മലപ്പുറം: നിയമം കാറ്റിൽ പറത്തി മലപ്പുറത്ത് ചൈൽഡ് വെൽഫെയർ കമ്മിറ്റി (സി.ഡബ്ല്യു.സി) മലപ്പുറം ജില്ലാ ചെയർമാനായി തെരഞ്ഞെടുത്തത് സിപിഎം പൊന്നാനി സൗത്ത് ലോക്കൽ സെക്രട്ടറി അഡ്വ. എ. സുരേഷിനെ. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം സി.ഡബ്ല്യു.സി ചെയർമാനോ അംഗത്തിനോ ഒൗേദ്യാഗിക രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനം വഹിക്കാനോ മറ്റുജോലികളിൽ ഏർപ്പെടാനോ പാടില്ലെന്ന നിയമം നിലനിൽക്കെയാണ് നിയമങ്ങളെല്ലാം കാറ്റിൽ പറത്തിക്കൊണ്ടു സിപിഎം പാർട്ടി നേതാവിന് തന്നെ സ്ഥാനം കൈമാറിയത്. കമ്മിറ്റിയിൽ തന്നെ പൂർണ ശ്രദ്ധയും സമയവും നൽകുന്നതിന്റെ ഭാഗമാണിത്. മാർച്ച് ആറിന് കാലാവധി കഴിഞ്ഞ കമ്മിറ്റിയുടെ പുതിയ അംഗങ്ങളുടെ അഭിമുഖ ഫലം ബുധനാഴ്ചയാണ് പുറത്തുവന്നത്.

സി. ഹേമലത, ജി. രാജേഷ് കുമാർ, ശ്രീജ പുളിക്കൽ, പി. ജാബിർ എന്നിവരാണ് സി.ഡബ്ല്യു.സി കമ്മിറ്റി അംഗങ്ങൾ. പി. ജാബിർ മാറാക്കര പഞ്ചായത്ത് ലോക്കൽ കമ്മിറ്റി അംഗമാണ്. മറ്റുള്ള അംഗങ്ങൾ പാർട്ടി പ്രവർത്തകരുമാണ്. നേരത്തെ അഡ്വ. എ. സുരേഷ് സൗത്ത് ബ്രാഞ്ച് സെക്രട്ടറിയും പൊന്നാനി നഗരസഭയിൽ സിപിഎം കൗൺസിലറുമായിരുന്നു. ജെ.ജെ ആക്ട് പ്രകാരം സ്ഥാപിതമായ ശിശുക്ഷേമ സമിതികളിൽ കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവൃത്തി പരിചയമില്ലാത്തവരെ രാഷ്ട്രീയ നിയമനങ്ങൾ നടത്തുന്നത് വിവാദമായിരുന്നു. വ്യത്യസ്ത പ്രവൃത്തി പരിചയമുള്ളവർക്ക് പകരം അഭിഭാഷകർക്ക് മുൻതൂക്കം വരുന്നതിനെതിരെയും വിമർശനമുണ്ട്.

അതേ സമയം സിഡബ്ല്യുസി നിയമനങ്ങൾ കുറ്റമറ്റതും സുതാര്യവും ആകണമെന്ന് ആവശ്യപ്പെട്ട് കേരള അസോസിയേഷൻ ഓഫ് പ്രഫഷനൽ സോഷ്യൽ വർക്കേഴ്‌സ് (കെഎപിഎസ്) മുഖ്യമന്ത്രിക്ക് നേരത്തെ കത്ത് നൽകിയിരുന്നു. കുട്ടികളുടെ മേഖലയിൽ മതിയായ പ്രവൃത്തിപരിചയം ഇല്ലാത്തതിന്റെ പേരിൽ അയോഗ്യരാക്കിയവരെയും സിഡബ്ല്യുസി അഭിമുഖങ്ങൾക്ക് കുത്തിനിറയ്ക്കുന്നുവെന്ന ആരോപണം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് ഇവരുടെ ഇടപെടൽ. എംഎസ്ഡബ്ല്യു പോലുള്ള കോഴ്‌സുകൾ പൂർത്തിയാക്കിയവരും കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട മേഖലയിൽ ഏഴ് വർഷത്തിലധികം പ്രവൃത്തി പരിചയമുള്ളവരുമായ ഒട്ടേറെപ്പേർ ഉള്ളപ്പോൾ അവരെ പരിഗണിക്കാതെ തികഞ്ഞ രാഷ്ട്രീയ നിയമനം നടത്തുന്നത് കുട്ടികളുടെ ഭാവിയെ ബാധിക്കും.

ഇത്തരം സംവിധാനങ്ങളിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെടാൻ കാരണമാവുമെന്നും കത്തിൽ പറയുന്നു. യോഗ്യതയില്ലാത്തവരെ നിയമിച്ചതിനെത്തുടർന്ന് കഴിഞ്ഞ മൂന്നു വർഷങ്ങളിൽ പോക്‌സോ ഇരകളുടെ ആത്മഹത്യ ഉൾപ്പെടെ സിഡബ്ല്യസി ഒട്ടേറേ വിവാദങ്ങളിൽ പെട്ടിരുന്നു. അഭിഭാഷകരായിരുന്നു നിയമിക്കപ്പെട്ടവരിൽ ഭൂരിഭാഗവും. അനാഥാലയങ്ങളിലെയും മറ്റും നിയമോപദേശകർ എന്നത് മാത്രമായിരുന്നു പലരുടെയും യോഗ്യത. വ്യത്യസ്ത മേഖലകളിൽപെട്ടവർ കമ്മിറ്റിയിൽ വേണമെന്നിരിക്കെ അഭിഭാഷകരെ മാത്രം കുത്തിനിറയ്ക്കുന്നത് കുട്ടിയെ എല്ലാ തരത്തിലും പരിഗണിക്കുന്ന തീരുമാനമെടുക്കുന്നതിന് തടസ്സം സൃഷ്ടിക്കുമെന്നാണ് ആരോപണം.

സൈക്കോളജിസ്റ്റ്, ഫിസിഷ്യൻ, പ്രഫഷനൽ സോഷ്യൽ വർക്കർ, സ്‌പെഷൽ ടീച്ചർ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ളവർ ഉൾപ്പെട്ട ടീം രൂപീകരിച്ചാലേ കുട്ടിയുടെ പ്രശ്‌നങ്ങൾക്ക് വിവിധ തലങ്ങളിൽ പരിഹാരം കാണാനാവൂ. അഭിരുചിയും ബാല സൗഹൃദ മനോഭാവവും മാനസികാരോഗ്യവും മനസ്സിലാക്കി മാത്രമേ നിയമനം നൽകാവൂ എന്നും സംഘടന ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത്തരത്തിലുള്ള മുൻ ഇടപെടലുകളും പരാതികളും വകവെക്കാതെയാണ് നിലവിലെ നിയമനങ്ങൾ നടന്നിട്ടുള്ളതെന്ന ആരോപണം ശക്തമാണ്.