- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പല ഐഡികൾ ഉപയോഗിച്ച് പല ബാങ്കുകളിൽ നിന്നും വ്യാപകമായി പണം മാറ്റൽ; നാലായിരം മതിയാകാത്ത അത്യാവശ്യക്കാരും കള്ളപ്പണം മാറ്റുന്നവരും ഇക്കാര്യത്തിൽ ഒരുപോലെ; പണം മാറ്റാൻ ആധാർ മാത്രം ആധാരമാക്കുന്നതിനെ ചൊല്ലി തർക്കം; ചെറിയ നോട്ടുകളുടെ പൂഴ്ത്തിവയ്പ്പും മറിച്ചുവിൽപനയും പുതിയ കച്ചവടം!
തിരുവനന്തപുരം: ആയിരത്തിന്റെയും അഞ്ഞൂറിന്റെയും കറൻസി നോട്ടുകൾ മാറിയെടുക്കാൻ ബാങ്കുകളിൽ എത്തുന്നവർക്ക് പ്രതിസന്ധിയായി അടിക്കടി നിബന്ധനകൾ മാറ്റുന്നതായി ആക്ഷേപം. രണ്ടായിരത്തിന്റെ മാത്രമല്ലെ, ചെറിയ തുകകളുടെയും കറൻസികൾ ആവശ്യാനുസരണം ഉണ്ടെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടെന്നും റിസർവ് ബാങ്ക് അധികൃതർ പറയുമ്പോഴും നൂറിന്റെയും അമ്പതിന്റെയും വൈകുന്നേരമാകുമ്പോഴേക്കും പുതിയ രണ്ടായിരത്തിന്റെ പോലും നോട്ടുകളില്ലാതെ മിക്ക ബാങ്ക് ശാഖകളിലും ഇടപാടുകളും സ്തംഭിക്കുന്നു. കറൻസി പിൻവലിക്കൽ പ്രഖ്യാപനം വന്ന് അഞ്ചാംനാളിലേക്ക് കാര്യങ്ങൾ എത്തുമ്പോൾ സാമ്പത്തിക ഇടപാടുകൾക്ക് വൻ ഞെരുക്കം വരുന്നതോടെ രാജ്യത്താകെ കേന്ദ്രസർക്കാർ നടപടിയോട് എതിർപ്പ് ശക്തമാവുകയാണ്. അതേസമയം ബാങ്കിൽ നിന്ന് മാറിക്കിട്ടിയ ചെറിയ നോട്ടുകളുടെ വിനിമയം സുഗമമായി നടക്കുന്നില്ലെന്ന വിലയിരുത്തലും ഉണ്ടാകുന്നുണ്ട്. ആളുകൾ പണം മാറ്റിയെടുത്ത് പൂഴ്‌ത്തിവയ്‌ക്കേണ്ട കാര്യമില്ലെന്നും ആശങ്കവേണ്ടെന്നും ചെറിയ നോട്ടുകൾ യഥേഷ്ടം സ്റ്റോക്കുണ്ടെന്നും പണം മാറ്റാൻ അടിക്കടി ബാങ്കില
തിരുവനന്തപുരം: ആയിരത്തിന്റെയും അഞ്ഞൂറിന്റെയും കറൻസി നോട്ടുകൾ മാറിയെടുക്കാൻ ബാങ്കുകളിൽ എത്തുന്നവർക്ക് പ്രതിസന്ധിയായി അടിക്കടി നിബന്ധനകൾ മാറ്റുന്നതായി ആക്ഷേപം. രണ്ടായിരത്തിന്റെ മാത്രമല്ലെ, ചെറിയ തുകകളുടെയും കറൻസികൾ ആവശ്യാനുസരണം ഉണ്ടെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടെന്നും റിസർവ് ബാങ്ക് അധികൃതർ പറയുമ്പോഴും നൂറിന്റെയും അമ്പതിന്റെയും വൈകുന്നേരമാകുമ്പോഴേക്കും പുതിയ രണ്ടായിരത്തിന്റെ പോലും നോട്ടുകളില്ലാതെ മിക്ക ബാങ്ക് ശാഖകളിലും ഇടപാടുകളും സ്തംഭിക്കുന്നു. കറൻസി പിൻവലിക്കൽ പ്രഖ്യാപനം വന്ന് അഞ്ചാംനാളിലേക്ക് കാര്യങ്ങൾ എത്തുമ്പോൾ സാമ്പത്തിക ഇടപാടുകൾക്ക് വൻ ഞെരുക്കം വരുന്നതോടെ രാജ്യത്താകെ കേന്ദ്രസർക്കാർ നടപടിയോട് എതിർപ്പ് ശക്തമാവുകയാണ്.
