- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്ഷേത്രനടയിൽ പെട്ടിക്കട നടത്തി ഉപജീവനം; മഹാരാജാസിലെ എസ് എഫ് ഐ കോട്ടയിൽ കെ എസ് യുവിന്റെ കൊടി പാറിച്ച മിടുമിടുക്കി; തലസ്ഥാനത്തെ കെഎസ് യു സമരങ്ങളിലെ മുന്നണി പോരാളി; നേതൃത്വം സസ്പെൻഡ് ചെയ്തത് തീപ്പൊരി കെ.എസ്.യുക്കാരിയെ; 'സ്നേഹക്കൊപ്പം' സൈബർ കോൺഗ്രസും
തിരുവനന്തപുരം: ''കോൺഗ്രസിലെ പുതിയ കേഡർ സ്വഭാവത്തിന്റെ പേരിലാണ് തനിക്കെതിരെ നടപടിയെങ്കിൽ ആ നടപടി സ്വീകരിക്കാൻ താൻ തയ്യാറാണ്. എന്നാൽ, തനിക്കെതിരെ നടപടി സ്വീകരിച്ചതു പോലെ മറ്റുള്ളവർക്കുമെതിരെ നടപടി സ്വീകരിക്കാൻ നേതൃത്വം തയ്യാറാകുമോ?''- അച്ചടക്കം ലംഘിച്ചെന്ന് കാണിച്ചു തന്നെ കെ.എസ്.യുവിൽ നിന്നും സസ്പെന്റ് ചെയ്തവരോട് സ്നേഹ ചോദിക്കുന്നത് ഇതാണ്. തനിക്കെതിരെ സ്വീകരിച്ച നടപടി മറ്റുള്ളവർക്കെതിരൈയും സ്വീകരിക്കുമോ എന്നു ചോദിക്കുമ്പോൾ ഇതേ ചോദ്യം സൈബർ ലോകവും ഉന്നയിക്കുന്നുണ്ട്. ഒരു സുപ്രഭാതത്തിൽ പൊട്ടിമുളച്ചു നേതാവായ വ്യക്തിയല്ല സ്നേഹ. പൊരുതികയറിയാണ് അവർ ഇവിടം വരെ എത്തിയത്. ഇപ്പോൾ പെണ്ണായതു കൊണ്ട് ആരും ചോദിക്കില്ലെന്ന ധൈര്യത്തിലാണ് സ്നേഹക്കെതിരെ നടപടി സ്വീകരിച്ചത് ന്ന വിമർശനവും ശക്തമാണ്.
കോൺഗ്രസിൽ രാജ്യസഭാ സ്ഥാനാർത്ഥിത്വ ചർച്ചകൾ നടക്കുമ്പോൾ എം ലിജുവിന് വേണ്ടി സ്നേഹ പരസ്യമായി രംഗത്തെത്തിയിരുന്നു. സ്ഥാനാർത്ഥിയായി ജെബി മേത്തറിനെ പ്രഖ്യാപിച്ചതിന് പിന്നാലെ, അതിൽ അതൃപ്തി പ്രകടിപ്പിച്ച് സ്നേഹ സാമൂഹിക മാധ്യമങ്ങൾ വഴി പരസ്യപ്രതികരണം നടത്തിയിരുന്നു. എന്നാൽ ആരുടെയും പേരു പറഞ്ഞിരുന്നില്ല. ഒരു ട്രോൾ എന്ന നിലയിലായിരുന്നു അവരുടെ പോസ്റ്റ്. അത് ഇങ്ങനെയായിയിരുന്നു: 'ഫ്ളാറ്റിന് ആയിരുന്നെങ്കിൽ ബിഗ് ബോസിൽ പോയ്ക്കൂടായിരുന്നോ'' എന്നായിരുന്നു അവർ കുറിച്ചത്. ഇതു കൂടാതെ, രാജ്യസഭാ സ്ഥാനാർത്ഥിയായി ബിന്ദു കൃഷ്ണ മതിയായിരുന്നെന്നാണ് സ്നേഹ പറഞ്ഞിരുന്നു.
കഴിഞ്ഞ വർഷങ്ങളിൽ സ്ത്രീകളുടെ ശബ്ദമായി നിലനിന്ന നേതാവായിരുന്നു ബിന്ദു കൃഷ്ണയെന്നും സ്നേഹ ഫേസ്ബുക്ക് പോസ്റ്റിൽ അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അവർക്കെതിരെ നടപടിയും. ഹരിപ്പാട് ചെറുതന ഡിവിഷനിൽ നിന്നുള്ള ബ്ലോക്ക് പഞ്ചായത്ത് അംഗം കൂടിയാണ് സ്നേഹ. സെക്രട്ടറിയേറ്റിലെ തീപാറുന്ന സമര രംഗത്ത് സജീവമായിരുന്ന സ്നേഹ. അണികളെ പൊലീസ് മർദ്ദനത്തിന് വിട്ടുകൊടുത്ത് തടിതപ്പുന്ന നേതാക്കൾക്കിടയിൽ വ്യത്യസ്തയായി മുന്നിൽ നിന്നും സമരം നയിച്ചത് കെഎസ് യുവിന്റെ പെൺപുലിയാണ് സ്നേഹ.
