കൊച്ചി: തൃക്കാക്കരയിൽ ഗുരുതരമായി പരിക്കേറ്റ രണ്ടര വയസ്സുകാരിയെ ചൈൽഡ് വെൽഫയർ കമ്മീഷൻ ഏറ്റെടുക്കും കുട്ടിക്ക് സംരക്ഷണം ഉറപ്പാക്കുന്നതിൽ അമ്മയുടെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ച സംഭവിച്ചെന്ന് വ്യക്തമായ സാഹചര്യത്തിലാണ് തീരുമാനം. കുട്ടിയെ വേണമെന്ന അച്ഛന്റെ ആവശ്യം വിശദമായ അന്വേഷണം നടത്തി തീരുമാനിക്കും. കുട്ടിക്ക് പരിക്കേറ്റ സംഭവത്തിൽ പൊലീസ് സർജന്റെ അഭിപ്രായം തേടിയ ശേഷം തുടർ നടപടി സ്വീകരിക്കാനാണ് പൊലീസ് നീക്കം.

കുട്ടിയുടെ മാതൃസഹോദരിയും മകനും സിഡബ്ല്യുസി സംരക്ഷണത്തിലാണ് നിലവിൽ കഴിയുന്നത്. കൗൺസിലിങ് നൽകിയ ശേഷം കുട്ടിയുടെ മൊഴി എടുക്കും. രണ്ടര വയസ്സുകാരിക്ക് സംഭവിച്ചത് ഗുരുതര പരിക്കാണ്. അപകട നില തരണം ചെയ്‌തെങ്കിലും തലച്ചോറിന് സംഭവിച്ച ക്ഷതം കാഴ്‌ച്ചയെയും സംസാര ശേഷിയെയും ബുദ്ധിശക്തിയെയു0 ബാധിച്ചേക്കും. കുട്ടിക്ക് ഭാവിയിൽ ശാരീരിക മാനസിക വൈകല്യമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഡോക്ടർമാർ പറയുന്നു.

കുട്ടിയുടെ പരിക്കുകൾ വീഴ്‌ച്ച മൂലമുണ്ടായതാണെന്ന് ഡോക്ടർമാർ അഭിപ്രായപ്പെട്ടതോടെയാണ് സർജന്റെ നിലപാടിനായി കാക്കുന്നതെന്ന് കമ്മീഷണർ സി എച്ച് നാഗരാജു വ്യക്തമാക്കി. കുട്ടിയുടെ പരിക്ക് സംബന്ധിച്ച് ഡോക്ടർമാരും പൊലീസും രണ്ട് തട്ടിലാണ്. കുട്ടിയെ മറ്റൊരാൾ പരിക്കേൽപ്പിച്ചിരിക്കാനുള്ള സാധ്യതയാണ് ഡോക്ടർമാർ കാണുന്നത്. എന്നാൽ പരിക്കുകൾ ഏറെയും വീഴ്‌ച്ചയിൽ നിന്നുള്ളതാണെന്നാണ് പൊലീസ് ഭാഷ്യം.

പൊള്ളലുകൾക്ക് പഴക്കമുണ്ടെന്നും കുന്തിരിക്കത്തിൽ നിന്നും നേരത്തെ കുട്ടിക്ക് പൊള്ളലേറ്റിട്ടുണ്ടെന്നു വ്യക്തമായെന്നും കമ്മീഷണർ സി എച്ച് നാഗരാജു പറഞ്ഞു. പൊള്ളലിന് വിദഗ്ധ ചികിത്സ നൽകാതെ ക്രീം പുരട്ടുകയാണ് രക്ഷിതാക്കൾ ചെയ്തത്. അതിനാൽ കേസിൽ ജുവനൈൽ ജസ്റ്റിസ് നിയമം നിലനിൽക്കുമെന്നും കമ്മീഷണർ പറഞ്ഞു

ഇതിനിടെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത ആന്റണി ടിജിനെയും മാതൃ സഹോദരിയെയും പൊലീസ് ചോദ്യം ചെയ്തു. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് ആന്റണി ടിജിൻ, മാതൃസഹോദരി, മകൻ എന്നിവരെ തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്.