അതേസമയം ബാങ്കിൽ നിന്ന് മാറിക്കിട്ടിയ ചെറിയ നോട്ടുകളുടെ വിനിമയം സുഗമമായി നടക്കുന്നില്ലെന്ന വിലയിരുത്തലും ഉണ്ടാകുന്നുണ്ട്. ആളുകൾ പണം മാറ്റിയെടുത്ത് പൂഴ്‌ത്തിവയ്‌ക്കേണ്ട കാര്യമില്ലെന്നും ആശങ്കവേണ്ടെന്നും ചെറിയ നോട്ടുകൾ യഥേഷ്ടം സ്റ്റോക്കുണ്ടെന്നും പണം മാറ്റാൻ അടിക്കടി ബാങ്കിലേക്ക് വരുന്ന സാഹചര്യം ഒഴിവാക്കണമെന്നും നിർദേശിച്ച് റിസർവ് ബാങ്ക് ഇന്ന് പുതിയ സർക്കുലർ പുറത്തിറക്കി. പലയിടത്തും നൂറുരൂപ നോട്ടുകൾ ബാങ്കുകളിൽ നിന്ന ലഭിച്ചവർ പണം ചെലവാക്കാതെ കരുതൽ ആയി സൂക്ഷിക്കുന്നതായും വീണ്ടും ആയിരവും അഞ്ഞൂറുമായി ബാങ്കിൽ എത്തുന്നതായും വ്യാപകമായി പരാതി ഉയരുന്നുണ്ട്. ആയിരത്തിന് നൂറുരൂപ കമ്മീഷൻ വാങ്ങി ഇത്തരത്തിൽ നിരോധിച്ച കറൻസികൾ മാറി ചില്ലറ നൽകുന്ന സംഘങ്ങളും സജീവമായിട്ടുണ്ട്. പുതിയ രണ്ടായിരം രൂപയ്ക്കുപോലും ചില്ലറ കിട്ടാതെ ഇത്തരം സംഘങ്ങളെ സമീപിക്കേണ്ട ഗതികേടിലാണ് പലരും.
കേരളത്തിൽ പലയിടത്തും ആദ്യം പറഞ്ഞ നിബന്ധനകളിൽ നിന്ന് വ്യതിചലിച്ച് കൈവശമുള്ള ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ മാറ്റാൻ പുതിയ കുരുക്കുകൾ ഒരുക്കുകയാണെന്ന പരാതിയാണ് രൂക്ഷമാകുന്നത്. ഡ്രൈവിങ് ലൈസൻസ്, ആധാർ, തുടങ്ങിയ നിരവധി രേഖകൾ ഐഡന്റിറ്റി വ്യക്തമാക്കാൻ സ്വീകരിച്ചുകൊണ്ട് നാലായിരം രൂപ മാറ്റിയെടുക്കാൻ അനുവദിക്കുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. എന്നാൽ നിരോധനത്തിനു ശേഷം ബാങ്കുകൾ തുറന്ന പത്താം തീയതി നിരവധി പേർ പല ബാങ്കിൽ നിന്നായി നാലായിരം രൂപവീതം മാറ്റിയെടുത്തു. കെവൈസി ഫോം നൽകിയശേഷം വ്യത്യസ്ത ഐഡി നൽകി ഒരേ ബാങ്കിൽ നിന്നുതന്നെ പലരുംകൂടുതൽ തുകകൾ മാറ്റിയെടുത്തു. പണം മാറ്റിവാങ്ങാൻ ഒരുദിവസം അവധിയെടുത്ത് വന്നവർ പലരും ഇത്തരത്തിൽ കൂടുതൽ കറൻസി മാറ്റിവാങ്ങി.
