- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജഡ്ജിക്കുന്നിലേക്ക് വഴികാട്ടിയവർ പിന്നാലെ കൂടി മർദ്ദിക്കുകയായിരുന്നു; ഷാഡോ പൊലീസെന്നും വിവാഹ സർട്ടിഫിക്കറ്റ് കാണിക്കണമെന്നും പറഞ്ഞ് സദാചാര പൊലീസ് ചമഞ്ഞു; തിരുവല്ലത്ത് കസ്റ്റഡിയിൽ മരിച്ച യുവാവിനും സംഘത്തിനും എതിരെ ആക്രമിക്കപ്പെട്ട ദമ്പതികൾ
തിരുവനന്തപുരം: തിരുവല്ലത്ത് പൊലീസ് കസ്റ്റഡിയിലിരിക്കെ നെഞ്ച് വേദനയെ തുടർന്ന് മരിച്ച സുരേഷ് സദാചാര പൊലീസ് ചമഞ്ഞ് ക്രൂരമായി മർദിച്ചെന്ന് പരാതിക്കാരായ ദമ്പതികൾ. ജഡ്ജിക്കുന്ന് കാണാനെത്തിയ തന്നെയും ഭാര്യയെയും സുഹൃത്തിനെയും ബന്ദിയാക്കി ആക്രമികൾ മുക്കാൽ മണിക്കൂറോളം മർദ്ദിച്ചുവെന്നും നിഖിൽ പറഞ്ഞു.
തങ്ങൾ അവിടെയത്തിയപ്പോൾ പത്തംഗസംഘം കൂടിയിരുന്ന് മദ്യപിക്കുകയായിരുന്നു. ഈ സംഘമാണ് കുന്നിലേക്ക് വഴി കാണിച്ചുനൽകിയത്. ശരിക്ക് വഴിയില്ലാത്തതിനാൽ അങ്ങോട്ട് പോകുന്നതിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടോയെന്ന് ചോദിച്ചിരുന്നു. ഫാമിലിയായതുകൊണ്ട് ഇവിടെ പ്രശ്നങ്ങൾ ഒന്നുമുണ്ടാകില്ലെന്ന് ഇവർ പറഞ്ഞു. പിന്നീട് പിന്തുടർന്ന് ഇവർ മർദ്ദിക്കുകയായിരുന്നു. വിവാഹം കഴിച്ചതാണെങ്കിൽ അതിന്റെ തെളിവുകാണണമെന്നും ഇവർ പറഞ്ഞതായും നിഖിൽ പറയുന്നു. ഷാഡോ പൊലീസാണെന്ന് പറഞ്ഞായിരുന്നു ഇവരുടെ ആക്രമണം. സുരേഷായിരുന്നു ക്രൂരമായി മർദിച്ചത്. ഭാര്യ കൺട്രോൾ റൂമിൽ വിളിച്ചുപറഞ്ഞതിനെ തുടർന്ന് പൊലീസ് എത്തിയതോടെ ആക്രമി സംഘം ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും ദമ്പതികൾ പറഞ്ഞു.
ഇവരുടെ പരാതിയിൽ ഞായറാഴ്ച രാത്രി എട്ടോടെയാണ് സുരേഷ് അടക്കം അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മദ്യപിച്ച് പ്രശ്‌നമുണ്ടാക്കി, കുടുംബത്തിന് നേരേ ആക്രമണം നടത്തി തുടങ്ങിയ പരാതിയിലായിരുന്നു പൊലീസ് നടപടി.
തുടർന്ന് ഇവരെയെല്ലാം സ്റ്റേഷനിൽ എത്തിച്ചു. തിങ്കളാഴ്ച രാവിലെ സ്റ്റേഷനിൽവെച്ച് സുരേഷിന് നെഞ്ചുവേദനയുണ്ടായെന്നും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ യാത്രാമധ്യേ മരണം സംഭവിച്ചെന്നുമാണ് പൊലീസിന്റെ വിശദീകരണം. എന്നാൽ സുരേഷിനെ പൊലീസ് മർദിക്കുന്നത് കണ്ടെന്നാണ് കേസിലെ മറ്റൊരു പ്രതിയുടെ മൊഴി
മറുനാടന് മലയാളി ബ്യൂറോ