തിരുവനന്തപുരം: കെ റെയിലിനെ വിമർശിച്ച് കവിത എഴുതിയതിന് കവി റഫീഖ് അഹമ്മദിനെതിരായി സിപിഎം അണികൾ നടത്തിയ സൈബർ ആക്രമണത്തിൽ രൂക്ഷ വിമർശനങ്ങളുമായി പ്രമുഖർ രംഗത്ത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കെ റെയിലിനെ ന്യായീകരിച്ചുള്ള സിപിഎം പരിപാടികൾ നടക്കുന്നതിനിടയിലാണ് കെ റെയിലിനേക്കുറിച്ചുള്ള ആശങ്ക വ്യക്തമാക്കുന്ന കവിത റഫീഖ് അഹമ്മദ് ഫെയ്സ് ബുക്കിൽ കുറിച്ചത്. ഇതിന് പിന്നാലെ സിപിഎം അനുയായികളിൽ നിന്ന് രൂക്ഷമായ വിമർശനവും സൈബർ ആക്രമണവുമാണ് കവി നേരിടുന്നത്. ഇതിനെതിരെ രാഷ്ട്രീയ - സാംഹിത്യ രംഗത്തെ പ്രമുഖർ രംഗത്തെത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ, എഴുത്തുകാരായ സാറ ജോസഫ്, ഉണ്ണി ആർ അടക്കമുള്ളവരാണ് റഫീക്ക് അഹമ്മദിനെ പിന്തുണച്ച് രംഗത്തെത്തിയത്.

എത്ര വേഗത്തിലാണ്, എത്ര തിടുക്കത്തിലാണ് വിയോജിപ്പ് കുറിച്ചതിന് അസഹിഷ്ണുതയുടെ തെറിബോംബുകൾ പൊട്ടിയതെന്ന് ഷാഫി പറമ്പിൽ ഫെയ്സ് ബുക്കിൽ കുറിച്ചു. ഈ ആഴ്‌ച്ച പുറത്തിറങ്ങിയ റഫീക്ക് അഹമ്മദിന്റെ ചിത്രമുള്ള ദേശാഭിമാനി ആഴ്‌ച്ചപതിപ്പിന്റെ കവർ പങ്കുവച്ചുകൊണ്ടായിരുന്നു ഷാഫിയുടെ വിമർശനം. 'ഹേ..കേ. എത്ര വേഗത്തിലാണ് എത്ര തിടുക്കത്തിലാണ് ആശങ്കയിലധിഷ്ഠിതമായ വിയോജിപ്പ് കുറച്ച് വരികളിൽ കുറിച്ചതിന് അസഹിഷ്ണുതയുടെ തെറിബോംബുകൾ പൊട്ടിയത്. നാളെ യോജിക്കാനും വിയോജിക്കാനുമുള്ള ഇടം നിലനിർത്തി കൊണ്ട് തന്നെ റഫീക്ക് അഹമ്മദിനെ വായിക്കാം,കേൾക്കാം.' എന്നായിരുന്നു ഷാഫി ഫെയ്സ് ബുക്കിൽ കുറിച്ചത്.

തെറികൊണ്ട് വാമൂടിക്കെട്ടിയാൽ സത്യം നുരഞ്ഞു പൊങ്ങാതിരിക്കില്ലെന്ന് എഴുത്തുകാരി സാറാ ജോസഫ് സൈബർ അക്രമികളെ ഓർമിപ്പിച്ചു. ഇതൊരു ജനാധിപത്യരാജ്യമാണ്. അഭിപ്രായം പറയാനുള്ള അവകാശം എല്ലാവർക്കും തുല്യമാണ്. തെറികൊണ്ട് വാമൂടിക്കെട്ടിയാൽ സത്യം നുരഞ്ഞു പൊങ്ങാതിരിക്കില്ല. അന്ന് സുഗതകുമാരി, അയ്യപ്പപണിക്കർ, എം ടി, എംകെ പ്രസാദ് മാഷ് തുടങ്ങി ഒട്ടേറെപ്പേർ രാഷ്ട്രീയപ്പാർട്ടി താല്പര്യത്തിനപ്പുറത്ത് ശക്തമായ നിലപാടെടുത്ത് ഉറച്ചുനിന്നതു കൊണ്ടാണ് ഇന്ന് ആ വനസമ്പത്ത് ലോകത്തിന് ഉപകാരപ്രദമായിനിലനിൽക്കുന്നതെന്ന് നമ്മുടെ എഴുത്തുകാരും സാംസ്‌കാരികപ്രവർത്തകരും പൊതുജനങ്ങളും ഓർക്കണം. വികസനമല്ല, നിലനിൽപ്പാണ് പ്രധാനം. വേഗം വേണ്ടവർ പറക്കട്ടെ. സാധാരണക്കാർക്ക് നടുവൊടിയാതെ യാത്ര ചെയ്യാനുള്ള റോഡുകൾ ആദ്യം നിർമ്മിച്ചു തരുക. ഭൂരിപക്ഷം ജനങ്ങൾക്കു വേണ്ടിയാവണം വികസനം. അത് ഭരണകർത്താക്കൾക്കും കോർപറേറ്റുകൾക്കും വേണ്ടിയാവരുതെന്നും സാറ ജോസഫ് വിശദമാക്കുന്നു.

