നടൻ ദിലീപിന്റെ ഉടമസ്ഥതയിലുള്ള മൾട്ടിപ്ലക്‌സ് തിയേറ്റർ കോംപ്ലക്സ് ആയ ഡി-സിനിമാസ് ഭൂമി കൈയേറിയ സംഭവത്തിൽ തൃശൂർ ജില്ലാ ഭരണകൂടം വീഴ്ച വരുത്തിയതായി ലാൻഡ് റവന്യൂ കമ്മീഷറുടെ റിപ്പോർട്ട്. സംസ്ഥാന രൂപവത്കരണത്തിനു മുൻപ് തിരുക്കൊച്ചി മന്ത്രിസഭ ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഊട്ടുപുര നിർമ്മിക്കാൻ കൈമാറിയ ഒരേക്കർ സ്ഥലം 2005ൽ എട്ട് ആധാരങ്ങളുണ്ടാക്കി ദിലീപ് കൈവശപ്പെടുത്തിയെന്നാണു പരാതി.

ആലുവ സ്വദേശി സന്തോഷ് നൽകിയ പരാതിയിൽ തൃശൂർ ജില്ലാ കളക്ടർ എം.എസ് ജയ ദിലീപിന് അനുകൂലമായി റിപ്പോർട്ട് നൽകിയിരുന്നു. പരാതിക്കാരൻ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ഹൈക്കോടതി ഹിയറിങിനായി ലാൻഡ് റവന്യൂ കമ്മീഷറോട് നിർദേശിച്ചു. നേരത്തെ കളക്ടർ നൽകിയ റിപ്പോർട്ട് റദ്ദാക്കിയ ലാൻഡ് റവന്യൂ കമ്മീഷണർ, വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു.

എന്നാൽ തൃശ്ശൂർ ജിലാ കളക്ടർ രണ്ടു വർഷമായിട്ടും ഉത്തരവിൽ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് പരാതിക്കാർ പറയുന്നു. ആറു തവണ കളക്ടറെ നേരിട്ട് കണ്ടിട്ടും പരിഹാരമുണ്ടായില്ല. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് ജയിലിലായി ഡി സിനിമാസിന്റെ ഭൂമി വീണ്ടും വിവാദമായപ്പോൾ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനാണ് അന്വേഷത്തിന് ഉത്തരവിട്ടത്.

സംസ്ഥാന രൂപീകരണത്തിനു മുൻപ് തിരുക്കൊച്ചി മന്ത്രിസഭ ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഊട്ടുപുര നിർമ്മിക്കാൻ കൈമാറിയ ഒരേക്കർ സ്ഥലം 2005ൽ എട്ട് ആധാരങ്ങളുണ്ടാക്കി ദിലീപ് കൈവശപ്പെടുത്തിയെന്നാണു പരാതി. ഈ ഭൂമിയിൽ 35 സെന്റ് ചാലക്കുടി തോടു പുറമ്പോക്കും ഉൾപ്പെടുന്നതായുള്ള റവന്യു റിപ്പോർട്ട് മുക്കിയെന്നും ആക്ഷേപമുയർന്നിരുന്നു. എന്നാൽ ഈ ഭൂമി നേരിട്ടു ദിലീപിന്റെ കൈവശം വന്നതല്ല. സ്ഥലം വിഭജിച്ച് എട്ടു പേരുകളിൽ ആധാരം ചെയ്ത ശേഷം ഒരുമിച്ചു ദിലീപ് വാങ്ങുകയായിരുന്നു. ഭൂമി പോക്കുവരവു ചെയ്യാൻ റവന്യൂ രേഖകളിൽ ക്രമക്കേടു നടന്നതായും സംശയിക്കുന്നു. പുനഃരന്വേഷണത്തിനു ലാൻഡ് റവന്യു കമ്മിഷണർ 2015ൽ പുറപ്പെടുവിച്ച ഉത്തരവും ഭരണസ്വാധീനം ഉപയോഗിച്ചു മരവിപ്പിച്ച് അനുകൂലമാക്കി.

ഡി സിനിമാസ് എന്ന തിയറ്റർ സമുച്ചയം സർക്കാർ പുറംപോക്ക് ഭൂമികൈയേറിയെന്നും ആരോപണം ഉയർന്നിരുന്നു. കെട്ടിടം പണിതിരിക്കുന്നത് സർക്കാർ വക പുറംപോക്ക് ഭൂമിയിലാണെന്ന് പരാതിയുമായി അഭിഭാഷകൻ കെ സി സന്തോഷാണ് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ചാലക്കുടിയിൽ സ്ഥിതി ചെയ്യുന്ന ഈ ഭൂമി കൊച്ചി രാജകുടുംബത്തിന്റേതായിരുന്നു എന്നും പിന്നീട് ഊട്ടുപുര പറമ്പ് എന്ന പേരിൽ മിച്ചഭൂമിയായി സർക്കാർ രേഖകളിൽ ഉൾപ്പെടുത്തിയതുമാണെന്നും പരാതിയിൽ പറയുന്നു.

1964ൽ സർക്കാർ പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് ഈ ഭൂമി സർക്കാരിന്റേതാണെന്നും രാജകുടുംബത്തിലെ അംഗങ്ങൾക്കല്ലാതെ മറ്റാർക്കും ഇത് ഉപയോഗിക്കാൻ അധികാരമല്ലെന്നും പരാതിക്കാരനായ അഭിഭാഷകൻ ആരോപിക്കുന്നു. എന്നാൽ 2006ൽ ഈ ഭൂമിയിൽ നിന്നും 92.9 സെന്റ് ഭൂമി നടൻ ദിലീപ് വാങ്ങിയതായി രേഖയുണ്ട്.

ബിജു ഫിലിപ് , അഗസ്റ്റിൻ, പോൾ, സജി എന്നിവരിൽ നിന്നാണ് അദ്ദേഹം ഭൂമി വാങ്ങിയിരിക്കുന്നത്. 2013ൽ തന്നെ ഇതിനെതിരെ തൃശൂർ കലക്ടർക്ക് പരാതി നൽകിയിരുന്നു. എന്നാൽ ദിലീപിന്റെ കൈവശമുള്ളത് പുറംപോക്ക് ഭൂമിയല്ലെന്ന് കലക്ടർ ഉത്തരവിട്ടിരുന്നു. ഇതിനെ തുടർന്നാണ് പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്. കോടതിയിലും കാര്യങ്ങൾ നടന് അനുകൂലമായിരുന്നു.

ക്രിസ്തുമസ് റിലീസ് ചിത്രങ്ങളോടെ പ്രവർത്തനം ആരംഭിച്ച ഡി സിനിമാസിൽ 420, 240, 240 എന്നക്രമത്തിൽ 800 സീറ്റുകളും വിശാലമായ ഫുഡ് കോർട്ടും ഉണ്ട്. ചാലക്കുടി കേന്ദ്രീകരിച്ച് ദിലീപ് തുടക്കമിട്ട ഡി സിനിമാസ് മൾട്ടിപ്ലെക്‌സ് കേരളത്തിലെ എല്ലാ പ്രധാന നഗരങ്ങളിലേക്കും വ്യാപിപ്പിക്കാനായിരുന്നു ദിലീപിന്റെ പദ്ധതി. കലാഭവൻ മണിയുടെ എല്ലാ പിന്തുണയും ഈ പദ്ധതിക്കുണ്ടായിരുന്നു.