മുംബൈ: നോട്ട് അസാധുവാക്കലിന്റെ ദുരിതം തീരാൻ ഇനി കുറഞ്ഞത് രണ്ട് മാസം കൂടി വേണ്ടി വരും. അസാധുവാക്കിയത് 14.48 ലക്ഷം കോടി രൂപ. മുപ്പതുനാൾ രാപകലില്ലാതെ അധ്വാനിച്ചിട്ട് പുതുതായി അച്ചടിച്ചിറക്കാനായത് 3.81 ലക്ഷംകോടി രൂപ മാത്രം. അതായത് ഇനിയും 11 ലക്ഷം കോടി രൂപയുടെ കറൻസി കുറവ് രാജ്യത്തുണ്ട്. ഓൺലൈനും കാർഡുമെല്ലാം കറൻസി ഉപയോഗം കുറയ്ക്കും. എങ്കിലും നിലവിലെ സാഹചര്യത്തിൽ പത്ത് ലക്ഷം കോടി രൂപയുടെ കറൻസി കൂടി അച്ചടിച്ചാൽ മാത്രമേ പ്രതിസന്ധി അകലൂ.

അസാധുവാക്കപ്പെട്ട നോട്ടുകളുടെ 25 ശതമാനംമാത്രമാണ് ഇതുവരെ പുതുതായി അച്ചടിച്ചിറക്കിയത്. 10, 20, 50, 100 രൂപകളുടെ 19,100 കോടി നോട്ടുകളാണ് നവംബർ എട്ടിനുശേഷം അച്ചടിച്ചിറക്കിയത്. പുതിയ അഞ്ഞൂറ്, രണ്ടായിരം നോട്ടുകൾകൂടി കണക്കിലെടുത്താൽ മൊത്തം അച്ചടിച്ചിറക്കിയ നോട്ടിന്റെ മൂല്യം 3.81 ലക്ഷം കോടിയാവും. പത്തുലക്ഷം കോടി രൂപകൂടി അച്ചടിച്ച് വിതരണത്തിനിറക്കിയാലേ അസാധുവാക്കപ്പെട്ട നോട്ടുകൾക്ക് പകരമാകൂ. അപ്പോഴേ പണലഭ്യത പഴയ നിലയിലെത്തുകയുള്ളൂ.

അസാധുവാക്കിയ നോട്ടുകളിൽ 11.55 ലക്ഷംകോടി രൂപ ബാങ്കിൽ തിരിച്ചെത്തിയതായി റിസർവ് ബാങ്ക് പറയുന്നു. ഈ തുകയുടെ 32 ശതമാനം മാത്രമാണ് പുതുതായി അച്ചടിച്ചത്. തിരിച്ചെത്തിയ കറൻസിക്ക് പകരംനൽകാൻതന്നെ എട്ടുലക്ഷം കോടിയോളം രൂപ പുതുതായി ഇറക്കണം. പുതുതായിറക്കിയ നോട്ടുകൾ പ്രധാനമായും ബാങ്കുശാഖകൾ വഴിയാണ് ഇപ്പോൾ വിതരണം ചെയ്യുന്നത്. എ.ടി.എം. കേന്ദ്രങ്ങൾ മിക്കതും അടഞ്ഞുകിടക്കാൻ കാരണവും അതുതന്നെ.

രാജ്യത്തെ 2.2 ലക്ഷം എ.ടി.എമ്മുകളിൽ 95 ശതമാനവും പുതിയ നോട്ടുകൾ വിതരണം ചെയ്യാൻ പാകത്തിൽ സജ്ജമായിക്കഴിഞ്ഞെന്നാണ് കണക്കാക്കുന്നത്. പണമില്ലാത്തതുകാരണം അവയിൽ 35 ശതമാനംമാത്രമേ പ്രവർത്തിക്കുന്നുള്ളൂ. പ്രവർത്തിക്കുന്നവയിൽ മിക്കതും 2000 രൂപ നോട്ടുകൾ മാത്രമാണ് നൽകുന്നത്. ആവശ്യത്തിന് അഞ്ഞൂറുരൂപാ നോട്ടുകളെത്തിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. പുതിയ നോട്ടുകളുടെ വിതരണം ശരിയായ രീതിയിലാണെന്ന് ഉറപ്പുവരുത്താൻ റിസർവ് ബാങ്ക് കർശനനടപടിയൊന്നും സ്വീകരിച്ചിട്ടുമില്ല.

അസാധുവാക്കിയയത്രയും പണം എന്ന് അച്ചടിച്ചുതീരുമെന്ന ചോദ്യത്തിനോ തടസ്സമില്ലാതെ പണം പിൻവലിക്കാൻ എന്ന് കഴിയുമെന്ന ചോദ്യത്തിന് പത്രസമ്മേളനത്തിൽ റിസർവ് ബാങ്ക് മറുപടി നൽകിയിട്ടില്ല.