കെ റെയിലിനെതിരെ കവിത എഴുതിയതിന് റഫീക്ക് അഹമ്മദിന് നേരെ സൈബർ ആക്രമണം നടത്തിയതിനെ എഴുത്തുകാരൻ ഉണ്ണി ആർ അപലപിച്ചു. ഒരു കവി ഈ ദേശത്തിനായി സങ്കടപ്പെടുമ്പോൾ അത് കേൾക്കാൻ നമുക്കൊരു കാതില്ലെങ്കിൽ അത് കഷ്ടമാണ്. ഇടതുപക്ഷ സ്ഥാനാർത്ഥികൾക്കായി നാടുനീളെ പ്രചാരണം നടത്തിയ എന്റെ സഹ എഴുത്തുകാരേ, നിങ്ങൾ സൗകര്യപൂർവ്വമായ മൗനത്തിലാണോ എന്നും ഉണ്ണി ചോദിച്ചു.

ഒരാൾക്ക് ചില കാര്യങ്ങളോട് സംശയം തോന്നിയാൽ അത് ചോദിക്കുവാനുള്ള അവകാശം ഒരു ജനാധിപത്യ രാജ്യത്തുണ്ടെന്ന് വിശ്വസിക്കുന്നു. എന്റെ അറിവിൽ റഫീക്ക് അഹമ്മദ് ഇടതുപക്ഷ ചിന്തകളോട് ചേർന്ന് നിൽക്കുന്ന വ്യക്തിയാണ്. യുക്തിപൂർവ്വം ഇടപെടലുകൾ നടത്തുന്നതിൽ ശ്രദ്ധാലുവാണ്. അങ്ങനെയൊരാൾ ചില ചോദ്യങ്ങൾ ചോദിക്കുമ്പോൾ സഹിഷ്ണുതയോടെ അതിനെ കേൾക്കുകയും അതിനോട് പ്രതികരിക്കുകയും ചെയ്യുക എന്നതല്ലേ ജനാധിപത്യപരമായ ശരിയെന്ന് ഉണ്ണി ചോദിച്ചു.

എന്തുകൊണ്ട് ശാസ്ത്രസാഹിത്യ പരിഷത്ത് കെ റെയിലിനെതിരായി സംശയിച്ചു, എന്തുകൊണ്ട് മേധാ പട്ക്കർ തൊഴുകൈയോടെ യാചിച്ചു, എന്തുകൊണ്ട് ഒരു കവി തന്റെ സംശയങ്ങൾ കുറിച്ചു അൽപ്പം ക്ഷമയോടെ ഇതെല്ലാം ചർച്ച ചെയ്യാൻ നമുക്കാവില്ലേ? അതല്ല, തങ്ങൾക്ക് അഹിതമായത് പറയുന്നവരെ ഉന്മൂലനം ചെയ്യുകയാണ് വേണ്ടതെങ്കിൽ അത് ഫാസിസത്തിൽ നിന്ന് വ്യത്യസ്തമാവില്ലെന്നും ഉണ്ണി ഒരു ഓൺലൈൻ മാധ്യമത്തിൽ എഴുതിയ കുറിപ്പിൽ പറഞ്ഞു.

