കോഴിക്കോട്: രാജാവിനേക്കാൽ വിലിയ രാജഭക്തി കാണിക്കാനായിരുന്നു കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഇ.കെ.സുരേഷ്‌കുമാറിന്റെ ശ്രമം. വനിതാമതിൽ പണിയുന്ന പുതുവൽസര ദിനത്തിൽ സ്‌ക്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. പ്രതിഷേധം ശക്തമാകുമെന്ന് ഭയന്ന് ഒടുവിൽ അവധി ഉച്ചക്ക് ശേഷമായി ചുരുക്കി തടിയൂരി.

ഒന്ന് മുതൽ പത്താം ക്ലാസ് വരെയുള്ള സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധിയായിരിക്കുമെന്നും പകരം 19 ന് പ്രവൃത്തി ദിനമായിരിക്കുമെന്നും വാർത്താകുറിപ്പ് ഇറക്കി. സോഷ്യൽ മീഡിയ വഴി ഇക്കാര്യം ഉപഡയറക്ടർ തന്നെ വിവിധ ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്തു. പത്രഓഫീസുകളിൽ ഇത് സംബന്ധിച്ചുള്ള കുറിപ്പും ഇ.മൈയിൽ വഴി എത്തിച്ചു. അതോടെയാണ് പ്രതിഷേധവുമായി കോൺഗ്രസ്, ലീഗ് അനുകൂല അദ്ധ്യാപക സംഘടനകൾ രംഗത്തെത്തിയത്. 19 നുള്ള പ്രവൃത്തി ദിവസം ബഹിഷ്‌കരിക്കാനായിരുന്നു വിവിധ അദ്ധ്യാപക സംഘടനകളുടെ തീരുമാനം. ചൊവ്വാഴ്ച ഡി.ഡി.ക്കെതിരെ ശക്തമായ സമരം നടത്താനും പദ്ധതിയിട്ടു. ഡി.ഡി.ഓഫീസ് മാർച്ച്, ഓഫീസ് ഉപരോധം തുടങ്ങി വിവിധ സമര പരിപാടികളായിരുന്നു വിവിധ സംഘടകൾ പദ്ധതിയിട്ടിരുന്നത്.

സിപിഎം.ഓഫീസിൽ നിന്നും പറയുന്ന കാര്യങ്ങൾ അപ്പടി അനുസരിക്കുന്ന രീതിയിലുള്ള ഡി.ഡി.എന്നാണ് സുരേഷ്‌കുമാറിനെ കുറിച്ച് അദ്ധ്യാപക ലോകത്തുള്ള പരാതി. നേരത്തെ സുരേഷ് നാദാപുരം ക്രസന്റ് സ്‌ക്കൂളിലെ അദ്ധ്യാപകനായ ഘട്ടത്തിലാണ് ഡി.ഡി.ആയി നിയമനം ലഭിക്കുന്നത്. ലീഗിന്റെ നിയന്ത്രണത്തിലുള്ള സ്‌ക്കൂളിൽ ലീഗ് നേതാക്കളെ സ്വാധീനിച്ചായിരുന്നു അദ്ധ്യാപകനായി ജോലിയിൽ കയറിയത്. കഴിഞ്ഞ ഭരണത്തിൽ വടകര ഡി.ഇ.ഒ.ആയ ഘട്ടത്തിൽ ലീഗ് നേതാക്കൾ പറയുന്ന കാര്യങ്ങൾ അപ്പടി അനുസരിക്കുന്ന പ്രകൃതമായിരുന്നുവെന്ന് ലീഗ് നേതാക്കൾ തന്നെ പറയുന്നു.

വടകര ഡി.ഇ.ഒ.ആയ സമയത്ത് സേവ് എന്ന പദ്ധതി സുരേഷിന്റെ നേത്യത്വത്തിൽ നടത്തിയിരുന്നു. മാത്യഭൂമി പത്രം നടത്തിയ പദ്ധതി കോപ്പിയടിച്ചാണ് സേവ് എന്ന പദ്ധതി നടപ്പിലാക്കിയതെന്ന് അന്ന് തന്നെ ആരോപണമുയർന്നിരുന്നു. പരിസ്ഥിതി പ്രമേയത്തിന് താൽപര്യം കൊടുത്തുകൊണ്ടുള്ള പദ്ധതിയായതിനാൽ അന്ന് ഏറെ വാർത്താ പ്രാധാന്യം ലഭിച്ചിരുന്നു. എന്നാൽ മീഡിയ പബ്ലിസിറ്റിക്ക് മാത്രമായിട്ടാണ് വിവിധ പദ്ധതികൾ അന്ന് തുടങ്ങിയതെന്നായിരുന്നു പ്രധാന പരാതി.

സിപിഎം.ഭരണത്തിലെത്തിയതോടെ സിപിഎം.നേതാക്കളുടെ ഇഷ്ടപുത്രനായി മാറുകയായിരുന്നു. കോഴിക്കോട് ജില്ലയിലെ ഡി.ഡി.യായി നിയമിച്ചത് തന്നെ സിപിഎം നേത്യത്വം പ്രത്യേക താൽപര്യമെടുത്താണ്. ജില്ലാ കമ്മിറ്റി ഓഫീസിലെ നിർദ്ദേശമാണ് സ്‌ക്കൂളിന് അവധി കൊടുക്കാൻ ഇടയാക്കിയതെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ അദ്ധ്യാപക സംഘടനകളുടെ പ്രതിഷേധം ശക്തമായതോടെയാണ് ഡി.ഡി.തന്നെ പുനർവിചിന്തനം നടത്തിയത്.

കഴിഞ്ഞ പ്രളയ സമയത്ത് ജില്ലയിൽ ഹൈസ്‌ക്കൂളുകൾക്കും ഹയർസെക്കൻഡറി വിഭാഗത്തിനും ഒരേ പോലെ അവധി നൽകിയത് ഏറെ വിവാദങ്ങൾക്കിടയാക്കിയരുന്നു.നിയമ പ്രകാരം ഹൈസ്‌ക്കൂളുകൾക്ക് മാത്രമാണ് ഡി.ഡി.ക്ക് അവധി നൽകാൻ അവകാശമുള്ളത്. ഹയർസെക്കൻഡറി വിഭാഗത്തിന് അവധി നൽകേണ്ടത് ആർഡി.ഡി.മാരാണ്.എന്നാൽ ജില്ലയിലെ മുഴുവൻ സ്‌ക്കൂളുകൾക്കും അവധി നൽകിയതായി നിരവധി തവണ പത്രകുറിപ്പ് ഇറക്കിയത് ജില്ലയിലെ ഹയർസെക്കൻഡറി വിഭാഗം തലവന് ഏറെ അലോസരം സൃഷ്ടിച്ചിരുന്നു. എറണാകുളത്തുള്ള വനിതാ ആർ.ഡി.ഡി.യായിരുന്നു കോഴിക്കോട് ഉള്ളത്. അതിനാൽ അന്നുള്ള പരാതി വാക്കിലൊതുക്കുകയായിരുന്നു.