മലപ്പുറം: തിരൂരിൽ വൻ കുഴൽ പണ വേട്ട. പുതിയ നോട്ടുകളുടെ വൻ ശേഖരമാണ് പിടികൂടിയിരിക്കുന്നത്. കുഴൽപണ വിതരണക്കാരിൽ നിന്നും ഇന്നലെയാണ് 40 ലക്ഷം രൂപ പൊലീസ് പിടിച്ചെടുത്തത്. ഇതിൽ 1854 രണ്ടായിരത്തിന്റെ പുതിയ നോട്ടുകളാണ്. സംഭവത്തിൽ മണ്ണാർക്കാട് അരിയൂർ കൊമ്പത്ത് ഷൗക്കത്തലി (53) യെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൻ മുഖ്യപ്രതി ഷാനിഫ് ബാബു (36)വിനെ പിടികൂടാനായിട്ടില്ല.

ഇന്നലെ രാവിലെയാണ് മലപ്പുറം ജില്ലാ പൊലീസ് മേധാവി ദേഭേഷ് കുമാർ ബെഹ്‌റക്ക് കുഴൽപണം സംബന്ധിച്ച രഹസ്യവിവരം ലഭിച്ചത്. ഈ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ തിരൂർ ഡിവൈഎസ് പി എ.ജെ ജേക്കബ്, സി.ഐ എം.കെ ഷാജി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കുഴൽപണവുമായി തിരൂർ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും ഷൗക്കത്തലിയെ പിടികൂടിയത്. തിരൂർ, വളാഞ്ചേരി പരിസരങ്ങളിലെ ഒമ്പത് പേർക്ക് വിതരണം ചെയ്യാനുള്ള മൂന്ന് ലക്ഷം രൂപയും എത്തിക്കേണ്ടവരുടെ പേരുവിവരവും ഇയാളിൽ നിന്നും പിടികൂടി.

മേലാറ്റൂരിലെ ഷാനിഫ് ബാബുവിൽ നിന്നാണ് വിതരണത്തിന് പണം ലഭിച്ചതെന്ന് പൊലീസിന്റെ ചോദ്യം ചെയ്യലിൽ ഷൗക്കത്തലി പറഞ്ഞു. ഇതനുസരിച്ച് ഷാനിഫ് ബാബുവിന്റെ വീട്ടിൽ നിന്നുമാണ് രണ്ടായിരം നോട്ടുകളടക്കം 37 ലക്ഷം പിടികൂടിയത്. വിട്ടിൽ കട്ടിലിലെ രഹസ്യ അറയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. നോട്ടെണ്ണുന്ന യന്ത്രവും ലാപ്‌ടോപ്പും മറ്റു ഉപകരണങ്ങളും ഷാനിഫിന്റെ വീട്ടിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. എന്നാൽ ഇയാളെ പിടികൂടാനായിട്ടില്ല. എസ്.ഐ കെ.ആർ രജ്ഞിത്ത് , എ എസ് ഐ കെ പ്രമോദ്, മുരളീധരൻ, സി പി ഒ മാരായ രാജേഷ്, ഷാജി, പങ്കജ്, മനോജ്, വനിതാ പൊലീസുകാരായ പ്രിയ ജിനിഷ എന്നിവരടങ്ങുന്ന സംഘമാണ് പിടിച്ചെടുത്തത്.

കുഴൽപ്പണത്തിൽ കള്ളനോട്ട് തിരുകി വിതരണം നടത്തിയ സംഭവത്തിൽ ഷൗക്കത്തലി നാല് മാസം മുമ്പ് തിരൂരിൽ പിടിയിലായിരുന്നു. ഈ കേസിലെ മൂന്നാം പ്രതിയാണ് ഷാനിഫ് ബാബു. ഇയാളെ ഉടൻ പിടികൂടുമെന്ന് ഡിവൈഎസ്‌പി എ ജെ ബാബു പറഞ്ഞു. കൂടുതൽ പുതിയ നോട്ടുകൾ പിടിച്ച കേരളത്തിലെ ആദ്യ സംഭവമാണിതെന്ന് പൊലീസ് പറഞ്ഞു.

അറസ്റ്റിലായ പ്രതിയെയും കസ്റ്റഡിയിലെടുത്ത പണവും ഉപകരണങ്ങളും ഇന്ന് കോടതിയിൽ ഹാജരാക്കും. ഇൻകം ടാക്‌സ് എൻഫോഴ്‌സ്‌മെന്റ് വിഭാഗങ്ങൾക്ക് വിവരം കൈമാറിയതായി പൊലീസ് പറഞ്ഞു.