തിരുവനന്തപുരം: അഞ്ഞൂറുരൂപയുടെ നോട്ടുകൾ എടിഎമ്മിൽ എത്തി തുടങ്ങി. ഇതോടെ ചില്ലറയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്കും താൽകാലിക പരിഹാരമാവുകയാണ്. കേരളത്തിൽ എസ്.ബി.ഐ.യുടെ എ.ടി.എമ്മുകളിലാണ് 500 രൂപ ആദ്യം നിറച്ചത്. തിരുവനന്തപുരത്ത് പട്ടം എസ്.ബി.ഐ. എ.ടി.എമ്മിലാണ് തിങ്കളാഴ്ച 500 രൂപ ലഭ്യമാക്കിയത്. അടുത്തദിവസങ്ങളിൽ കേരളത്തിലെ എല്ലാ എ.ടി.എമ്മുകളിലും ഇവ ലഭ്യമാക്കാനാണ് ശ്രമം. 500 രൂപ നോട്ട് ബാങ്കുകളിൽനിന്ന് നൽകുന്നില്ല. ഇവ എ.ടി.എമ്മുകൾ മുഖേന വിതരണം ചെയ്യാനാണ് തീരുമാനം. ഇതോചെ പ്രസിസന്ധിക്ക് താൽകാലിക ആശ്വാസമാകും.

500, 1000 നോട്ടുകൾ അസാധുവാക്കിയതിനെത്തുടർന്നുണ്ടായ പ്രതിസന്ധി രണ്ടാഴ്ച പിന്നിടുമ്പോഴും എ.ടി.എമ്മുകളിൽ തിര്ക്ക ്കുറയുന്നില്ല. പുതിയ 500 രൂപ നോട്ടുകൾക്കനുസൃതമായി എ.ടി.എമ്മുകളിലെ പണമുൾക്കൊള്ളുന്ന അറകൾ ക്രമീകരിക്കേണ്ടതുണ്ട്. സംസ്ഥാന്തത് എല്ലായിടത്തും ഇവയുടെ ക്രമീകരണം പൂർത്തിയാകുന്നതിന് ദിവസങ്ങളെടുക്കും. 2000ന്റെ നോട്ടുകൾക്കായി എസ്.ബി.ഐ.യുടെയും എസ്.ബി.ടി.യുടെയും തിരുവനന്തപുരത്തെ എല്ലാ എ.ടി.എമ്മുകളും കഴിഞ്ഞദിവസത്തോടെ സജ്ജമാക്കിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

2500 രൂപവരെയാണ് എ.ടി.എമ്മുകളിൽ നിന്ന് ലഭിക്കുന്നത്. എന്നാൽ പല എ.ടി.എമ്മുകളിൽ നിന്നും ലഭിച്ചിരുന്നത് 2000 വരെ മാത്രമാണ്. ഇനി 2500 രൂപയും ലഭിക്കുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. 2500 ആവശ്യപ്പെടുന്നവർക്ക് 2000ന്റെ നോട്ടും 100ന്റെ അഞ്ച് നോട്ടും ലഭിക്കുന്ന രീതിയിലാണ് ക്രമീകരണം. കുറഞ്ഞ തുകയേ കിട്ടുന്നുള്ളൂവെന്നത് പ്രതിസന്ധിയാണ്. ഗ്രാമീണമേഖലയിൽ നോട്ട് പ്രതിസന്ധി കാരണം ജനത്തിന്റെ ബുദ്ധിമുട്ട് തുടരുകയാണ്. പുതിയ 500 രൂപ നോട്ടുകൾ എത്തിയിട്ടില്ല.

