രാജ്യത്തെ പല പ്രമുഖ രാഷ്ട്രീയ നേതാക്കളുടെയും ബോളിവുഡിലെ പ്രമുഖ താരങ്ങളുടെയും കള്ളപ്പണം വെളുപ്പിച്ചുകൊടുക്കുന്നത് അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയാണെന്നതിന് കൂടുതൽ സ്ഥിരീകരണം. ഒരു പ്രമുഖ ബോളിവുഡ് നടനും ഡി കമ്പനിയിലെ പ്രമുഖരുമായുള്ള ഫോൺ സംഭാഷണം ചോർന്നതോടെയാണ് ഇക്കാര്യം കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ സ്ഥിരീകരിച്ചത്.

രാഷ്ട്രീയ നേതാക്കളുടെയും ബോളിവുഡ് താരങ്ങളുടെയും കള്ളപ്പണം വെളുപ്പിച്ചെടുക്കുന്നതിന് റൗണ്ട് ട്രിപ്പിങ് എന്നാണ് വിളിക്കപ്പെടുന്നതെന്നും ഈ ഫോൺ സംഭാഷണങ്ങൾ വ്യക്തമാക്കുന്നു. നികുതി വേണ്ടാത്ത രാജ്യങ്ങളിൽ പണം നിക്ഷേപിക്കുകയും പിന്നീട് തിരികെ ഇന്ത്യയിലെത്തിക്കുകയുമാണ് ഇതിലൂടെ ഡി കമ്പനി ചെയ്യുന്നത്.

ഇത്തരം ഫോൺ സംഭാഷണങ്ങളിൽ ദാവൂദ് ഇബ്രാഹിമിനെ ബഡേ ഹസ്രത്ത് എന്നാണ് വിശേഷിപ്പിക്കുന്നത്. ഇങ്ങനെ വെളുപ്പിച്ചെടുക്കുന്ന കള്ളപ്പണം ഇന്ത്യയിലേക്ക് കൊണ്ടുവരാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് രഹസ്യാന്വേഷണ ഏജൻസികൾ. മാത്രമല്ല, ദാവൂദിന്റെ വിശ്വസ്തർക്കിടയിലെ വിശ്വാസരാഹിത്യവും അതിനെ തുണച്ചേക്കും.

ഡി കമ്പനിയുമായി ഫോൺ സംഭാഷണത്തിലേർപ്പെട്ട ബോളിവുഡ് സൂപ്പർത്താരത്തെ കുറിച്ച് അന്വേഷണോദ്യോഗസ്ഥർക്ക് വ്യക്തമായ വിവരമുണ്ട്. 2012-നുശേഷം വിദേശത്തേയ്ക്ക് പണം കടത്തിയ മറ്റ് പ്രമുഖരുടെ വിവരങ്ങൾകൂടി ശേഖരിച്ചുകൊണ്ടിരിക്കുകയാണ് അന്വേഷണോദ്യോഗസ്ഥർ.

ബോളിവുഡ് സിനിമാ ലോകത്ത് ഏറെക്കാലമായി തിളങ്ങിനിൽക്കുന്നയാളാണ് ഈ സൂപ്പർത്താരം. മറ്റു പ്രമുഖരിൽ രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരുമുണ്ട്. 90-കൾ മുതൽക്കുതന്നെ ഡി കമ്പനിക്ക് ബോളിവുഡ് സിനിമാ ലോകത്ത് ആഴത്തിലുള്ള ബന്ധങ്ങളുണ്ട്. എന്നാൽ, അന്വേഷണ ഏജൻസികൾ പിടിമുറുക്കിയതോടെ ദാവൂദ് ഈ രംഗത്തുനിന്ന് പിന്മാറുകയായിരുന്നു.

ഏതായാലും പുതിയ ഫോൺ സംഭാഷണങ്ങൾ പണമിടപാട് ഇപ്പോഴും നടക്കുന്നുണ്ടെന്ന് ഉറപ്പിക്കുന്നു. പാക്കിസ്ഥാനിലെയും ഷാർജയിലെയും ഡി കമ്പനി അംഗങ്ങളുമായുള്ള ഫോൺ സംഭാഷണങ്ങളാണ് ചോർത്തിയിട്ടുള്ളത്. 2012-നുശേഷം പാനമയിലേക്കും കാനഡയിലേക്കും പണം കടത്തിയതിനെക്കുറിച്ച് ഇതിൽ വ്യക്തമായ വിവരങ്ങളുണ്ട്.

ഒരു സംഭാഷണത്തിൽ 45 എന്ന സംഖ്യയെക്കുറിച്ച് സംസാരിക്കുന്നുണ്ട്. ഇതിൽ 20 ബോളിവുഡ് സൂപ്പർത്താരത്തിന്റേതാണ്. അഞ്ച് ഡി കമ്പനിയുടെ കമ്മീഷനും. ശേഷിച്ച തുക പാനമയിലും കാനഡയിലുമായി നിക്ഷേപിക്കുന്ന കാര്യവും സംസാരിക്കുന്നുണ്ട്. 45 എന്നത് 45 കോടിയാണോ 4500 കോടിയാണോ എന്ന് വ്യക്തമല്ല.