കൊച്ചി: സിവിൽ സർവ്വീസ് പരീക്ഷാഫലമെത്തുമ്പോൾ പല സൂപ്പർതാരങ്ങളുമെത്തും. കഠിനാധ്വാനത്തിലൂടെ ഒന്നാമത് എത്തുന്നവർ. സ്വപ്‌ന സാക്ഷാത്കാരത്തിനായി ജീവിതം ഒഴിഞ്ഞു വച്ചവർ. അങ്ങനെ പല കഥകളുമെതത്തും. ഇത്തവണ സിവിൽ സർവ്വീസ് പരീക്ഷാഫലമെത്തുമ്പോൾ ഇതുവരെ കേൾക്കാത്ത ഒരു ജീവിത കഥയുമുണ്ട്. കൂലിപ്പണിക്കാരന്റെ മകൻ സിവിൽ സർവ്വീസ് പരീക്ഷയിൽ റാങ്ക് നേടിയിരിക്കുന്നു. എറണാകുളത്തെ ഉദയംപേരൂർ സ്വദേശിയായ സതീവ് വി മേനോന്റെ നേട്ടം സ്വപ്‌ന തുല്യമാണ്. പ്രാരാബ്ദങ്ങളോട് പടവെട്ടിയാണ് സതീഷിന്റെ നേട്ടം. സമ്പന്ന വിഭാഗത്തിന് മാത്രമല്ല നിശ്ചയദാർഡ്യമുണ്ടെങ്കിൽ ആർക്കും ഇതൊക്കെ പ്രാപ്യമാകുമെന്നതിന് തെളിവാണ് സതീഷിന്റെ സിവിൽ സർവ്വീസ് പരീക്ഷയിലെ 432-ാം റാങ്ക്.

മരട് നിരവത്ത് പറമ്പിൽ വിശ്വനാഥമേനോന്റെയും മാലതിയുടെയും മകനായ സതീഷ് ഇപ്പോൾ കണ്ടനാടുള്ള വാടക വീട്ടിലാണ് താമസം. ലൈബ്രറികളിൽ കയറിയിറങ്ങി പുസ്തകങ്ങൾ റഫർ ചെയ്തും ഇൻർനെറ്റ് കഫേകളുടെ സഹായത്താൽ വിവരങ്ങൾ തേടി കണ്ടു പിടിച്ചും സതീഷ് നേട്ടമുണ്ടാക്കി. വെള്ളിക്കരണ്ടിയുമായി ജനിച്ചില്ലെങ്കിൽ സിവിൽ സർവ്വീസിൽ വെന്നിക്കൊടി പാറിക്കാമെന്ന് തെളിയിക്കുകയാണ് കൂലിപ്പണിക്കാരന്റെ മകൻ. ജീവിത പ്രാരാബ്ദങ്ങൾക്കിടയിലും അച്ഛനും അമ്മയും നൽകിയ പിന്തുണ തന്നെയാണ് തുണയായത്. ഈ വിജയം മാതാപിതാക്കൾക്കും ഗുരുനാഥന്മാർക്കും സമർപ്പിക്കുകയാണ് സതീഷ്.

റാങ്ക് പട്ടികയിൽ പിന്നിലായതിനാൽ ഐഎഎസോ ഐഎഫ്എസോ കിട്ടില്ല. ഇതു രണ്ടും മനസ്സിൽ വച്ചാണ് സതീഷ് സിവിൽ സർവ്വീസിൽ ഒരകു കൈനോക്കാനിറങ്ങിയത്. പ്രിഡിഗ്രിക്ക് ശേഷം എഞ്ചിനിയറിംഗായിരുന്നു സ്വപ്നം. എന്നാൽ വീട്ടിലെ ബുദ്ധിമുട്ടു കാരണം എഞ്ചിനിയറിങ് സ്വപ്‌നം ഉപേക്ഷിച്ചു. പിന്നെ ഫിസിക്‌സിൽ ബിരുദാന്തര ബിരുദം നേടി. അതിനു ശേഷം നിത്യവൃത്തിക്കായി ട്യൂഷനെടുക്കൽ. ഈ ഓട്ടത്തിനിടയിൽ കിട്ടിയ സമയമായിരുന്നു സിവിൽ സർവ്വീസ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിന് സതീഷിന് മുന്നിലുണ്ടായിരുന്നത്. വീട്ടിൽ സ്വന്തമായ കമ്പ്യൂട്ടറില്ല. വില കൂടിയ ബുക്കകുൾ വാങ്ങാൻ കാശുമില്ല. ഉപദേശം നൽകാൻ കുടുംബ സുഹൃത്തുക്കളായ ഐഎഎസ് പ്രമുഖരുമില്ല. എന്നിട്ടും സതീഷ് പൊരുതി സിവിൽ സർവ്വീസ് സ്വപ്‌നം സ്വന്തമാക്കി. ഐപിഎസോ ഐആർഎസോ ഇപ്പോഴത്തെ റാങ്കിൽ സതീഷിന് കിട്ടും. ഐഎഎസിനു വേണ്ടി ഒന്നു കൂടി ശ്രമിക്കാനും സതീഷ് ആലോചിക്കുന്നുണ്ട്.

