തിരുവനന്തപുരം: കേരളം 140 വോട്ട്.. അതിൽ ഒന്ന് ദ്രൗപതി മുർമുവിന്. അതായത് കേരളവും ബിജെപി സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തു. തീർത്തും അപ്രതീക്ഷിതം. അങ്ങനെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും ദ്രൗപതി മുർമുവിന് വോട്ട് കിട്ടി. തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തു വിട്ട കണക്കുകളാണ് ഇക്കാര്യം പറയുന്നത്. രഹസ്യ ബാലറ്റിലാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വോട്ട്. അതുകൊണ്ടു തന്നെ ആരാണ് മുർമുവിന് വോട്ട് ചെയ്തതെന്ന് കണ്ടെത്തുക അസാധ്യമാണ്. കേരളത്തിലും 'ഓപ്പറേഷൻ ലോട്ടസ്' അങ്ങനെ ലക്ഷ്യം കാണുകയാണ്.

കേരളത്തിലെ എംഎൽഎമാർക്ക് 152 ആയിരുന്നു വോട്ടിന്റെ മൂല്യം. ഇതിൽ മുർമുവിന് 152 വോട്ടിന്റ മൂല്യം കിട്ടി. അതായത് ഒരു വോട്ട്. യശ്വന്ത് സിൻഹയ്ക്ക് 139 വോട്ടും 21128 മൂല്യവും. കേരളത്തിൽ നിന്നാണ് മുർമുവിന് ഏറ്റവും കുറവ് വോട്ട് കിട്ടിയത്. അതു കഴിഞ്ഞാൽ തെലുങ്കാന. തെലുങ്കാനയിൽ നിന്ന് മൂന്ന് വോട്ട് മാത്രമാണ് ബിജെപിയുടെ സ്ഥാനാർത്ഥിക്ക് കിട്ടിയത്. പഞ്ചാബിലും ഡൽഹിയിലും എട്ട് വോട്ടുകളും കിട്ടി. കേരളത്തിൽ ആരും വോട്ട് ചെയ്യില്ലെന്നായിരുന്നു ഏവരുടേയും പ്രതീക്ഷ. എന്നാൽ ഇത് ബിജെപി നേതൃത്വം സമർത്ഥമായ ഇടപെടലിലൂടെ അട്ടിമറിച്ചുവെന്ന് വേണം വിലയിരുത്താൻ. ആരാണ് ക്രോസ് വോട്ട് വില്ലൻ എന്നത് കണ്ടെത്താനാകില്ലെന്നത് കേരളത്തിലെ മുന്നണികൾക്കും ആശ്വാസമാകും.

എല്ലാ സംസ്ഥാനങ്ങളിൽ നിന്നും പ്രസിഡന്റിന് വോട്ടുണ്ടാകണമെന്ന് ബിജെപി ആഗ്രഹിച്ചിരുന്നു. അതിന് തടസ്സമായി നിന്നത് കേരളമാണ്. അങ്ങനെ ഓപ്പറേഷൻ ലോട്ടസ് അതീവ രഹസ്യമാക്കി നടത്തി. അത് വിജയത്തിലെത്തിയതന്റെ സൂചനയാണ് ഒരു വോട്ട്. ഈ ക്രോസ് വോട്ട് ചെയ്ത ആളിനെ കണ്ടെത്താൻ കഴിയില്ല. അതുകൊണ്ട് തന്നെ ഭരണ-പ്രതിപക്ഷം കേരളത്തിൽ ഈ വോട്ടിനെ പറ്റി തർക്കിക്കും. ബിജെപിക്ക് ആശ്വാസമാകുകയും ചെയ്യും. 140 അംഗ നിയമസഭയിൽ ബിജെപിക്ക് അംഗമൊന്നുമില്ല. അതുകൊണ്ട് തന്നെ ആരും വോട്ട് പ്രതീക്ഷിച്ചില്ല. ഇടതു വലതു മുന്നണിയുടെ ഭാഗമായി ജയിച്ചെത്തിയവരാണ് 140 പേരും. അതുകൊണ്ട് തന്നെ പാർട്ടിയുടേയും മുന്നണിയുടേയും തീരുമാനത്തെ ആരോ അട്ടിമറിച്ചു. അതാണ് ദ്രൗപതിക്ക് വോട്ട് കേരളത്തിൽ നിന്ന് കിട്ടാൻ കാരണം.

യുപിയിൽ നിന്നൊരു എംഎൽഎ കേരളത്തിലാണ് വോട്ട് ചെയ്തത്. എന്നാൽ ആ എംഎൽഎയുടെ വോട്ടല്ല കേരളത്തിന്റെ പേരിൽ ദ്രൗപതി മുർമുവിന് കമ്മീഷൻ നൽകുന്നത്. കേരളത്തിലെ എംഎൽഎയാണ് വോട്ട് ചെയ്തതെന്ന് വ്യക്തമായി കഴിഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ടാണ് കേരളത്തിൽ നിന്ന് വോട്ടുറപ്പിച്ചതെന്നും സൂചനയുണ്ട്. ഏതായാലും കേരളത്തിലെ ബിജെപിക്ക് പുതു ആവേശമാണ് ഈ വോട്ട്. അത് അജ്ഞാതമായി തന്നെ തുടരും. എന്നാലും കേരളത്തിൽ മുർമുവിന് വോട്ട് കിട്ടിയത് ദേശീയ തലത്തിൽ തന്നെ ബിജെപി ചർച്ചയാക്കും. 140 അംഗ നിയമസഭയിൽ 139 അംഗങ്ങളുടെ പിന്തുണയാണ് യശ്വന്ത് സിൻഹയ്ക്ക് ലഭിച്ചത്. എൻ ഡി എ സ്ഥാനാർത്ഥിയായ ദ്രൗപദി മുർമ്മുവിന് സംസ്ഥാനത്തെ ഒരു എം എൽ എ വോട്ട് നൽകിയെന്നാണ് വ്യക്തമാകുന്നത്.