ഇതോടെ, ഇത്തരത്തിൽ കള്ളപ്പണം മാറാനും സാധ്യതയേറുമെന്ന് കണ്ടതോടെ ഒരാൾക്ക് അക്കൗണ്ടില്ലാത്ത ബാങ്കിൽ ചെന്ന് ഇത്തരത്തിൽ ഒരു തവണ മാത്രമേ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ മാറ്റാനാകൂ എന്ന നിബന്ധന കൊണ്ടുവന്നു. ഇക്കാര്യം വ്യക്തമാക്കി റിസർവ്ബാങ്ക് സർക്കുലർ ഇറക്കുകയും ചെയ്തു. അതോടെ നാലായിരത്തിൽ കൂടുതൽ രൂപയുടെ നിരോധിത കറൻസി കൈവശമുള്ളവർ വിഷമത്തിലായി. അവർക്ക് അക്കൗണ്ട് വഴി മാത്രമേ പണം മാറാനാകൂ എന്നും ഇതുതന്നെ അക്കൗണ്ടിൽ നിന്ന് ഒരുതവണ പതിനായിരം രൂപവരെയും ഒരാഴ്ചയിൽ പരമാവധി 20000 രൂപയും മാത്രമേ പിൻവലിക്കാനാകൂ എന്നുമാണ് നിബന്ധന. ഇതോടെ അടിയന്തിര സാഹചര്യം നേരിടുന്നവർ സകുടുംബം എത്തിയോ സുഹൃത്തുക്കളുടെ സഹായം തേടിയോ പല ബാങ്കുകളിൽ നിന്നും പണം വ്യാപകമായി മാറ്റി വാങ്ങാൻ തുടങ്ങി. ആദ്യ മൂന്നുദിവസങ്ങളിൽ ഇത്തരത്തിൽ വ്യാപകമായി നാലായിരം രൂപവച്ച് പണം മാറ്റൽ ഒരാൾതന്നെ പല ബാങ്കുകളിൽ മാറ്റുന്ന സാഹചര്യം തുടർന്നു.
ഇങ്ങനെ ഒരാൾ ഐഡി കാർഡ് നൽകി ഒന്നിൽ കൂടുതൽ തവണ 4000 രൂപ മാറ്റുന്നത് കുറ്റകരമാണെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കുകയും ഓരോ ബാങ്കിലും ക്യാമറാ നിരീക്ഷണവും ഐഡന്റിറ്റി കാർഡ് കോപ്പി പരിശോധനയും കർശനമാക്കുമെന്നുമെല്ലാം അറിയിപ്പ് നൽകുകയും ചെയ്‌തെങ്കിലും ഈ സാഹചര്യം തുടരുകയായിരുന്നു.ഇതോടെ വീണ്ടും ബാങ്കുകൾ നിലപാട് കടുപ്പിക്കുകയാണെന്നാണ് സൂചനകൾ. ഇപ്പോൾ പല ബ്രാഞ്ചുകളിലും ആധാർ കാർഡ് മാത്രമേ ഐഡന്റിറ്റി കാർഡായി സ്വീകരിക്കൂ എന്ന് പറഞ്ഞിരിക്കുകയാണ്. എല്ലാവരും ആധാർ കാർഡ് മാത്രമേ നൽകാവൂ എന്ന് നിഷ്‌കർഷിച്ചാൽ ആധാർ നമ്പർ ഉപയോഗിച്ച് ഒന്നിൽ കൂടുതൽ തവണ പണം മാറിയെടുക്കുന്നത് എളുപ്പം കണ്ടുപിടിക്കാനാകുമെന്നാണ് അധികൃതർ വിലയിരുത്തുന്നത്. ഇന്ന് പല ബാങ്കുകളിലും ആധാർ മാത്രമേ സ്വീകരിക്കൂ എന്ന് നിഷ്‌കർഷിച്ചതിനെ ചൊല്ലി തർക്കവും ഉണ്ടായിട്ടുണ്ട്.