സർക്കാർ സ്‌കൂളിലും കോളെജിലും പഠിച്ചാണ് സതീഷ് മികവ് കാട്ടുന്നത്. സിവിൽ സർവ്വീസിനായി ഒരിക്കൽപ്പോലും കോച്ചിങ്ങിനു പോയിട്ടുമില്ല. ഇന്റർവ്യൂവിന് മാത്രമാണ് പരിശീലനത്തിന് പോയത്. മൂന്നു തവണയാണ് സിവിൽ സർവീസ് പരീക്ഷ എഴുതിയത്. ആദ്യ രണ്ടു തവണയും കടന്നു കൂടാനായില്ല. കോച്ചിങ്ങിന് പോകാൻ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ വീട്ടിലെ സാഹചര്യങ്ങൾ അനുവദിച്ചില്ല. വാടകവീട്ടിലാണ് ഇപ്പോഴും താമസിക്കുന്നത്. കൊച്ചിയിൽ സിവിൽ സർവീസിന്റെ കോച്ചിങ്ങിനായി നല്ല സെന്ററുകളുമില്ല. തിരുവനന്തപുരത്തും ഡൽഹിയിലും പോയി പഠിക്കാനുള്ള സാഹചര്യമില്ല. വീട്ടിൽ നിന്നു വിട്ടുനിൽക്കാൻ പറ്റില്ല. ഇതിനാൽ സ്വയം പഠിക്കാൻ തീരുമാനിച്ചു.-ഈ നിശ്ചയദാർ്ഡ്യമാണ് വിജയിക്കുന്നത്.

കുട്ടിക്കാലം മുതൽ സർക്കാർ സ്‌കൂളിലും കോളെജിലുമാണ് പഠിച്ചത്. ഉദയംപേരൂർ എസ്എൻഡിപി സ്‌കൂളിലായിരുന്നു പഠനം. ഇതിനു ശേഷം തേവര എസ്എച്ച് കോളെജിൽ നിന്ന് ബിഎസ്സി ഫിസിക്‌സിൽ ബിരുദം നേടി. ഇതിനു ശേഷം മഹാരാജാസിൽ നിന്നു എംഎസ്സി ഫിസിക്‌സ്. പിജി നേടിയ ശേഷമാണ് സിവിൽ സർവീസിനായി പരിശ്രമിക്കാൻ തുടങ്ങിയത്. ചെറുപ്പം മുതലേ സിവിൽ സർവീസ് ആഗ്രഹമുണ്ടായിരുന്നു. ഡിഗ്രിക്കു പഠിക്കുമ്പോഴാണ് സീരിയസായി തയ്യാറെടുപ്പുകൾ തുടങ്ങിയത്. പത്രങ്ങളും ആനുകാലികളും സ്ഥിരമായി വായിക്കും. വിവിധ വിഷയങ്ങളെക്കുറിച്ചുള്ള പുസ്തകങ്ങളും ലൈബ്രറിയിൽ നിന്ന് ശേഖരിക്കും. എറണാകുളം പബ്ലിക് ലൈബ്രറി, കാക്കനാട് ഇഎംഎസ് ലൈബ്രറി എന്നിവിടങ്ങളിൽ നിന്നാണ് സ്ഥിരമായി പുസ്തകങ്ങൾ എടുത്തിരുന്നത്. പത്രം വായനതന്നെയായിരുന്നു വിവരങ്ങൾ അറിയാനുള്ള പ്രധാന വഴി

മാതൃഭാഷയായ മലയാളമാണ് ഐച്ഛികവിഷയമായി തെരഞ്ഞെടുത്തത്. മലയാളത്തോട് ചെറുപ്പം മുതലേ ഇഷ്ടം കൂടുതലായിരുന്നു. വായനയും എഴുത്തും കുട്ടിക്കാലത്തേ പ്രിയങ്കരം. ഏതു ചുമതലയിൽ എത്തിയാലും സാധാരണ ജനത്തിന് വേണ്ടി പ്രവർത്തിക്കാൻ ശ്രമിക്കും. ഒരു സാധാരണ കുടുംബത്തിലാണ് ഞാൻ ജനിച്ചത്. പലപ്പോഴും നമ്മുടെ രാജ്യത്ത് സാധാരണക്കാർക്ക് ആരുമില്ലാത്ത അവസ്ഥയുണ്ടാകാറുണ്ട്. അവരുടെ പ്രശ്‌നങ്ങൾ കേൾക്കാൻ ആരുമില്ലാത്ത അവസ്ഥ വന്നു ചേരുന്നു. ഇത്തരക്കാരുടെ സ്വപ്നങ്ങളും പ്രശ്‌നങ്ങളും മനസിലാക്കാൻ ശ്രമിക്കുമെന്നും സതീഷ് ഫറയുന്നു

കുത്തിയിരിക്കാനുള്ള മനസാണ് സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ ആദ്യം വേണ്ടത്. ഒരു വർഷം നീണ്ടു നിൽക്കുന്ന പ്രൊസസാണ് സിവിൽ സർവീസ് പരീക്ഷ. ഒന്നോ രണ്ടോ തവണ പരിശ്രമിച്ചാൽപ്പോലും ചിലപ്പോൾ പ്രവേശനം ലഭിക്കണമെന്നില്ല. ഒരേ മനസോടെ ഇരുന്നു പഠിക്കണം. വലിയ ബുദ്ധിയൊന്നും ആവശ്യമില്ല. ആത്മാർഥമായി പ്രയത്‌നിച്ചാൽ സാധാരണ വിദ്യാർത്ഥികൾക്കു പോലും വിജയം നേടാൻ സാധിക്കുമെന്നാണ് വലിയ നേട്ടത്തെ കുറിച്ച് സതീഷിന് പറയാനുള്ളത്.