മൈസൂരിലെ ഹോട്ടലിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. നാട്ടുകാർ ആക്രമിക്കുമെന്ന് ഭയന്നാണ് നാട് വിട്ടതെന്നും കുട്ടിയെ ഉപദ്രവിച്ചിട്ടില്ലെന്നുമാണ് ആന്റണി ടിജിന്റെ മൊഴി. മാതൃ സഹോദരിയെയും മകനേയും കാക്കനാട്ടെ സ്‌നേഹിത അഭയ കേന്ദ്രത്തിലേക്ക് മാറ്റി. ചൈൽഡ് വെൽഫെയർ കമ്മിറ്റി കുട്ടിയിൽ നിന്ന് മൊഴിയെടുത്ത ശേഷമാകും കേസിൽ തുടർ നടപടിയെടുക്കുക.

കുഞ്ഞിനെ ആശുപത്രിയിലാക്കിയതിന് തൊട്ടുപിന്നാലെ ആന്റണി ടിജിൻ, മാതൃസഹോദരിക്കും മകനുമൊപ്പം ഫ്‌ളാറ്റിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. ചോദ്യം ചെയ്യലിന് ഹാജാരാകാൻ ആവശ്യപ്പെട്ടിട്ടും പ്രതികരണം ഉണ്ടായില്ല. ഇതിനിടെ കുഞ്ഞിന്റെ മാതൃസഹോദരിയേയും മകനെയും കാണാനില്ലെന്ന് കാട്ടി ഇവരുടെ കുടുംബം പൊലീസിൽ പരാതി നൽകി.

തുടർന്നാണ് ഇയാളെ കണ്ടെത്താൻ പ്രത്യേക ടീമിനെ നിയോഗിച്ചത്. രണ്ട് ദിവസം മുമ്പ് തന്നെ ആൻണി ടിജിൻ കേരളം വിട്ടതായി സൂചനകൾ ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൈസൂരിലെ ഒരു ഹോട്ടലിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ കസ്റ്റഡിയിലെടുത്തത്. പിന്നീട് റോഡ് മാർഗം കൊച്ചിയിൽ എത്തിക്കുകയായിരുന്നു.

കുട്ടിയെ ആരും ഉപദ്രവിച്ചിട്ടില്ല. കുറച്ച് നാളായി കുട്ടി അസ്വാഭാവികമായി പെരുമാറിയിരുന്നു എന്നാണ് കുട്ടിയുടെ അമ്മ നേരത്തെ പ്രതികരിച്ചത്. സൂപ്പർ സ്പൈഡർമാനെന്ന് പറഞ്ഞ് ജനലിന് മുകളിൽ നിന്ന് ചാടിയിട്ടുണ്ടെന്നും അപ്പോഴൊന്നും പ്രശ്നമില്ലായിരുന്നുവെന്നും അമ്മ പറഞ്ഞു.

ടിജിൻ ഉൾപ്പടെ ആരും കുട്ടിയെ മർദ്ദിച്ചിട്ടില്ല. കുന്തിരിക്കം കത്തിച്ചത് കൈയിൽ വീണാണ് പൊള്ളലേറ്റത്. പണം ആവശ്യപ്പെട്ടിട്ടുള്ള ശല്യം മൂലമാണ് ഭർത്താവുമായി അകന്നുതാമസിക്കുന്നത്. അനുജന്റെ മരണത്തെ തുടർന്ന് ഇൻഷൂറൻസ് തുകയുടെ വിഹിതം ആവശ്യപ്പെട്ടു. കുഞ്ഞിനെ തിരിഞ്ഞുപോലും നോക്കുന്നില്ലെന്നും അമ്മ ആരോപിച്ചിരുന്നു.

മകൾക്ക് സാധാരണ കുസൃതിയാണ് ഉണ്ടായിരുന്നത്. എന്നാൽ കഴിഞ്ഞ കുറച്ച് നാളായി അസാധാരണമായ പെരുമാറ്റമാണ്. ജനലിന്റെ മുകളിൽ നിന്ന് പലതവണ ചാടിയിട്ടുണ്ട്. അപ്പോഴൊന്നും ഒരു പ്രശ്നവും പറഞ്ഞിട്ടില്ല. പല ദിവസങ്ങളിലുണ്ടായ പരിക്ക് അവസാനം ഒരുമിച്ച് വന്നതാകാം. പനി കൂടിയതോടെ അപസ്മാര ലക്ഷണങ്ങളും കൂടി. ഈ മുറിവിന്മേൽ വീണ്ടും മകൾ മുറിവുകൾ ഉണ്ടാക്കുകയായിരുന്നു എന്നും കുട്ടിയുടെ അമ്മ പ്രതികരിച്ചിരുന്നു.