ഒഡീഷയിലെ ആദിവാസി വിഭാഗത്തിൽ നിന്നുള്ള ദ്രൗപദി മുർമുവാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വിജയിച്ചത്. മുർമ്മു സ്വതന്ത്ര ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയാവും. രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മൂന്നാം റൗണ്ടിലേക്ക് കടന്നപ്പോൾ തന്നെ ജയിക്കാൻ വേണ്ട മിനിമം വോട്ടുകൾ ദ്രൗപദി മുർമു നേടിയിരുന്നു. ആകെ 4025 എംഎൽഎമാർക്കും 771 എംപിമാർക്കുമാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുണ്ടായിരുന്നത്. ഇതിൽ 99 ശതമാനം പേർ വോട്ടു ചെയ്തു. കേരളം ഉൾപ്പടെ പന്ത്രണ്ട് സംസ്ഥാനങ്ങളിലെ എല്ലാം എംഎൽഎമാരും വോട്ടു രേഖപ്പെടുത്തി. വോട്ടെടുപ്പിന് മുൻപേ തന്നെ എൻഡിഎ സ്ഥാനാർത്ഥി ദ്രൗപദി മുർമുവിന്റെ വിജയം എൻഡിഎ ഉറപ്പിച്ചിരുന്നു. ചില സംസ്ഥാനങ്ങളിൽ വോട്ടുചോർച്ച ഉണ്ടായെന്ന റിപ്പോർട്ടുകളെ തുടർന്ന് പ്രതിപക്ഷത്ത് ആശങ്ക ദൃശ്യമായിരുന്നു. ആ ആശങ്ക ശരിയാണെന്ന് തെളിയിക്കുന്ന തരത്തിലുള്ള ഫലമാണ് ഒടുവിൽ പുറത്തു വരുന്നതും.

പ്രതിപക്ഷ പൊതുസ്ഥാനാർത്ഥി യശ്വന്ത് സിൻഹയെ വൻഭൂരിപക്ഷത്തിൽ പിന്നിലാക്കിയാണ് രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി തിരഞ്ഞെടുക്കപ്പെട്ടത്. 4754 വോട്ടുകളാണ് പോൾ ചെയ്തത്. ഇതിൽ 53 എണ്ണം അസാധുവായി. 5,28,491 വോട്ടുമൂല്യമാണ് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെടാൻ വേണ്ടത്. എന്നാൽ ദ്രൗപദിക്ക് 6,76,803 വോട്ടുമൂല്യം നേടാനായി. 2,824 ഫസ്റ്റ് പ്രിഫറൻസ് വോട്ടുകളാണ് അവർക്ക് ലഭിച്ചതെന്ന് വോട്ടെണ്ണലിന് ശേഷം രാജ്യസഭാ സെക്രട്ടറി അറിയിച്ചു. പ്രതിപക്ഷ പൊതുസ്ഥാനാർത്ഥി യശ്വന്ത് സിൻഹയ്ക്ക് 1,877 ഫസ്റ്റ് പ്രിഫറൻസ് വോട്ടുകളാണ് ലഭിച്ചത്. 3,80,177 വോട്ടുമൂല്യമാണ് അദ്ദേഹത്തിന് നേടാനായത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് തുടങ്ങിയവർ ദ്രൗപദിയെ അഭിനന്ദിച്ചു. പ്രധാനമന്ത്രി നേരിട്ടെത്തിയാണ് അഭിനന്ദനം അറിയിച്ചത്. ബിജെപി. ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയും മോദിക്കൊപ്പമുണ്ടായിരുന്നു. ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിലെ റായ്‌രംഗ്പുരിയിൽനിന്നുള്ള സന്താൾ ഗോത്രവംശജയായ ദ്രൗപദിയുടെ വിജയം ഇന്ത്യയ്ക്ക് ചരിത്രനിമിഷം കൂടിയാണ്. രാഷ്ട്രപതിപദത്തിലെത്തുന്ന രണ്ടാമത്തെ വനിതയും ആദ്യത്തെ ഗോത്രവംശജയുമാണ് അവർ. എൻ.ഡി.എ. സ്ഥാനാർത്ഥിയായിരുന്ന ദ്രൗപദിക്ക് മറ്റ് ചില പാർട്ടികളുടെയും പിന്തുണ ലഭിച്ചിരുന്നു.

എംപിമാരും എംഎ‍ൽഎമാരും അടങ്ങിയ ഇലക്ടറൽ കോളേജാണ് രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. വോട്ടെണ്ണലിന്റെ ഘട്ടങ്ങളിലെല്ലാം ദ്രൗപദിക്ക് തന്നെയായിരുന്നു ആധിപത്യം. എംപിമാർ പച്ചനിറത്തിലുള്ള ബാലറ്റ് പേപ്പറിലും നിയമസഭാംഗങ്ങൾ പിങ്ക് നിറത്തിലുള്ള ബാലറ്റ് പേപ്പറിലുമാണ് വോട്ട് രേഖപ്പെടുത്തിയിരുന്നത്. നിലവിലെ രാംനാഥ് കോവിന്ദിന്റെ കാലാവധി ജൂലൈ 24-ന് അവസാനിക്കും.