തിരുവനന്തപുരം: ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൽ ആദ്യ പ്രഖ്യാപനം ലോക സമാധാന സെമിനാറിന് പണം അനുവദിച്ചതായിരുന്നു. രണ്ട് കോടി രൂപയാണ് ലോക സമാധാന സെമിനാറിന്റെ ഭാഗമായുള്ള വിവിധ പദ്ധതികൾക്ക് അനുവദിച്ചത്. റഷ്യൻ -യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ധനമന്ത്രിയുടെ ഈ പ്രഖ്യാപനവും എത്തിയത്. എന്നാൽ, ഈ പ്രഖ്യാപനത്തെ ട്രോളിയും പരിഹസിച്ചും നിരവധി ട്രോളുകൾ സൈബർ ഇടത്തിൽ വന്നു. എന്നാൽ, മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം മനോജും ഏഷ്യാനെറ്റ് ന്യൂസിന്റെ റീജ്യണൽ ചീഫ് ഷാജഹാൻ കാളിയത്തും തമ്മിൽ സൈബർ ഇടത്തിൽ ഏറ്റുമുട്ടിയതോടെ സൈബർ ഇടത്തിലെ സമാധാനം പോകുന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്.

രണ്ട് കോടി രൂപ ആഗോള സമാധാന സെമിനാറിന് ബജറ്റിൽ നീക്കിവെച്ചതിനെ പരിഹസിച്ചു ഷാജഹാൻ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതോടെയാണ് സൈബഖിടം സംഘർഘ ഭരതമായത്. ഷാജഹാന്റെ ഫേസ്‌ബുക്ക് പോ്‌സ്റ്റ് ഇങ്ങനെയായിരുന്നു: ''ആഗോള സമാധാനം മാത്രം മതിയോ? കണ്ണൂരിൽ സമാധാനത്തിന് എത്ര കോടി''.. ഈ പോസ്റ്റിട്ടതോടെ ഇതിന്റെ സ്‌ക്രീൻ ഷോട്ടുമായി മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം മനോജ് ഫേസ്‌ബുക്കിൽ മറുപടി പോസ്‌റ്റെഴുതി.

അത് ഇങ്ങനെ: ''കോഴിക്കോട് നഗര പരിധിയിൽ തന്നെയാണ് കുതിരവട്ടം.. അവിടെ ശരിയാക്കാൻ പറ്റിയില്ലെങ്കിൽ പിന്നെ സമാധാനമുണ്ടാകില്ല!'' സർക്കാർ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥൻ കൂടിയായ പി എം മനോജ് ഏഷ്യാനെറ്റ് ന്യൂസ് റീജ്യണൽ ചീഫിനെ പരിഹസിച്ചതും വിമർശനത്തിന് ഇടയാക്കി. ഫേസ്‌ബുക്ക് പോസ്റ്റിൽ മാധ്യമ പ്രവർത്തകരെ തെറി വിളിക്കാനാണോ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി എന്ന വിധത്തിൽ നിരവധി കമന്റുകളും വിമർശനങ്ങളും എത്തി. ഇങ്ങനെ സൈബറിടത്തിൽ വിമർശനം കൊഴുക്കുകയും ചെയ്തു. കുതിരവട്ടം നിവാസികളെ പരിഹസിക്കുകയാണ് പി എം മനോജ് ചെയ്തതെന്നും വിമർശനങ്ങളുണ്ടായി.

ഇതിനിടെ ഷാജഹാൻ കാളിയത്ത് പി എം മനോജിന് മറുപടിയുമായി വീണ്ടും രംഗത്തുവരികയും ചെയ്തു. ഷാജഹാന്റെ മറുപടി പോസ്റ്റ് ഇങ്ങനെ: ''കുതിരവട്ടത്തുള്ളത് അവിടുത്തത് പോലെ അത്ര പ്രശ്‌നക്കാരല്ല സഖാവേ . സാധുക്കളാ. അവരായിട്ട് ഒരു കുറ്റവും ചെയ്തിട്ടല്ല. മാനസികാരോഗ്യ കേന്ദ്രങ്ങൾ ഒരു മോശം സ്ഥലവുമല്ല. അവരൊക്കെ നമ്മളിൽ പെട്ടവരാണ്. പരിഹാസത്തിൽ നിന്ന് ആ നിസ്സഹായരെ മാറ്റി നിർത്തണം. ഒന്നുല്ലേലും അങ്ങൊരു ബഹുമാന്യനല്ലേ !''

