തിരുവനന്തപുരം: അറബ് ഹൃദയഭൂവിൽ ഹിന്ദു ക്ഷേത്രം പണിയുക എന്ന അപൂർവ നേട്ടം സ്വന്തമാക്കിയ മോദിക്കു ലോകം എമ്പാടുമുള്ള ഹിന്ദു വിശ്വാസികൾ ഇന്നലെ ഒരേപോലെയാണു നന്ദി പറഞ്ഞത്. എന്നാൽ ഈ അവകാശവാദം പൊള്ളയാണെന്ന ആരോപണം പ്രഖ്യാപനത്തിനു പിറ്റേന്നു തന്നെ ഉയർന്നു തുടങ്ങി.

രണ്ടു കൊല്ലം മുമ്പു സ്വാമി നാരായൺ ട്രസ്റ്റിനു ക്ഷേത്രം പണിയാൻ ഒരു അറബ് ബിസിനസുകാരൻ നൽകിയ അഞ്ചേക്കർ ഭൂമിയുടെ കാര്യമാണ് മോദിയുടെ ട്വീറ്റിലൂടെ ഇപ്പോൾ തരംഗമായതെന്നാണു ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മോദി പറഞ്ഞ ക്ഷേത്രവും സ്വാമി നാരായൺ ട്രസ്റ്റിന്റെ ക്ഷേത്രവും രണ്ടാണോ എന്ന് ഇനിയും വ്യക്തമല്ല. അഥവാ അങ്ങനെ ആണെങ്കിൽ തന്നെ അറബ് മണ്ണിലെ ആദ്യ ക്ഷേത്രം വാഗ്ദാനം എന്ന അവകാശവാദത്തിന്റെ മുന ഒടിയുകയാണ്. യുപിഎ സർക്കാരിന്റെ പദ്ധതികൾ മേമ്പൊടി ചേർത്തു മഹാസംഭവമാക്കി പ്രഖ്യാപിച്ചു കൈയടി നേടുന്നു എന്ന ആക്ഷേപം നിലനിൽക്കെ പുതിയ വെളിപ്പെടുത്തലുകൾ പുത്തൻ വിവാദത്തിനു തുടക്കമേകിയിരിക്കുകയാണ്.

മോദിയുടെ യു എ ഇ സന്ദർശനത്തിൽ ക്ഷേത്രം നിർമ്മിക്കാൻ ഭൂമി നൽകി എന്നത് വ്യാജമാണെന്നും യഥാർത്ഥത്തിൽ രണ്ടു വർഷം മുൻപേ ക്ഷേത്ര നിർമ്മാണത്തിന് ഭൂമി ലഭിച്ചിട്ടുണ്ടെന്നുമുള്ള റിപ്പോർട്ടുകൾ വച്ച് സോഷ്യൽ മീഡിയയും മോദിയെ കളിയാക്കുകയാണ്. അബൂദാബിയിലെ ഒരു സ്വകാര്യവ്യക്തിയാണ് അഞ്ചേക്കറോളം ഭൂമി ക്ഷേത്ര നിർമ്മാണത്തിനായി വിട്ട് നൽകിയത്. ബൊചസൻവാസി ശ്രീ അക്ഷർ പുരുഷോത്തം സ്വാമി നാരായണ ട്രസ്ടിനാണ് ക്ഷേത്രം നിർമ്മിക്കാൻ ഭൂമി നൽകിയത്. മുസ്ലിം പള്ളിയോട് ചേർന്നാണ് ക്ഷേത്രം നിർമ്മിക്കുക. ബിംബാരാധനക്ക് വിലക്കുള്ളതിനാൽ തുടക്കത്തിൽ സ്വാമി നാരായണന്റെ ചിത്രങ്ങളിൽ പൂജിക്കാനുള്ള അനുമതി ആണ് തുടക്കത്തിൽ ലഭിക്കുക എന്നായിരുന്നു വാർത്തകൾ.

