ലണ്ടൻ: പിടിച്ചു നില്ക്കാൻ കഴിയാത്ത രീതിയിൽ കീഴോട്ട് പോവുകയാണ് ഡിജിറ്റൽ കറൻസി വിപണി. അടിസ്ഥാന വിലയായ 20,000 ഡോളറിലും താഴ്ന്ന് 17,592.78 ഡോളർ വരെ എത്തി നിൽക്കുകയാണ് ബിറ്റ്കോയിന്റെ വില.ഇതോടെ പ്രധാനപ്പെട്ട ഡിജിറ്റൽ കറൻസി നിക്ഷേപകർ എല്ലാം ആശങ്കയിലായി. ഡിസംബർ 2020 ന് ശേഷം ഇതാദ്യമായിട്ടാണ് ബിറ്റ്കോയിന്റെ വില 20,000 ഡോളറിലും താഴെയാകുന്നത്.

കുതിച്ചുയരുന്ന പണപ്പെരുപ്പവും അമേരിക്കയിൽ പലിശ നിരക്ക് ഉയർത്തിയതുമാണ് ഇപ്പോഴുണ്ടായ ഈ വൻ വീഴ്‌ച്ചക്ക് കാരണമായത് എന്ന് വിലയിരുത്തപ്പെടുന്നു. ബിറ്റ് കോയിന്റെ വില തകർന്നതോടെ അത്രയധികം വ്യാപകമല്ലാത്ത എത്രിയം പോലുള്ള ഡിജിറ്റൽ കറൻസികളുടെയും വില ഇടിയാൻ തുടങ്ങിയിട്ടുണ്ട്. രണ്ടാമത്തെ വലിയ ഡിജിറ്റൽ കറൻസിയായ എത്രിയം നേരത്തേ വൻ തോതിൽ വിലയിടിഞ്ഞതിനെ തുടർന്ന് 1,129 ഡോളറിൽ എത്തിയിരുന്നു. ഈ വാരാന്ത്യത്തിൽ ഇതിന്റെ മൂല്യം വീണ്ടും കുത്തനെയിടിഞ്ഞ് 879.80 ഡോളറായി.

തുടർച്ചയായി വില ഇടിയാൻ തുടങ്ങിയയതോടെ ഈ വിപണിയിൽ നിന്നും നിക്ഷേപകർ കൂട്ടത്തോടെ പിന്മാറിയേക്കുമെന്ന ഭയവും ഉയർന്നിട്ടുണ്ട്. അത് ഡിജിറ്റൽ കറൻസിയുടെ തകർച്ച പൂർത്തിയാക്കും. അതിനാൽ തന്നെ പ്രമുഖ ക്രിപ്റ്റോ ലെൻഡർമാരായ സെല്ഷ്യസ്, ബിനാൻസ്, ത്രീ ആരോസ്, ബാബേൽ ഫിനാൻസ് തുടങ്ങിയ കമ്പനികൾ പണം പിൻവലിക്കുന്നത് തത്ക്കാലത്തേക്ക് മരവിപ്പിച്ചിട്ടുമുണ്ട്. കഴിഞ്ഞ മെയ് മാസത്തിൽ തന്നെ വിലയിടിവ് ദൃശ്യമായതോടെ ഈ മാസം ആദ്യത്തോടെ പിൻവലിക്കൽ മരവിപ്പിച്ചിരുന്നു എന്ന് അമേരിക്ക ആസ്ഥാനമാക്കിയ ലെൻഡർ സെല്ഷ്യസ് നെറ്റ്‌വർക്ക് പറഞ്ഞു.

ഒരാഴ്‌ച്ച കൊണ്ട് ബിറ്റ്കോയിന്റെ മൂല്യത്തിൽ 20 ശതമാനത്തിന്റെ കുറവുണ്ടായപ്പോൾ താരതമ്യേന കുറഞ്ഞ വിലയുള്ള മറ്റ് ഡിജിറ്റൽ കറൻസികൾ നേരിട്ടത് കുത്തനെയുള്ള ഇറക്കമായിരുന്നു. എത്രിയത്തിന്റെ മൂല്യം ഒരാഴ്‌ച്ചകൊണ്ട് താഴ്ന്നത് 70 ശതമാനമായിരുന്നു. ഡിജിറ്റൽ കറൻസികൾ മരണചരുവിൽ എത്തിയിരിക്കുന്നു എന്നാണ് ചില സാമ്പത്തിക വിദഗ്ദ്ധർ പറയുന്നത്.