ഈ പോസ്റ്റിന് കീഴിലും മനോജിനെതിരെ വിമർശനങ്ങൾ എത്തി. ചോദ്യം ചോദിക്കുന്നവരെ ഭ്രാന്താശുപത്രയിൽ ആക്കണമെന്ന ചിന്ത നിഷ്‌കളങ്കമല്ലെന്നാണ് ഉയരുന്ന വിമർശനം. എന്തായാലും സമാധാന സമ്മേളനത്തെ ചൊല്ലിയുള്ള സൈബർ ഇടത്തിലെ സംവാദം കലുഷിതമായ അവസ്ഥയിലാണ്. നേരത്തെ യുദ്ധ പ്രതിസന്ധികളെ ഒരുമിച്ച് നേരിടാം എന്ന ആത്മവിശ്വാസം പകരുകയാണ് സമാധാന സമ്മേളനത്തിലൂടെ ലക്ഷ്യമാക്കുന്നതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ വിശദീകരിച്ചിരുന്നു.

വിവിധരംഗങ്ങളിൽ കഴിവുതെളിയിച്ച പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ട് സമാധാന സെമിനാറുകളും ഓൺലൈൻ ചർച്ചകളും സംഘടിപ്പിക്കും. യാത്രാ നിയന്ത്രണങ്ങൾ നീങ്ങുന്നതോടെ പ്രതിനിധികൾ നേരിട്ട് പങ്കെടുക്കുന്ന ലോക സമാധാന സമ്മേളനവും സംഘടിപ്പിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. മന്ത്രിയുടെ വാക്കുകൾ ഇങ്ങനെ:

'റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്റെ ഫലമായി വിലക്കയറ്റത്തിന് സാധ്യതയുണ്ട്. എന്നാൽ, പ്രതിസന്ധി വന്നാലും അവയെ ഒറ്റക്കെട്ടായിനിന്ന് മറികടക്കാനാകുമെന്ന അവസ്ഥ കേരളം നേടിയിട്ടുണ്ട്. യുദ്ധത്തിന്റെയും തുടർന്നുണ്ടാകുന്ന വിലക്കയറ്റത്തിന്റെയും ഭീഷണി ലോകമെമ്പാടും പ്രതിസന്ധി തീർക്കുകയാണ്. ഇത് മൂന്നാം ലോക മഹായുദ്ധത്തിന്റെയും ആണവഭീഷണിയുടെയും വക്കിലെത്തിച്ചിരിക്കുന്നു. ഇപ്പോഴും അതിനുള്ള സാധ്യത പൂർണമായും ഒഴിഞ്ഞുപോയിട്ടില്ല.

ഹിരോഷിമയുടെയും നാഗസാക്കിയുടെയും ഓർമ സമാധാനത്തിനായി പ്രവർത്തിക്കാൻ എല്ലാവരെയും ഓർമിപ്പിക്കുന്നു. ഞാൻ ബലത്തിന് ആളല്ല എന്ന് പറഞ്ഞ് മാറിനിൽക്കുകയല്ല ഈ സമയത്ത് വേണ്ടത്. നമ്മൾ ഓരോരുത്തരും അതിനായി എളിയ സംഭാവനകൾ ചെയ്യേണ്ടതുണ്ട്. അങ്ങനെ ഒരു നല്ല കാര്യത്തിനായിട്ടാണ് ബജറ്റിലെ ആദ്യ പ്രഖ്യാപനം. ലോകമെമ്പാടുമുള്ള സമാധാനവക്താക്കളെയും പ്രഗത്ഭരെയും പങ്കെടുപ്പിച്ച് ഓൺലൈൻ ചർച്ചകളും സെമിനാറുകളും സംഘടിപ്പിച്ച് സമാധാന ശ്രമങ്ങൾക്ക് ശക്തി പകരാൻ രണ്ട് കോടി അനുവദിച്ചിരിക്കുകയാണ്. യാത്രാ നിയന്ത്രണങ്ങൾ നീങ്ങുന്ന മുറക്ക് പ്രതിനിധികൾ നേരിട്ട് പങ്കെടുക്കുന്ന ലോക സമാധാന സമ്മേളനവും സംഘടിപ്പിക്കും' -ധനമന്ത്രി വ്യക്തമാക്കി.