ഉയർന്ന മൂല്യമുള്ള നോട്ടുകൾ പിൻവലിച്ചതിനെ തുടർന്ന് വന്ന പുതിയ നിർദേശ പ്രകാരം ആഴ്ചയിൽ 24,000 രൂപ മാത്രമേ പിൻവലിക്കാനാകൂ. ഇക്കാര്യം കൂടി പരിഗണിച്ചാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. വ്യാപാരികൾക്ക് വാണിജ്യ അക്കൗണ്ടുകളിൽ നിന്ന് അമ്പതിനായിരം രൂപ വരെ പിൻവലിക്കുന്നതിനുള്ള അനുമതിയും നൽകിയിട്ടുണ്ട്. നേരത്തെ കറന്റ് അക്കൗണ്ടുകൾക്ക് മാത്രം ലഭിച്ചിരുന്ന ഇളവാണ് ഓവർ ഡ്രാഫ്റ്റ്, കാഷ് ക്രെഡിറ്റ് അക്കൗണ്ടുകൾക്കും ബാധകമാക്കിയത്. കഴിഞ്ഞ മൂന്നു മാസം ഇടപാടുകൾ നടക്കാത്ത അക്കൗണ്ടുകൾക്ക് ഈ ഇളവ് ബാധകമല്ലെന്നും ആർബിഐ പറഞ്ഞു. അർഹരായവർ 2000 രൂപ നോട്ടുകളിലേ പണം പിൻവലിക്കാവൂ എന്നും നിർദേശമുണ്ട്.

ഭവനവായ്പയ്ക്ക് കൂടുതൽ സമയം

500, 1000 നോട്ടുകൾ അസാധുവാക്കിയത് മൂലമുണ്ടായ പ്രതിസന്ധി മറികടക്കാൻ കൂടുതൽ നടപടികളുമായി റിസർവ് ബാങ്ക്. കുടിശികയായ ഒരു കോടി രൂപയ്ക്ക് താഴെയുള്ള ഭവനവാഹന വായ്പ അടയ്ക്കാൻ റിസർവ് ബാങ്ക് 60 ദിവസത്തെ അധിക സമയം അനുവദിച്ചു.

നവംബർ ഒന്നിനും ഡിസംബർ 31നും ഇടയിൽ കിട്ടാകടത്തിന്റെ പരിധിയിൽ വരാനിരുന്ന വായ്പകളുടെ ഉടമസ്ഥർക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ബാങ്കുകൾക്കൊപ്പം റിസർവ് ബാങ്കിന് കീഴിൽ പ്രവർത്തിക്കുന്ന മറ്റ് ധനകാര്യ സ്ഥാപനങ്ങൾക്കും ഈ പരിഗണന ലഭിക്കും.

മംഗളുരുവിൽ നോട്ട് മഴ

മംഗളുരുവിലെ വിട്ട്‌ലയ്ക്കും കസബ പുത്തുരിനും ഇടയിലുള്ള കംബള ബെട്ടുപാലത്തിനടുത്താണ് കഴിഞ്ഞദിവസം പട്ടാപ്പകൽ ബസ്സിൽനിന്ന് നോട്ട് കാറ്റിൽ പറത്തിയത്. ഓടുന്ന ബസ്സിൽനിന്ന് വീഴുന്ന നോട്ട്മഴ കണ്ട് വഴിയാത്രക്കാർ ആദ്യം അന്തംവിട്ടു. കണക്കിൽപ്പെടുത്താനാവാത്ത ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളാണ് കാറ്റിൽ പറന്നിറങ്ങിയത്.

ഇതോടെ നോട്ടുകൾ കൈക്കലാക്കാനുള്ള മത്സരമായി വഴിയരികിലും തൊട്ടുള്ള പറമ്പിലുമെല്ലാം. വഴിയരികിൽനിന്ന് നോട്ടുകൾ കിട്ടിയവർ സ്ഥലംവിട്ടതുകാരണം പണം സ്വന്തമാക്കിയവരെയും പൊലീസിന് കണ്ടെത്താനായില്ല. ഓടുന്ന ബസ്സിൽ !ഡ്രൈവറുടെ പിൻനിരയിലിരുന്നാണ് അജ്ഞാതർ കള്ളപ്പണം കാറ്റിൽ പറത്തിയതെന്നാണ് സൂചന.