മുംബൈ: യുക്രൈനിൽ യുദ്ധം കൊടുമ്പിരി കൊള്ളുമ്പോൾ ക്രൂഡ് ഓയിൽ വിലയിലും വൻ കുതിപ്പ്. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 130 ഡോള്ളാണ് കടന്നിരിക്കുന്നത്. 13 വർഷത്തെ ഏറ്റവും ഉയർന്ന വിലയാണിത്. ബ്രന്റ് ക്രൂഡ് ഓയിലിന് ബാരലിന് 11.18 ഡോളർ ഉയർന്ന് 129.3 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 9.47 ശതമാനമാണിത്. ജനുവരി ഒന്നിന് ബാരലിന് 89 ഡോളറായിരുന്നു ക്രൂഡ് ഓയിലിന്റെ വില. ഫെബ്രുവരി 22നാണ് വില 100 ഡോളർ കടന്നത്.

അതേസമയം, ഇന്ത്യ വാങ്ങുന്ന ക്രൂഡ് ഓയിൽ ബാസ്‌കറ്റിന്റെ ഇന്നത്തെ വില ബാരലിന് 117.39 ഡോളർ ആണ്. 5.40 ഡോളർ വില കൂടി. 4.82 ശതമാനം വർധനവാണിത്. ഇന്ത്യയിൽ ഇന്ധന വില ഉയരാൻ സാധ്യതയുണ്ടെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. പെട്രോൾ വില ലിറ്ററിന് 22 രൂപ വരെ കൂടിയേക്കും. റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ധന വില ഉയർന്നത്. ഇന്ധന വില ഉയരുന്ന സാഹചര്യത്തിൽ രാജ്യത്തുണ്ടാകുന്ന പ്രതിസന്ധി മറികടക്കാൻ എണ്ണയുടെ എക്‌സൈസ് തീരുവ കുറക്കുന്ന കാര്യം കേന്ദ്ര സർക്കാറിന്റെ പരിഗണനയിലാണ്.

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് നികുതി കുറച്ച് കേന്ദ്ര സർക്കാർ എണ്ണ വില താഴ്‌ത്തിയത്. ഇന്ന് വോട്ടെടുപ്പ് പൂർത്തിയാകുന്നതോടെ ഇന്ധന വില വീണ്ടും എണ്ണ കമ്പനികൾ ഉയർത്തിയേക്കുമെന്നാണ് റിപ്പോർട്ട്. നവംബറിനു ശേഷം രാജ്യാന്തര വിപണിയിൽ എണ്ണവിലയിൽ 25 ശതമാനത്തോളമാണ് വർധിച്ചത്. ബാരലിന് 119 ഡോളറിലേക്കാണ് വില ഉയർന്നത്. 2012 മെയ് ഒന്നിനാണ് ഇതിനുമുമ്പ് എണ്ണവില 119 ഡോളർ കടന്നത്.

നിലവിലെ സാഹചര്യത്തിൽ ഇന്ധന വിലയിൽ കുറഞ്ഞത് 10 രൂപയുടെയെങ്കിലും വർദ്ധനവ് ഉണ്ടാകേണ്ടതാണെന്നാവ് വിദഗ്ദരുടെ വിലയിരുത്തൽ. നിയമസഭാ തിരഞ്ഞെടുപ്പ് തുടരുന്ന സാഹചര്യത്തിലാണ് കേന്ദ്രം കടും കൈയ്ക്ക് മുതിരാത്തതെന്നും വിദഗ്ദർ അഭിപ്രായപ്പെടുന്നു. എണ്ണവില കുതിച്ചതിനെ തുടർന്നു നികുതികൾ കുറയ്ക്കുന്ന കാര്യം ചർച്ച ചെയ്യാൻ കേന്ദ്രം യോഗം ചേർന്നിരുന്നു. ഒറ്റയടിക്ക് വില കൂടുന്നത് രാജ്യത്ത് നാണ്യപ്പെരുപ്പം അതിരൂക്ഷമാക്കുമെന്നും വിലക്കയറ്റം പിടിച്ചാൽ കിട്ടാതെ ഉയരുമെന്നും സാമ്പത്തിക വിദഗ്ദ്ധർ പറയുന്നുണ്ട്. അതുകൊണ്ട് ഘട്ടം ഘട്ടമായി വില ഉയർത്താനാകും കേന്ദ്രത്തിന്റെ നീക്കം. അതേസമയം രാജ്യത്തെ ഇന്ധനവിലയിൽ ഇന്ന് മാറ്റമില്ല.