അഹമ്മദാബാദ്: ദളിതർക്ക് മേൽജാതിക്കാരെ പോലെ മീശവയ്ക്കാൻ പോലും പാടില്ലെന്ന് വ്യക്തമാക്കി ഗുജറാത്തിൽ അക്രമം. രണ്ട് യുവാക്കൾക്ക് മേൽജാതിക്കാരുടെ ക്രൂരമർദ്ദനമേറ്റു. ഗാന്ധിനഗറിനു സമീപമുള്ള ഗ്രാമത്തിൽ മീശ വച്ചതിന് രണ്ടു ദലിത് യുവാക്കളെ മേൽജാതിക്കാർ ക്രൂരമായി മർദിക്കുകയായിരുന്നു.

നിയമവിദ്യാർത്ഥി കൃനാൽ മഹേരി (30), പീയുഷ് പർമാർ (24) എന്നിവർക്കാണു മർദനമേറ്റത്. മീശവച്ചാൽ നീയൊന്നും രജപുത്രനാവില്ലെന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു അക്രമം നടന്നത്.

കൃനാലിനു കഴിഞ്ഞ മാസം 25നും പീയുഷിന് 29നും ആണ് മർദനമേറ്റത്. കൃനാലിന്റെ പരാതിയിൽ രജപുത്ര വിഭാഗത്തിൽപെട്ട ഭരത് സിങ് വഗേലയെ പൊലീസ് അറസ്റ്റ് ചെയ്തു. സുഹൃത്തിനെ സന്ദർശിക്കാൻ ഗാന്ധിനഗറിൽ എത്തിയ കൃനാലിനെ വഗേലയും കൂട്ടരും 'മീശ വച്ചാൽ രജപുത്രനാകില്ല' എന്നു പറഞ്ഞു കളിയാക്കിയശേഷം മർദിക്കുകയായിരുന്നു.

ലിംബോദര ഗ്രാമത്തിൽ ഗർബ ചടങ്ങിനുശേഷം മടങ്ങുകയായിരുന്ന പർമാറിനെ മീശ വച്ചതിന്റെ പേരിൽ അപഹസിച്ചാണ് മൂന്നംഗ സംഘം മർദിച്ചത്.പിയൂഷ് മീശ വളർത്തിയത് തങ്ങൾക്ക് ഇഷ്ടമായില്ലെന്ന് പറഞ്ഞായിരുന്നു ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് മയൂർസിങ് വഗേല, രാഹുൽ വിക്രംസിങ് സെറാത്തിയ, അജിത് സിങ് വഗേല എന്നിവർക്കെതിരെ കേസെടുത്തു.