തിരുവനന്തപുരം: മലയാളത്തിലെ താരാധിപത്യത്തെ ചോദ്യം ചെയ്താൽ അവരെ ഇല്ലാതാക്കുന്ന സമീപനം അടുത്തിടെ വർദ്ധിച്ചുവരികയാണ്. അതിനായി ഫാൻസെന്ന ആൾക്കൂട്ടത്തെ കളത്തിലിറക്കുകയാണ് ഇക്കൂട്ടർ ചെയ്യുന്നത്. ഇത്തരം സംഘടിത ആക്രമണത്തിന്റെ ഒടുവിലെ ഇരയാണ് നടി പാർവതി. എന്നാൽ, ആക്രമണം ലൈംഗികമായി അധിക്ഷേപിക്കുന്ന വിധത്തിലേക്ക് മാറിയതോടെയാണ് പാർവതി പരാതിയുമായി രംഗത്തെത്തിയത്. സ്ത്രീസുരക്ഷ മുൻനിർത്തി ഇത്തരം പരാതികളെ ഗൗരവത്തോടെ കാണാൻ സംസ്ഥാന സർക്കാറും തീരുമാനിച്ചതോടെ പാർവതിയെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയ മമ്മൂട്ടി ഫാൻസുകാർക്ക് പണി കിട്ടുമെന്ന് ഉറപ്പായി.

മമ്മൂട്ടി ചിത്രമായ കസബയെ വിമർശിച്ചതിന്റെ പേരിൽ സമൂഹ മാധ്യമങ്ങളിൽ തനിക്ക് നേരിട്ട അസഭ്യ വർഷത്തിനെതിരെ നടി പാർവതി ഡി.ജി.പി ലോക്നാഥ് ബെഹ്‌റയ്ക്ക് പരാതി നൽകിയത്. പരാതിയിൽ ഉടനടി നടപടിയും ഡിജിപി സ്വീകരിച്ചു. തനിക്കെതിരെ വ്യക്തിഹത്യ നടത്തിയതായാണ് പാർവതിയുടെ പരാതിയിൽ പറഞ്ഞിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കൊച്ചി സൈബർ സെൽ അന്വേഷണം ആരംഭിക്കുകയും ഒരാളെ അറസ്റ്റു ചെയ്യുകയുമുണ്ടായി.

പാർവതിയെ അധിക്ഷേപിച്ച വടക്കാഞ്ചേരി പ്രിന്റോയെ കൊച്ചി പൊലീസാണ് അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് പൊലീസ് നൽകുന്ന സൂചനകൾ. സോഷ്യൽ മീഡിയയിലൂടെ തന്നെ വ്യക്തിഹത്യ നടത്താൻ ശ്രമം നടക്കുന്നതായും മോശമായ ഭാഷയിൽ അധിക്ഷേപിച്ചെന്നുമാണ് പാർവതിയുടെ പരാതി. ലൈംഗിക ചുവയോടെ പരിഹാസം ചൊരിഞ്ഞ് നിരവധി പേർ രംഗത്തുണ്ടായിരുന്നു. ഇവർക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയാണ് കേസെടുക്കാനാണ് പൊലീസ് ഒരുങ്ങുന്നത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കുറ്റവും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. കൂടാതെ ഭീഷണിപ്പെടുത്തൽ വകുപ്പും ചുമത്തിയിട്ടുണ്ട്.

ഏതാനും പേരുടെ അപകീർത്തികരമായ ഫേസ്‌ബുക് പോസ്റ്റുകൾ പരാതിക്കൊപ്പം കൈമാറിയിയിരുന്നു. ഇവരിൽ ഒരാളെയാണ് പൊലീസ് ഇപ്പോൾ അറസ്റ്റു ചെയ്തത്. മറ്റുള്ളഴരുടെ ഐപി വിലാസം ഫേസ്‌ബുക്കിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം പുരോഗമിക്കുകയാണെന്നും അന്വേഷണോദ്യോഗസ്ഥനായ സിഐ സിബി ടോം പറഞ്ഞു.

