ന്യൂഡൽഹി: 500, 1000 രൂപയുടെ അസാധുവാക്കിയ നോട്ടുകളിൽ 97 ശതമാനവും ഡിസംബർ 30 നകം തന്നെ ബാങ്കുകളിൽ തിരിച്ചെത്തിക്കഴിഞ്ഞെന്ന് സൂചന. 14.97 ലക്ഷം കോടി രൂപയുടെ 500, 1000 നോട്ടുകൾ ബാങ്കിൽ തിരിച്ചെത്തിയെന്നാണ് പ്രമുഖ സാമ്പത്തിക മാദ്ധ്യമമായ ബ്ലൂംബർഗിനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തത്. 80 ശതമാനം നോട്ടുകൾ മാത്രമേ തിരിച്ചെത്തുവെന്ന പ്രതീക്ഷയിലായിരുന്നു നോട്ട് അസാധുവാക്കൽ പ്രഖ്യാപിച്ചത്.

20 മുതൽ 30 വരെ ശതമാനം കള്ളപ്പണം ബാങ്കിലെത്തില്ലെന്നും അത് ബജറ്റ് വഴി ദരിദ്രവിഭാഗത്തിനായി പദ്ധതികൾ പ്രഖ്യാപിക്കാമെന്നുമായിരുന്നു സർക്കാരിന്റെ കണക്കുകൂട്ടൽ. ഈ പ്രതീക്ഷകളാണ് തകരുന്നത്. ഡിസംബർ 30 വരെയുള്ള കണക്കാണ് ഇപ്പോൾ പുറത്തു വരുന്നത്. 15 ലക്ഷം കോടിയോളം രൂപയുടെ നോട്ടുകൾ തിരിച്ചെത്തിക്കഴിഞ്ഞതായായി ബാങ്കിങ് വൃത്തങ്ങളെ ഉദ്ധരിച്ച് പി.ടി.ഐയും റിപ്പോർട്ട് ചെയ്തു. 15.4 ലക്ഷം കോടി രൂപയ്ക്കുള്ള കറൻസി നോട്ടുകളാണ് സർക്കാർ അസാധുവാക്കിയത്. ഇതിൽ മൂന്നു മുതൽ അഞ്ച് ലക്ഷം കോടിയോളം രൂപ ബാങ്കിൽ തിരിച്ചെത്തില്ലെന്നായിരുന്നു സർക്കാരിന്റെ കണക്കുകൂട്ടൽ. അതായത് പാവപ്പെട്ടവരുടെ ദുരിതത്തിന് അപ്പുറം ഒരു ഗുണവും നോട്ട് അസാധുവാക്കൽ ഇണ്ടാക്കിയില്ലെന്ന വിലയിരുത്തലാണ് പുറത്തുവരുന്നത്.

ഡിസംബർ 30 വരെ 15 ലക്ഷം കോടിയോളം രൂപ തിരിച്ചെത്തിയോ എന്ന ചോദ്യത്തിന് കൃത്യമായ സംഖ്യ തനിക്കറിയില്ല എന്നായിരുന്നു ധനകാര്യമന്ത്രി അരുൺ ജെയ്റ്റിലിയുടെ പ്രതികരണം. എത്ര തുകയുടെ നോട്ടുകൾ തിരിച്ചെത്തി എന്ന വിഷയത്തിൽ ഡിസംബർ 10 വരെയുള്ള കണക്ക് മാത്രമാണ് സർക്കാർ പുറത്തുവിട്ടത്. ഡിസംബർ 10 വരെ 12.44 ലക്ഷം കോടി രൂപയുടെ നോട്ടുകൾ തിരിച്ചെത്തിയെന്ന് റിസർവ് ബാങ്ക് തന്നെ വ്യക്തമാക്കിയിരുന്നു.

നോട്ട് പിൻവലിക്കൽ പ്രഖ്യാപിച്ച നവംബർ ഒമ്പത് മുതൽ ഡിസംബർ 30 വരെയുള്ള കാലത്ത് വിദേശത്തായിരുന്ന ഇന്ത്യക്കാർക്ക് മാർച്ച് 31 വരെ അസാധു നോട്ടുകൾ മാറ്റിവാങ്ങാൻ സമയം ശേഷിക്കുന്നുണ്ട്. വിദേശ ഇന്ത്യക്കാർക്ക് അവരുടെ നോട്ടുമാറ്റാൻ ജൂൺ 30 വരെയും സമയം ശേഷിക്കുന്നുണ്ട്. ആർ.ബി.ഐ ഓഫീസുകളിൽ അസാധു നോട്ടുകൾ തിരിച്ചേൽപ്പിക്കാനുള്ള സമയം മൂന്നു മാസം ശേഷിക്കുന്നു. അതുകൊണ്ട് തന്നെ ഇനിയും നോട്ടുകൾ ബാങ്കുകളിലേക്ക് എത്താനുള്ള സാധ്യത ഏറെയാണ്.

കള്ള നോട്ടും കള്ളപ്പണവും തടയാനാണ് നോട്ട് അസാധുവാക്കൽ പ്രഖ്യാപിച്ചത്. ഇതിൽ കള്ളപ്പണം കണ്ടെത്താനും ഇല്ലായ്മ ചെയ്യാനും പുതിയ നീക്കത്തിലൂടെ കഴിഞ്ഞില്ലെന്ന് തന്നെയാണ് കണക്കുകൾ നൽകുന്ന സൂചന.