൂക്ഷ്മമായി മനസ്സിലാക്കാനുള്ള സംവിധാനം ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ തിരുവനന്തപുരം, കാക്കനാട് ലബോറട്ടറികളിൽ ആരംഭിച്ചത് ഈ വർഷം ജനുവരിക്കു ശേഷമാണ്. ആയിരത്തോളം സാമ്പിൾ പ്രതിവർഷം സർവകലാശാല പരിശോധിക്കുമ്പോൾ, പരിശോധനാ സംവിധാനമില്ലാത്തിടത്ത് 200 സാമ്പിൾ പരിശോധിച്ചതിന്റെ രേഖയുമായി വരുന്ന ഫൗണ്ടേഷന്റെ പ്രസ്താവന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അവർ മറുനാടൻ മലയാളിയോട് പറഞ്ഞു.

കാർഷിക കോളേജിലെ അതേ സംവിധാനമുള്ള ജിസിഎംഎസ്എംഎസ് യന്ത്രമാണ് ഇപ്പോൾ ഭക്ഷ്യ സുരക്ഷാ വകുപ്പ് വാങ്ങിയിരിക്കുന്നത്. ഇതുടൻ തന്നെ പ്രവർത്തനക്ഷമമാകുമെന്നും അവർ പറഞ്ഞു. കാർഷിക കോളേജിൽ സാമ്പിളുകൾ അയക്കുന്നതിന് വലിയ സാമ്പത്തിക ചെലവാണുള്ളത്. ഒരു സാമ്പിളിനു 8000 രൂപയോളം ചെലവാണുണ്ടായിരുന്നത്. ഇത് ഒഴിവാക്കുന്നതിനും കൂടുതൽ സാമ്പിളുകൾ സ്വന്തം നിലയ്ക്ക് പരിശോധിക്കുന്നതിനായാണ് പുതിയ ഉപകരണങ്ങൾ വാങ്ങിയത്. ഫൗണ്ടേഷൻ ഇപ്പോൾ പറയുന്നത് തിൻ ലെയർ ക്രോമാറ്റോഗ്രഫി സംവിധാനമുപയോഗിച്ച് പരിശോധിച്ചവയെകുറിച്ചാണ്. വലിയ അളവിൽ കീടനാശിനിയുടെ അംശം കണ്ടാൽ മാത്രമെ അത് ഭക്ഷ്യ യോഗ്യമല്ലെന്ന് ഈ സംവിധാനമുപയോഗിച്ചുള്ള പരിശോധനയിൽ തെളിയുകയുള്ളു. ഇത്തരം തെറ്റിദ്ധാരണകൾ പടരുന്നത് ദോഷകരമായ ഫലം മാത്രമെ നൽകുകയുള്ളുവെന്നും അനുപമ പറഞ്ഞു.