മമ്മൂട്ടി ചിത്രമായ 'കസബ'യിലെ സ്ത്രീ വിരുദ്ധ നിലപാടുകളെ വിമർശിച്ചതിനെത്തുടർന്നാണു പാർവതിക്കെതിരെ ശക്തമായ സൈബർ ആക്രമണമുണ്ടായത്. ട്രോളുകളിലൂടെയും മറ്റും വ്യക്തിഹത്യ നടത്താൻ സംഘടിത ശ്രമം നടക്കുന്നതിനൊപ്പം ഭീഷണി സന്ദേശങ്ങളും വരുന്നതായി പരാതിയിൽ പറയുന്നു. പരാതി നൽകാനുണ്ടായ സാഹച്യങ്ങളും നടി വിശദീകരിക്കുന്നുണ്ട്. ഐഎഫ്എഫ്‌കെയിലെ ഓപ്പൺഫോറത്തിലാണ് കസബയ്‌ക്കെതിരെയുള്ള പരാമർശം നടത്തിയത്. ഈ മാസം പത്താംതീയതിയായിരുന്നു ഞാൻ കസബയിൽ സ്ത്രീവിരുദ്ധപരാമർശങ്ങൾ ഉണ്ടെന്ന് വ്യക്തമാക്കിയത്. പതിനൊന്നാം തീയതിമുതൽ എനിക്കെതിരെ സോഷ്യൽമീഡിയയിൽ ആക്രമണം തുടങ്ങി. അപ്പോൾ തന്നെ പൊലീസിലെ ഉന്നതരോട് വിവരം പറഞ്ഞിരുന്നു. വലിയ പ്രശ്‌നങ്ങളില്ലെങ്കിൽ ഒഴിവാക്കാം എന്നാണ് കരുതിയത്.

എന്നാൽ വിമർശനങ്ങൾ വ്യക്തിഹത്യയുടെ രീതിയിലേക്ക് പോയതോടെയാണ് പ്രതികരിക്കാം എന്നുതീരുമാനിച്ചത്. എനിക്കെതിരെ വന്ന ഓരോ കമന്റുകളും ഞാൻ വായിച്ചിട്ടുണ്ട്. വ്യക്തിഹത്യ നടത്തിയത് തെളിയിക്കാൻ വേണ്ട തെളിവുകളും എന്റെ പക്കലുണ്ട്. ഞാൻ ഒരു വ്യക്തിയേയും ആക്രമിക്കാനല്ല ശ്രമിച്ചതെന്നും പാർവതി ചൂണ്ടിക്കാട്ടി. ഇത്രമാത്രം ആക്രമിച്ചതിന് പിന്നിലുള്ള ചേതോവികാരം ഒരു സ്ത്രീ സംസാരിച്ചതുകൊണ്ടാണ്. മാധ്യമങ്ങളിലെ തലക്കെട്ടുകൾ മാത്രം വായിച്ചും എനിക്കെതിരെ പ്രതികരിച്ചവരുണ്ട്. എന്നെ പിന്തുണച്ചവർക്കെതിരെപോലും ഭീഷണികളുണ്ടായി. അവർക്കെതിരെയും ചിലർ ഭീഷണികൾ മുഴക്കി. മൗനം അവലംബിക്കുന്നതാണ് ഇവർക്ക് വീണ്ടും വീണ്ടും ഇത്തരം കാര്യങ്ങൾ ചെയ്യാൻ പ്രചോദനമാകുന്നതെന്ന് മനസിലായതുകൊണ്ടാണ് പരാതിപ്പെടാൻ തന്നെ തീരുമാനിച്ചത്. പുരുഷനായാലും സ്ത്രീയയാലും ഈ നാട്ടിൽ അഭിപ്രായസ്വാതന്ത്ര്യം അത്യാവശ്യമാണ്.

ഞാൻ എന്റെ അഭിപ്രായം തുറന്നുപറഞ്ഞത് ഒരു പോസിറ്റീവ് ചർച്ചയ്ക്ക് കാരണമാകട്ടെ എന്നുകരുതിയാണ്. എന്നാൽ മറിച്ചാണ് സംഭവിച്ചത്. ഇൻഡ്‌സ്ട്രിയുടെ ഉള്ളിൽ നിന്നും എനിക്കെതിരെ എതിർസ്വരങ്ങൾ ഉയർന്നു. വിമർശിക്കുന്നവർക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാൽ വിമർശനമാണെങ്കിൽ പോലും ഒരുപരസ്പര ബഹുമാനം വേണം. എന്നാൽ ഇവിടെ സംഭവിച്ചത് എന്റെ വ്യക്തിപരമായ വിഷയങ്ങൾ വരെ കുത്തിപൊക്കിയുള്ള ഗോസിപ്പുകളും വ്യക്തിഹത്യയുമാണ്. എന്റെ സുഹൃത്തിന് നേരിട്ടതും ഇതുതന്നെയാണ്. ഗോസിപ്പുകൾ ഇറക്കി മാനസികമായി തകർക്കുന്നത് ഇല്ലാതെയാകണം. ഇനി ഒരിക്കലും ആർക്കും ഇങ്ങനെ സംഭവിക്കാൻ പാടില്ല. നിയമത്തിൽ ശക്തമായ ഭേദഗതി സൈബർ ആക്രമണത്തിന്റെ കാര്യത്തിൽ വേണം.- പാർവതി വ്യക്തമാക്കി.

പാർവതിയെ പിന്തുണച്ചതിന് നടിയും സംവിധായികയുമായ ഗീതു മോഹൻദാസ്, റിമ കല്ലിങ്കൽ എന്നിവർക്ക് നേരെയും കടുത്ത ആക്രമണമാണ് സാമൂഹിക മാധ്യമങ്ങൾ വഴി നടന്നത്.