ഒരാളും ഒന്നിനേയും സംശയിക്കാതെ, ഭയത്തോടെ, നിശ്ശബ്ദമായി ഇരിക്കുന്നിടത്ത്, ഒരു കവി ഈ ദേശത്തിനായി സങ്കടപ്പെടുമ്പോൾ അത് കേൾക്കാൻ നമുക്കൊരു കാതില്ലെങ്കിൽ അത് കഷ്ടമാണ്. ഇടതുപക്ഷ സ്ഥാനാർത്ഥികൾക്കായി നാടുനീളെ പ്രചാരണം നടത്തിയ എന്റെ സഹ എഴുത്തുകാരേ, നിങ്ങൾക്ക് റഫീക്ക് അഹമ്മദ് എന്ന കവിയെ അറിയില്ല എന്നുണ്ടോ? അതോ നിങ്ങൾ സൗകര്യപൂർവ്വമായ മൗനത്തിലാണോ?

സുഗതകുമാരിയും അയ്യപ്പപ്പണിക്കരും കടമ്മനിട്ടയും വിഷ്ണുനാരായണൻ നമ്പൂതിരിയുമെല്ലാം പാടിയും പറഞ്ഞും സമരം ചെയ്താണ് സൈലന്റ് വാലിയെ തിരിച്ചെടുത്തത്. അവർ കൊണ്ട വെയിലാണ് നമ്മുടെ തണൽ. അതു മറക്കരുതെന്നും ഉണ്ണി കുറിച്ചു.

സിപിഎം അണികൾ നടത്തിയ സൈബർ ആക്രമണത്തിന് പിന്നാലെ തറയുള്ള മുനയുള്ള ചോദ്യങ്ങളെ തെറിയാൽ തടുക്കുവാൻ കഴിയില്ലെന്ന് റഫീഖ് അഹമ്മദ് വീണ്ടും ഫേസ്‌ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു. സൈബർ ആക്രമണം നടത്തുന്നവരോട് ഉള്ളത് കരുണ മാത്രമാണെന്നും റഫീഖ് അഹമ്മദ് വിശദമാക്കി.


കെ റെയിലിനെതിരെ റഫീക്ക് അഹമ്മദ് എഴുതിയ കവിത ചുവടേ:

ഹേ...കേ...

എങ്ങോട്ടു പോകുന്നു ഹേ
ഇത്ര വേഗത്തിലിത്ര തിടുക്കത്തിൽ..
തണ്ണീർത്തടങ്ങളെ പിന്നിട്ട്
തെങ്ങിൻ നിരകളെപ്പിന്നിട്ട്
കണ്ടലും കാവും, കുളങ്ങളും പിന്നിട്ട്
സഹ്യനെക്കുത്തി മറിച്ചിട്ട്
പമ്പയെപ്പേരാറിനെ വഴിമുട്ടിച്ച്
പൊട്ടിത്തെറിക്കാതിരിക്കാൻ ശ്രമിക്കുന്ന
മുല്ലപ്പെരിയാർ ജലബോംബ് പിന്നിട്ട്
ദുർഗന്ധമാലിന്യ കേദാരമായ്ത്തീർന്ന
നല്ല നഗരത്തെരുവുകൾ പിന്നിട്ട്,
ശ്വാസത്തിനായിപ്പിടയും ഭയാകുല -
മാശുപത്രി കെട്ടിടങ്ങളെ പിന്നിട്ട്,
ക്രുദ്ധ വികസനോൽക്കർഷം കിടപ്പിടം
നഷ്ടപ്പെടുത്തിയ മൂലകൾ പിന്നിട്ട്
കുട്ടികൾ നിത്യം മരിക്കും വനവാസി
യൂരുകൾ തൻ ശപ്ത നേത്രങ്ങൾ പിന്നിട്ട്
മൂത്രമൊഴിക്കുവാൻ മുട്ടും വഴിയോര കാത്തിരിപ്പിൻ കൊച്ചു കേന്ദ്രങ്ങൾ പിന്നിട്ട്,

തീവ്രദാരിദ്ര്യക്കണക്കു കൂട്ടും സർവേ
ക്കല്ലുകൾ, പദ്ധതിക്കല്ലുകൾ പിന്നിട്ട്,
എങ്ങോട്ടു പായുന്നു ഹേ
ഇത്ര വേഗത്തിലിത്ര തിടുക്കത്തിൽ..
എന്തെടുക്കാ, നെന്തു കൊണ്ടുപോരാൻ
ഹേ ..
കേ ..?