കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ കേസിൽ നിർണായക തെളിവായി സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. മനോരമ ന്യൂസ് ചാനലാണ് കേസിൽ നിർണായകമാകാവുന്ന വിവരങ്ങൾ പുറത്തുവിട്ടത്. നടിയെ ആക്രമിച്ച ശേഷം ഉപേക്ഷിച്ച പൾസർ സുനി രക്ഷപെടുംമുമ്പ് കൊച്ചിയിൽ ഒരാളുമായി കൂടിക്കാഴച്ച നടത്തി. ഇതിന്റെ ദൃശ്യങ്ങളാണ് ചാനൽ പുറത്തുവിട്ടത്. മറ്റു പ്രതികളായ മണികണ്ഠനേയും വിജേഷിനും മാറ്റി നിർത്തിയായിരുന്നു ഈ കൂടിക്കാഴ്ച. ഇതിനുശേഷമാണ് സുനി അമ്പലപ്പുഴയിലേക്ക് പോയത്. സുനി കണ്ടത് ആക്രമണത്തിന്റെ ആസൂത്രകനെയാണോയെന്ന സംശയം ബലപ്പെടുന്നു. സുനി കൂടിക്കാഴ്ച നടത്തിയതായി മണികണ്ഠനും മൊഴി നൽകി.

അതേസമയം, കൊച്ചിയിൽ നടിയെ ആക്രമിച്ചത് ഒരു സ്ത്രീയുടെ ക്വട്ടേഷനാണെന്ന് അറസ്റ്റിലായ മണികണ്ഠന്റെ മൊഴി. അക്രമത്തിനിടെ പൾസർ സുനി ഇക്കാര്യം പലതവണ നടിയോട് പറഞ്ഞിരുന്നതായും മണികണ്ഠൻ പൊലീസിനോട് വെളിപ്പെടുത്തി. നടിയുടെ മൊഴിയിലും സമാനമായ പരാമർശമുണ്ടെങ്കിലും പൊലീസ് ഇക്കാര്യം മുഖവിലയ്‌ക്കെടുത്തിട്ടില്ല.

നടിയെ തട്ടിക്കൊണ്ടുപോകുന്ന കാര്യത്തെപ്പറ്റി തനിക്കറിയില്ലായിരുന്നുവെന്നും പൾസർസുനി വിളിച്ചതിനെ തുടർന്ന് താൻ ഒപ്പം ചേരുകയായിരുന്നു എന്നാണ് മണികണ്ഠൻ ആദ്യം പൊലീസിന് മൊഴിനൽകിയത്. എന്നാൽ വിശദമായ ചോദ്യംചെയ്യലിനിടെയാണ് മണികണ്ഠന്റെ പുതിയ വെളിപ്പെടുത്തൽ .സംഭവദിവസം നടിയുടെ വാഹനത്തിൽ കയറിയതിന് പിന്നാലെ നടി പൾസർ സുനിയെ തിരിച്ചറിഞ്ഞു. ഇക്കാര്യം മനസ്സിലാക്കിയതോടെയാണ് സംഭവം ക്വട്ടേഷനാണെന്ന് സുനിനടിയോട് വെളിപ്പെടുത്തിയത്. ഒരു സ്ത്രീ പറഞ്ഞിട്ടാണ് താൻ വന്നതെന്നും ഇതാരാണെന്ന് നിങ്ങൾക്കറിയാമല്ലോ എന്നും സുനി നടിയോട് പറഞ്ഞതായി മണികണ്ഠൻ അന്വേഷണസംഘത്തോട് വെളിപ്പെടുത്തി.

നടി എതിർക്കാൻ ശ്രമിച്ചപ്പോൾ എല്ലാം ഇക്കാര്യം ആവർത്തിച്ചതായും മണികണ്ഠന്റെ മൊഴിയിലുണ്ട് . എന്നാൽ ഈ സ്ത്രീയുടെ പേരോ മറ്റ് വിവരങ്ങളോ പിന്നീട് സുനിയോട് ചോദിച്ചെങ്കിലും വെളിപ്പെടുത്താൻ തയാറായില്ലെന്നും മണികണ്ഠൻ പൊലീസിനോട് പറഞ്ഞു. പൾസർസുനിയുടെ ഈ ഭീഷണിയെപ്പറ്റി മണികണ്ഠൻ പറഞ്ഞതിനോട് ചേർന്നുനില്ക്കുന്ന തരത്തിൽ നടിയും പൊലീസിന് നേരത്തെ മൊഴി നല്കിയിരുന്നു. എന്നാൽ ഇക്കാര്യം പൊലീസ് ഇപ്പോഴും മുഖവിലയ്‌ക്കെടുത്തിട്ടില്ല. നടിയെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി പൾസർസുനിയുണ്ടാക്കിയ കള്ളക്കഥയാകാം ഇതെന്നാണ് പൊലീസിന്റെ നിഗമനം.