ന്യൂഡൽഹി: അധ്യയന വർഷം അവസാനിച്ചാലും തുടരുന്ന കേരളത്തിലെ പാഠപുസ്തക അച്ചടിക്ക് സമാനമാണ് കറൻസി നോട്ടുകളുടേയും അച്ചടി. അതുകൊണ്ട് തന്നെ അസാധുവാക്കിയ 500, 1000 നോട്ടുകളുണ്ടാക്കിയ പ്രതിസന്ധി ഉടനൊന്നും മാറില്ല. പിൻവലിച്ച നോട്ടുകളുടെ തുല്യമായ മൂല്യം പുതിയനോട്ടുകളെത്താൻ ആറുമാസം എടുത്തേക്കും. ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാൻ പ്രധാനമന്ത്രിയാവശ്യപ്പെട്ട 50 ദിവസത്തിനകം നോട്ടുകളുടെ അച്ചടി പൂർണമാകില്ല.

നോട്ടടിക്കുന്ന പ്രസുകളുടെ ഉത്പാദനശേഷി വിലയിരുത്തിയാണ് വിദഗ്ദ്ധർ ഈ നിഗമനത്തിലെത്തുന്നത്. നാസിക്(മഹാരാഷ്ട്ര), ദേവാസ്(മധ്യപ്രദേശ്), സൽബോനി(പശ്ചിമബംഗാൾ), മൈസൂരു(കർണാടക) എന്നിവിടങ്ങളിലാണ് രാജ്യത്തെ നോട്ട് അച്ചടികേന്ദ്രങ്ങൾ. ആകെ കറൻസികളുടെ നാൽപ്പതുശതമാനം ഉത്പാദിപ്പിക്കുന്നത് നാസിക്കിലും ദേവാസിലുമുള്ള കേന്ദ്രസർക്കാർ പ്രസ്സുകളിലാണ്. ബാക്കി അറുപതുശതമാനം സൽബോനിയിലും മൈസുരുവിലുമുള്ള റിസർവ് ബാങ്ക് പ്രസ്സുകളിലും.

ഔദ്യോഗിക കണക്കുകൾ പ്രകാരം പ്രസുകളുടെ പരമാവധി ഉത്പാദനപരിധിയിൽ പ്രവർത്തനം നടത്തിയാൽ ഒരു വർഷം 4000 കോടി നോട്ടുകളാണ് അച്ചടിക്കാനാവുക. 500, 1000 നോട്ടുകൾ അസാധുവാക്കപ്പെടുന്നതിനുമുമ്പ് പ്രചാരത്തിലുണ്ടായിരുന്ന നോട്ടുകളുടെ ആകെമൂല്യം 17.54 ലക്ഷം കോടി രൂപയാണ്. ഇതിൽ 45 ശതമാനം 500 രൂപയുടെ നോട്ടുകളും (ഏകദേശം 7.89 ലക്ഷം കോടി രൂപയ്ക്കു തുല്യം) 39 ശതമാനം 1000 രൂപയുടെ നോട്ടുകളു(6.84 ലക്ഷം കോടി രൂപയ്ക്കു തുല്യ)മാണ്. ഇതുകൊണ്ട് തന്നെ ആറുമാസത്തിലധികം വേണ്ടി വരും നോട്ട് പ്രതിസന്ധി മാറാൻ.

ഇതിൽ ആയിരം രൂപയ്ക്കു പകരംവരുന്നത് 2000 രൂപയുടെ നോട്ടുകളായതിനാൽ അത്രയും മൂല്യമുള്ള പകുതി നോട്ടുകളേ അച്ചടിക്കേണ്ടി വരൂ. അതായത് ഏകദേശം 34.2 ലക്ഷം നോട്ടുകൾ. സർക്കാരിന്റെ അവകാശവാദം ശരിയാണെങ്കിൽ സെപ്റ്റംബർ മുതൽ പുതിയ നോട്ടുകളുടെ അച്ചടി തുടങ്ങിയതാണ്. എന്നാൽ ഈ ലക്ഷ്യം നേടാനായില്ലെന്നാണ് ലഭിക്കുന്ന സൂചന.