അതുപോലെ തന്നെയാണ് എടിഎമ്മുകളിൽ പണമില്ലാതായതോടെ ഉണ്ടാകുന്ന പ്രശ്‌നങ്ങൾ. പുതിയ രണ്ടായിരം രൂപ നോട്ടുകൾ എടിഎമ്മിൽ നിക്ഷേപിക്കുന്നതിന് പത്തുദിവസമെങ്കിലും ചുരുങ്ങിയത് വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. അതിനാലാണ് എടിഎമ്മിൽ നിന്ന് പണം സ്വീകരിക്കുന്നതിന് ആദ്യഘട്ടത്തിൽ രണ്ടായിരം രൂപയുടെ പരിധി വച്ചത്. 18-ാം തീയതിക്കു ശേഷം ഇത് നാലായിരമാക്കി ഉയർത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നടക്കാൻ യാതൊരു സാധ്യതയുമില്ലെന്നാണ് ബാങ്ക് അധികൃതർ വ്യക്തമാക്കുന്നത്.
കാരണം നൂറുരൂപ നോട്ട് എടിഎമ്മിൽ നിറച്ചാൽ രണ്ടായിരം രൂപ എടുത്താൽതന്നെ അത് അര മണിക്കൂറിനകം തീരുന്ന സ്ഥിതിയാണിപ്പോൾ. മാത്രമല്ല, ബാങ്ക് ജീവനക്കാർ തന്നെയാണ് ഇപ്പോൾ എടിഎമ്മിൽ പണം നിറയ്ക്കുന്നത്. ഏജൻസികൾക്ക് പണം നിറയക്കൽ ചുമതയലുള്ള എടിഎമ്മുകളുടെ പ്രവർത്തനം ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. ഈ വഴി നേരത്തേ കള്ളനോട്ട് വ്യാപകമായി എടിഎമ്മുകളിലൂടെ പ്രചരിച്ചുവെന്ന് കണ്ടെത്തിയിരുന്ന സാഹചര്യത്തിൽ ഇനി അവരെ പുതിയ കറൻസി ഏൽപ്പിക്കുന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ലെന്നാണ് സൂചനകൾ.
ഈ സാഹചര്യമാണ് ചില്ലറക്ഷാമം രൂക്ഷമാകുന്നതിന് പ്രധാന കാരണമായിട്ടുള്ളതും. ബാങ്കിന്റെ നിയന്ത്രണത്തിൽ ബാങ്കുകളുമായി ചേർന്നുള്ള അപൂർവം എടിഎമ്മുകളിൽ നിന്നു മാത്രമാണ് അഞ്ചാംദിവസമായിട്ടും പണം നൽകുന്നത്. അതും റിസർവ് ബാങ്കിൽ നിന്നും എത്തിക്കുന്ന പണം അൽപനേരംകൊണ്ട് തീരുന്ന സ്ഥിതിയുമുണ്ട്. ഇതോടെ സംസ്ഥാനത്ത് പലയിടത്തും അക്കൗണ്ടിൽ നിന്ന് പണം നൽകാനാവാത്ത സ്ഥിതിപോലും ഇന്നലെ വൈകുന്നേരത്തോടെ ഉണ്ടായി. റിസർവ് ചെസ്റ്റിൽ നിന്ന് എത്തിച്ച രണ്ടായിരത്തിന്റെ നോട്ടുകൾ പോലും തീർന്നതോടെയായിരുന്നു ഇത്. ഇതോടെ പണംവാങ്ങാൻ എത്തിയവരെ ടോക്കൺ നൽകി ഇന്നു വരാൻ പറഞ്ഞ് സമാധാനിപ്പിച്ച് അയക്കുകയായിരുന്നു ബാങ്ക് അധികൃതർ.