തിരുവനന്തപുരം: സംസ്ഥാനത്തുടനീളം കോൺഗ്രസ് ഓഫീസുകൾക്ക് നേരേ വ്യാപക ആക്രമണമാണ് ഉണ്ടായത്. ഇതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വീണ എസ് നായർ അടക്കമുള്ള കോൺഗ്രസ് നേതാക്കളും പ്രവർത്തകരും സിപിഎമ്മിന്റെ കൊടി കത്തിച്ചു. ഇതിൽ പ്രകോപിതരായ സൈബർ സഖാക്കൾ വീണയെ തിരഞ്ഞുപിടിച്ച് സൈബറാക്രമണം അഴിച്ചുവിട്ടിരിക്കുകയാണ്. നിനക്കുള്ള പണി വന്നിരിക്കും അഡ്വാൻസ് ആദരാഞ്ജലികൾ എന്ന തരത്തിൽ വധഭീഷണിയും മുഴക്കുന്നു പലരും. ഇതോടെ സൈബർ ആക്രമണത്തിനെതിരെ വീണ ഡിജിപിക്ക് പരാതി നൽകി.

തനിക്കെതിരെ വധഭീഷണിയുണ്ടെന്ന് പരാതിയിൽ വീണ ചൂണ്ടിക്കാട്ടി. ഇടത് പ്രൊഫൈലുകളിൽ നിന്നാണ് കടുത്ത സൈബർ ആക്രമണം നേരിടുന്നത്. കൊടി കത്തിച്ച ഒന്നിനെയും വെറുതെ വിടരുത്, വെറും ഭീഷണി അല്ല, നിനക്കുള്ള ചായയും വടയും ഞങ്ങൾ സഖാക്കൾ ഒരുക്കുന്നുണ്ട്,
നീ ചെങ്കൊടി കത്തിച്ചിട്ടുണ്ടെങ്കിൽ നീ കുടിച്ച മുലപ്പാൽ നിന്നെ കൊണ്ട് ഛർദ്ദിപ്പിക്കും ഓർത്തോ...നീ കൊടി കത്തിക്കും അല്ലേ....ദിവസങ്ങൾ എണ്ണിക്കോ...എന്നിങ്ങനെയാണ് വധഭീഷണി.

തനിക്ക് ഫേസ്‌ബുക്കിലൂടെ മോശം കമന്റുകളും വധഭീഷണിയും തുടരെ വരുന്നുവെന്ന് വീണ ഡിജിപിക്കുള്ള പരാതിയിൽ പറയുന്നു. കെപിസിസി ഓഫീസിന് നേരേ ഡിവൈഎഫ്‌ഐ പ്രവർത്തകർ നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ചതിനെ തുടർന്നാണ് സൈബർ ആക്രമണമെന്നും പരാതിയിൽ പറയുന്നു.

അതേസമയം, സിപിഐഎം കൊടി കത്തിച്ച് പ്രതിഷേധിച്ച കെഎസ്‌യു ജില്ലാ സെക്രട്ടറി അനന്തകൃഷ്ണന്റെ വീടിന് നേരെയും ആക്രമണം നടന്നു. അക്രമി സംഘം വീടിന് നേരെ ബിയർ കുപ്പി എറിഞ്ഞു. ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം. ഡിവൈഎഫ്ഐ- സിപിഐഎം പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് അന്തകൃഷ്ണൻ ആരോപിച്ചു. കെപിസിസി ഓഫീസിന് നേരെയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ചായിരുന്നു അനന്തകൃഷ്ണൻ സിപിഐഎം കൊടി കത്തിച്ചത്. ഇതിന് പിന്നാലെ അനന്തകൃഷ്ണന് നേരെ വ്യാപക സൈബർ ആക്രമണം നടന്നിരുന്നു.

വീട് ആക്രമിക്കപ്പെടുമ്പോൾ അച്ഛനും അമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. മുഖ്യമന്ത്രിക്കെതിരായ പ്രതിപക്ഷ പ്രതിഷേധത്തിന് പിന്നാലെ കുറ്റ്യാടി അമ്പലക്കുളങ്ങരയിലെ കോൺഗ്രസ് ഓഫീസിന് നേരെ ബോംബേറുമുണ്ടായി. ബോബേറിൽ ഓഫീസിന്റെ ജനൽ ചില്ലുകളും വാതിലുകളും തകർന്നു. ഇന്ന് പുലർച്ചെ അഞ്ചരക്കായിരുന്നു ഓഫീസിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നിൽ സിപിഎമ്മാണെന്ന് കോൺഗ്രസ് ആരോപിച്ചു.