ടിക്കടി വിലകുറയുകയാണെങ്കിലും ക്രിപ്‌റ്റോകറൻസിയുടെ മായികവലയത്തിലാണ് ലോകമിപ്പോഴും. ബിറ്റ്‌കോയിനടക്കമുള്ള ക്രിപ്‌റ്റോകറൻസികൾക്ക് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ഏർപ്പെടുത്തിയ വിലക്കാണ് അതിന്റെ മൂല്യം വൻതോതിൽ ഇടിയാനിടയാക്കിയത്. എന്നാൽ, ഈ വിലയിടിവൊന്നും ബാധിക്കുകയില്ലെന്ന വിശ്വാസത്തിലാണ് ക്രിപ്‌റ്റോകറൻസി നിക്ഷേപകർ. ആകർഷകമായ പരസ്യങ്ങളും പ്രലോഭിപ്പിക്കുന്ന വാഗ്ദാനങ്ങളും സങ്കൽപ്പ നാണയലോകത്തേക്ക് അനുദിനം അനേകം നിക്ഷേപകരെ ആകർഷിക്കുന്നു.

ലണ്ടനിലും മറ്റ് ലോക നഗരങ്ങളിലും നിക്ഷേപകർക്കായി ബിറ്റ്‌കോയിനിലും മറ്റും നിക്ഷേപിക്കുന്നതിന്റെ ഗുണഗണങ്ങൾ വിശദമാക്കുന്ന സെമിനാറുകളും സുലഭമായി നടക്കുന്നുണ്ട്. ചുരുങ്ങിയകാലംകൊണ്ട് സമ്പത്ത് പതിന്മടങ്ങ് വർധിപ്പിക്കുന്നതിന് ക്രിപ്‌റ്റോകറൻസി സഹായിക്കുമെന്ന് ഇവിടെയെത്തുന്ന നിക്ഷേപകരോട് സംഘാടകർ പറയുന്നു. കഴിഞ്ഞ ഒരുവർഷത്തിനിടെ ബിറ്റ്‌കോയിൻ കൈവരിച്ച മൂല്യം അതിന് തെളിവായി അവർ ചൂണ്ടിക്കാട്ടുന്നു. അടുത്തകാലത്തുവന്ന ഇടിവ് കാര്യമാക്കേണ്ടെന്നും അവർ ഉപദോശിക്കുന്നു.

പബ്ബുകളിലും ഫുട്‌ബോൾ സ്‌റ്റേഡിയങ്ങളിലുമൊക്കെ ക്രിപ്‌റ്റോ കറൻസിയെക്കുറിച്ചാണ് സംസാരം മുഴുവൻ. സിലിക്കോൺ വാലിയിലും ഓക്‌സ്ഫഡ്ഷയറിലും കൈയിൽ പണമുള്ളവരൊക്കെ ഈ നിക്ഷേപസാധ്യതകളെക്കുറിച്ച തലപുകയ്ക്കുന്നു. കഴിഞ്ഞ ഒരുവർഷത്തിനിടെ 900 ഡോളറിൽനിന്ന് 20,000 ഡോളർവരെ വില കുതിച്ചുയർന്ന ബിറ്റ്‌കോയിനെ ഒറ്റയടിക്ക് തഴയാൻ പലർക്കും മനസ്സുവരുന്നില്ല. ഡിസംബർ വരെ കത്തിജ്വലിച്ചുനിന്ന ബിറ്റ്‌കോയിൻ പിന്നീട് കത്തിയമരാൻ തുടങ്ങി. 6000 ഡോളർവരെ ഇടിഞ്ഞെങ്കിലും പതുക്കെതിരിച്ചുകയറി 8578 ഡോളറിലെത്തി നിൽക്കുകയാണിപ്പോൾ.

സാധാരണ നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ക്രിപ്‌റ്റോ കറൻസി ഒട്ടും സുരക്ഷിതമല്ലെന്ന് സാമ്പത്തിക രംഗത്തെ അടുത്ത് നിരീക്ഷിക്കുന്നവർ പറയുന്നു. കുറച്ചുപണം നഷ്ടപ്പെട്ടാലും കാര്യമായൊന്നും ബാധിക്കാനിടയില്ലാത്തവർക്ക് ഇതിൽ നിക്ഷേപം നടത്തുന്നതുകൊണ്ട് തെറ്റില്ല. എന്നാൽ, ആകെയുള്ള സമ്പാദ്യമാകെ പ്രലോഭനങ്ങളിൽ വശംവദരായി ക്രിപ്‌റ്റോകറൻസിയിൽ നിക്ഷേപിക്കുന്നത് ഒട്ടും സുരക്ഷിതമല്ല.

നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടില്ലാത്തതുകൊണ്ടുതന്നെ, ഇതിൽ നിക്ഷേപം നടത്തുന്നതിൽ പല രാജ്യങ്ങളിലും തടസ്സമില്ല. എന്നാൽ, ഒട്ടും നിയമവിധേയമല്ലാത്തതുകൊണ്ട് വിപണി തകർന്നാലുണ്ടാകുന്ന ഭവിഷ്യത്തുകൾക്കും ആർക്കും ഉത്തരവാദിത്തമുണ്ടാകില്ല. പണം നഷ്ടപ്പെട്ടാൽ, സ്വന്തം പിഴവിനെക്കുറിച്ചോർത്ത് ദുഃഖിക്കുകയല്ലാതെ മറ്റു മാർഗങ്ങളുണ്ടാവില്ലെന്ന് സാരം. പലരും വെളിച്ചത്തുകൊണ്ടാവരാൻ കഴിയാത്ത നിക്ഷേപങ്ങളാണ് ഇതിലേക്ക് മാറ്റുന്നതെന്നതിനാൽ, വിപണിയിലുണ്ടാകുന്ന ഏറ്റക്കുറച്ചിൽ നിക്ഷേപകരെ എങ്ങനെ ബാധിക്കുന്നുവെന്നത് പുറംലോകമറിയാതെ പോവുകയും ചെയ്യുന്നുണ്ട്.