ട്രസ്റ്റിന് ആഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളിൽ നിലവിൽ ക്ഷേത്രങ്ങൾ ഉണ്ടെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. 2013 ജൂലൈ ഒമ്പതിന് ഇതുസംബന്ധിച്ച വാർത്ത ദേശീയ മാദ്ധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ടു ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ ക്ഷേത്ര നിർമ്മാണത്തിന് ഭൂമി അനുവദിച്ച യു .എ .ഇ സർക്കാറിന് നന്ദി അർപ്പിച്ചാണ് ഇന്നലെ മോദി ട്വീറ്റ് ചെയ്തത്.

ഇതിനെ പരിഹസിച്ച് സൈബർ ലോകത്തു പ്രതിഷേധം പുകയുകയാണ്. മറ്റുള്ളവരുടെ ഗർഭത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മോദി മരണമാതൃകയാകുന്നുവെന്നാണു പരിഹാസ സ്വരങ്ങൾ ഉയരുന്നത്.

വർഷങ്ങളായി യുഎഇയിലുള്ള ഹൈന്ദവ വിശ്വാസികൾക്ക് അറബികളുമായുള്ള ബന്ധത്തിന്റെ സ്വാധീനമാണ് അമ്പലത്തിന് സ്ഥലം ലഭിക്കാൻ കാരണമെന്നും അല്ലാതെ മതവിദ്വേഷവും നരഹത്യയും കുലത്തൊഴിലായി കൊണ്ടു നടക്കുന്ന സംഘികളാരും ഇതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാനായി യുഎഇയിലേക്ക് വിമാനം കേറണ്ടെന്നും സൈബർ ലോകം പരിഹസിക്കുന്നുണ്ട്.

'ക്ഷേത്രത്തിന്റെ കാര്യം മോദി അറിഞ്ഞത് യുഎഇയിൽ ചെന്നപ്പോഴാണ്. വയറ്റാട്ടി കൊച്ചിന്റെ തള്ളയാകുന്ന കാലത്ത് ഇതിനു പുതുമയില്ല. ഇനി എന്തായാലും നാറി ... അമ്പലവും കെട്ടി ഉൽഘാടിച്ചിട്ടേ മോദി നാട്ടിലേയ്കുള്ളൂ ..... അതിനു പണ്ടേ uae യിൽ അമ്പലമുണ്ടല്ലോ ?? അതു ഹിന്ദുക്കളുടേതല്ലേ ,, സംഘികൾക്കും ഒരു ക്ഷേത്രം വേണമല്ലോ അതാണീ ക്ഷേത്രം' എന്നുള്ള തരത്തിലും പരിഹാസത്തിന്റെ കൂരമ്പുകൾ എയ്യുകയാണു സോഷ്യൽ മീഡിയ.

ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ തന്നെ ഏറെ വിവാദങ്ങളുടെ ഭാഗമായിരുന്ന വ്യക്തിയാണ് നരേന്ദ്ര മോദി. ഫോട്ടോഷോപ്പിലൂടെ ഗുജറാത്തിനെ വികസിപ്പിച്ച നരേന്ദ്ര മോദിയുടേത് കള്ളക്രെഡിറ്റ് അടിച്ചെടുക്കാനുള്ള കുറുക്കന്റെ കപട ബുദ്ധിയാണെന്നും ആരോപണമുണ്ട്. ലേബർ ക്യാമ്പിൽ പോയതും ഏഴുമിനിറ്റിൽ സെൽഫി ഉൾപ്പെടെ 56 ഫോട്ടോ എടുത്തതും ഇതിന്റെ ഭാഗമാണെന്നുമാണ് വിമർശനങ്ങൾ. ഗുജറാത്ത് യൂണിവേഴ്‌സിറ്റിയിൽ എംഎയ്ക്കു പഠിച്ചവർക്ക് ഇതൊന്നും പറഞ്ഞാൽ മനസിലാകില്ല എന്നും പരിഹസിക്കുന്നുണ്ട് സോഷ്യൽ മീഡിയ.