- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാട്ടിൽ വീടിന്റെ കുറ്റിയടിക്കൽ കർമത്തിൽ പങ്കെടുക്കാൻ അവധി അപേക്ഷ നൽകിയപ്പോൾ വല്ലാതെ ആശിച്ചു; തിരഞ്ഞെടുപ്പ് ഡ്യൂട്ടി കാരണം ലീവ് കിട്ടാത്തതിൽ മനോവിഷമം ഒന്നും വീട്ടുകാരോട് പങ്കുവച്ചുമില്ല; യുപിയിൽ സിആർപിഎഫ് ജവാന്റെ ആത്മഹത്യയിൽ ഞെട്ടൽ മാറാതെ വീട്ടുകാർ
കണ്ണൂർ : അവധി കിട്ടാത്തതിന്റെ വിഷമത്തിൽ, യുപിയിൽ സിആർപിഎഫ് ജവാൻ ജീവനൊടുക്കിയത് കണ്ണൂരിലുള്ള വീട്ടുകാരെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെയാണ് മലയാളി ജവാൻ ആത്മഹത്യ ചെയ്തത്. കണ്ണൂർ സൗത്ത് ബസാർ ഗോകുൽ സ്ട്രീറ്റിൽ എം.എൻ വിപിൻദാസ്(38)ആണ് സ്വയം വെടിവച്ച് മരിച്ചത്. ഡ്യൂട്ടി ആവശ്യങ്ങൾക്കുള്ള തോക്കുപയോഗിച്ചാണ് വെടിവച്ചത്.
കണ്ണൂർ തേക്കിയിലെ ദാസന്റെ മകനാണ് വിപിൻ. കീർത്തനയാണ് ഭാര്യ. ഒരു മകനുമുണ്ട്. വിപിനിന്റെ മരണം അറിഞ്ഞ ഞെട്ടലിലാണ് വീട്ടുകാർ. അവർക്ക് അറിയാവുന്നിടത്തോളം വിപിൻ ആത്മഹത്യ ചെയ്യാൻ സാധ്യതയില്ല. കഴിഞ്ഞ ദിവസങ്ങളിൽ അടക്കം വിപിൻ സോഷ്യൽ മീഡിയയിൽ സജീവമായി സ്റ്റാറ്റസുകൾ ഇട്ടിരുന്നു. ആ സ്റ്റാറ്റസുകളിൽ നിന്ന് കാര്യമായി അദ്ദേഹത്തിന് വിഷമം ഉള്ളതായി വീട്ടുകാർ മനസ്സിലാക്കുന്നുമില്ല. വളരെ സന്തോഷം തോന്നുന്ന രീതിയിലുള്ള സ്റ്റാറ്റസുകൾ ആണ് വിപിൻ സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്തിട്ടുണ്ടായിരുന്നത്. എന്നാൽ കൃത്യമായ കാര്യങ്ങൾ അറിയാതെ മാധ്യമങ്ങളിൽ പ്രതികരണം നടത്താൻ തയ്യാറല്ല വീട്ടുകാർ.
മൃതദേഹം നാളെ ഉച്ചയോടു കൂടി വീട്ടിലേക്ക് എത്തും എന്നാണ് ഇപ്പോൾ ലഭിച്ചിട്ടുള്ള വിവരം. ഇൻസാസ് റൈഫിൾ ഉപയോഗിച്ച് വെടി ഉതിർത്ത് ഇന്നലെ രാത്രി 9:35ന് മരിക്കുകയായിരുന്നു. വീട്ടിൽ ഇന്നു രാവിലെ മാത്രമാണ് വിപിന്റെ മരണ വിവരം അറിയിച്ചിട്ടുള്ളത്.
വീടിന്റെ കുറ്റിയിടൽ ആയതിനാൽ മേലുദ്യോഗസ്ഥരോട് അടുത്ത ലീവിനായി അപേക്ഷിച്ചിരുന്നു പക്ഷെ ലീവ് നൽകാതെ അപമാനിച്ചു വിടുകയും ഇലക്ഷൻ ഡ്യൂട്ടിക്ക് നിയമിക്കുകയും ചെയ്തു. ഇതിൽ അതിയായ വിഷമം ഉള്ളതായി കൂടെ ജോലി ചെയ്യുന്ന മറ്റു പട്ടാളക്കാരോട് പറഞ്ഞിരുന്നുവെന്നാണ് സൂചന.
ഡ്യൂട്ടി ചെയ്യുന്നതിനിടെ രാത്രി 9 30ന് ശേഷം ശബ്ദം കേൾക്കുകയായിരുന്നു. ഡ്യൂട്ടിക്ക് നിന്നിരുന്ന എസ് ആർ ബി സ് സ്‌കൂളിന്റെ മൂന്നാം നിലയിൽ നിന്നാണ് ആത്മഹത്യ നടന്നത് എന്നാണ് പറയപ്പെടുന്നത്. പതിമൂന്നിന് കുറ്റിയിടൽ നടത്താൻ തീരുമാനിച്ചിട്ടുണ്ട് എന്നും അവധിയെടുക്കാൻ പറ്റുമോ എന്ന് വിപിനോട് വീട്ടുകാർ ചോദിച്ചിരുന്നു. പക്ഷേ അവധി ലഭിക്കാത്തതിന്റെ സങ്കടം ഒന്നും വീട്ടുകാരുമായി പങ്കുവെച്ചിരുന്നില്ല.
വലത്തെ നെറ്റിയിൽ ആണ് വെടിയേറ്റിട്ടുള്ളത്. വെടി കൊണ്ട തൽസമയം തന്നെ മരണപ്പെടുകയായിരുന്നു എന്നുള്ള വിവരമാണ് വീട്ടിൽ ലഭിച്ചിട്ടുള്ളത്. 16 വർഷമായി സർവീസിൽ തുടർന്ന് വ്യക്തിയാണ് വിപിൻദാസ്.