എസ് എഫ് ഐയുടെ കോട്ടയാണ് മഹാരാജാസിൽ കുത്തക തകർത്ത് കെഎസ്യുവിന്റെ നീലക്കൊടി പാറിച്ച മിടുക്കിാണ് അവർ. പെട്ടിക്കട നടത്തി ജീവിക്കാനും പഠിക്കാനുമുള്ള വഴി കണ്ടെത്തിയ സ്നേഹയുടെ കഥ മുമ്പും വാർത്തകളിൽ നിറഞ്ഞിരുന്നു. സംഘടനാ തെരഞ്ഞെടുപ്പിലൂടെയാണ് സ്നേഹ കോൺഗ്രസിന്റെ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ സംസ്ഥാന നേതൃ നിരയിൽ എത്തിയതും. കെ.എസ്.യു.വിന്റെ അഞ്ച് വൈസ് പ്രസിഡന്റുമാരിൽ ഒരാളായിരുന്നു അവർ. ഹരിപ്പാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രനടയിലാണ് സ്നേഹ പെട്ടിക്കട നടത്തിയിരുന്ന് വാർത്തകളിലും നിറഞ്ഞിരുന്നു.
പിണറായി സർക്കാറിനെതിരായി കെഎസ് യു നയിച്ച നിരവധി സമരങ്ങളുടെ മുൻനിരയിൽ സ്നേഹ ഉണ്ടായിരുന്നു. സ്നേഹയുടെ ജീവിതത്തെപ്പറ്റി ലോക വനിതാദിനത്തിൽ പല മാധ്യമങ്ങളും വാർത്ത നൽകി. അച്ഛന്റെ മരണശേഷം അമ്മയുമായി വാടകവീട്ടിൽ താമസിക്കുന്ന സ്നേഹ പെട്ടിക്കടയിൽനിന്നുള്ള വരുമാനം കണ്ടെത്തിയതായിരുന്നു വാർത്ത. നാരങ്ങാവെള്ളവും മിഠായിയും വിൽക്കുന്ന ചെറിയ കടയാണ് സ്നേഹയുടേത്. സ്നേഹ രാവിലെ കോളേജിൽ പോയിക്കഴിഞ്ഞാൽ അമ്മയ്ക്കാണ് കടയുടെ ചുമതല. വൈകുന്നേരം ആറുമണിയോടെ മടങ്ങിവന്നുകഴിഞ്ഞാൽ രാത്രി എട്ടുവരെ സ്നേഹ കടനോക്കുന്നതായിരുന്നു ഈ ശൈലി.
പള്ളിപ്പാട് കൊടുന്താറ്റ് കോളനിയിൽ നാല് സെന്റിലായിരുന്നു സ്നേഹയും കുടുംബവും താമസിച്ചിരുന്നത്. അച്ഛൻ രാജേന്ദ്രൻപിള്ള എട്ടുവർഷം മുമ്പ് മരിച്ചു. സ്നേഹ അന്ന് സ്കൂളിൽ പഠിക്കുകയായിരുന്നു. പട്ടിണിയായിപ്പോയ നാളുകൾ. എങ്ങനെയും പഠിക്കണമെന്ന് തീർച്ചപ്പെടുത്തിയ അവൾ അമ്മയ്ക്കൊപ്പം ഹരിപ്പാട് കോടതിക്ക് സമീപം തട്ടുകട തുടങ്ങി. അവിടെനിന്ന് പഠിച്ച് പ്ലസ്ടു വിജയിച്ചു. പിന്നീട് മഹാരാജാസിൽ ബി.എ. പൊളിറ്റിക്സിന് ചേർന്നു. നല്ല മാർക്കോടെ വിജയം. ഇപ്പോൾ എം.എയുപ പൂർത്തിയാക്കിയിട്ടുണ്ട് സ്നേഹ. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ വൈസ് ചെയർപേഴ്സണായി അങ്കം കുറിച്ചുനോക്കിയെങ്കിലും ജയിച്ചില്ല. എന്നാൽ, തന്റെ രാഷ്ട്രീയം ഉയർത്തി പിടിക്കാൻ അവർക്ക് സാധിച്ചു.
മമ്മൂട്ടി നായകനായ ബാല്യകാല സഖിയിൽ കൊച്ചുത്രേസ്യയായി വേഷമിട്ടത് സ്നേഹയാണ്. ദിലീപ് നായകനായ വില്ലാളിവീരൻ, ശേഷം, കഥാഭാഗം എന്നീ ചിത്രങ്ങളിലും അഭിനിയിച്ചു. അവയവദാനവുമായി ബന്ധപ്പെട്ട് ദൂരദർശനിൽ പ്രദർശിപ്പിച്ച കൂടുമാറ്റം ഡോക്യുമെന്ററിയിലെ അഭിനയത്തിന് സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ലഭിച്ചു. പ്രമുഖ ചാനലിലെ കോമഡി പരിപാടിയിൽ ഒരുവർഷത്തോളം അഭിനയിച്ചിട്ടുമുണ്ട് സ്നേഹ. മഴവിൽ മനോരമയുടെ ഉടൻ പണം പരിപാടിയിലും സ്നേഹ പങ്കെടുക്കുകയുണ്ടായി.
സ്നേഹക്കെതിരായ നടപടിയിൽ കോൺഗ്രസുകാർക്കിടയിലും പ്രതിഷേധം ശക്തമാണ്. സ്നേഹക്കൊപ്പം എന്ന ഹാഷ്ടഗും സൈബറിടത്തിൽ സജീവമാണ്. സൈബർ കോൺഗ്രസുകാർക്കിടിയിലും സ്നേഹക്ക് വലിയ പിന്തുണ ലഭിക്കുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