തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ഗുജറാത്ത് മാതൃകയിൽ സി.എം ഡാഷ്‌ബോർഡ് സംവിധാനം സ്ഥാപിക്കണമെന്ന് ചീഫ് സെക്രട്ടറി ഡോ.വി.പി. ജോയി. ഇത് സംബന്ധിച്ച റിപ്പോർട്ട് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കൈമാറി. ഗുജറാത്ത് മോഡൽ നടപ്പിലാക്കുന്നത് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ശേഷമായിരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഗുജറാത്തിലെ ഡാഷ് ബോർഡിന് പിന്നിൽ. ഇതാണ് കേരളത്തിലും നടപ്പാക്കുന്നത്.

ചീഫ് സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ട് മുഖ്യമന്ത്രി തന്റെ ചീഫ് പ്രിൻസിപ്പൾ സെക്രട്ടറിയായ ഡോ.കെ.എം.എബ്രഹാമിന് കൈമാറി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലായിരിക്കും സി.എം.ഡാഷ് ബോർഡ് സംവിധാനം സ്ഥാപിക്കുന്നത്. ഗുജറാത്തിലും സി.എം. ഡാഷ് ബോർഡ് സംവിധാനം സ്ഥാപിച്ചിരിക്കുന്നത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ്. ഗുജറാത്ത് മോഡൽ അടിയന്തിരമായി നടപ്പിലാക്കാനാണ് മുഖ്യമന്ത്രിയും ഉദ്ദേശിക്കുന്നത്.

ഡാഷ് ബോർഡ് സംവിധാനം ക്ലിഫ് ഹൗസിൽ സ്ഥാപിക്കാനുള്ള ചുമതല ഊരാലുങ്കലിനായിരിക്കും. ക്ലിഫ് ഹൗസിൽ അടുത്തിടെ നടന്ന 98 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളും ഊരാലുങ്കലിനായിരുന്നു. നിയമസഭയിൽ ഇ-നിയമസഭ സംവിധാനം ഒരുക്കിയത് ഊരാലുങ്കലിനായിരുന്നു. ഇതുകൊണ്ടാണ് ഡാഷ് ബോർഡ് സംവിധാനവും ഇവരെ ഏൽപിക്കാൻ ഉദ്ദേശിക്കുന്നത്. ക്ലിഫ് ഹൗസ് വളപ്പിൽ ഇതിനായി പ്രത്യേക കെട്ടിടം സ്ഥാപിക്കും.

ഡാഷ് ബോർഡ് സിസ്റ്റം ഏറ്റവും ഫലപ്രദമായി രാജ്യത്ത് നടക്കുന്നത് തമിഴ് നാട്ടിലാണ്. അവിടെ സന്ദർശിക്കാതെ മുഖ്യമന്ത്രി ചീഫ് സെക്രട്ടറി ഡോ.വി.പി ജോയിയെ ഗുജറാത്തിലേക്കയച്ചത് പ്രധാനമന്ത്രിയായ നരേന്ദ്ര മോദിയുടെ നിർദ്ദേശപ്രകാരമായിരുന്നു. ഗുജറാത്തിലെ ബിജെപി സർക്കാർ കേരളം പഠിക്കാൻ വന്നത് ചർച്ചയാക്കുകയും രാഷ്ട്രിയ നേട്ടമായി ഉയർത്തുകയും ചെയ്തു.

വിദ്യാഭ്യാസ രംഗത്തെ കേളികേട്ട കേരള മോഡലിനെ തള്ളി ചീഫ് സെക്രട്ടറി ഗുജറാത്ത് പുതിയതായി ആവിഷ്‌കരിച്ച വിദ്യാഭ്യാസ രീതിയും പഠിക്കാനെത്തിയതും അതിനെ പുകഴ്‌ത്തിയതും ബിജെപി തങ്ങളുടെ രാഷ്ട്രിയ നേട്ടമായി ഉയർത്തിയിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ ഉപദേശം സ്വീകരിച്ചാണ് ഗുജറാത്ത് മോഡൽ ഡാഷ് ബോർഡ് സിസ്റ്റം പഠിക്കാനുള്ള കേരളത്തിന്റെ തീരുമാനം . ഡാഷ് ബോർഡ് സിസ്റ്റത്തെ കുറിച്ച് അവതരണം നടത്തുണമെന്ന് കൂടി ഗുജറാത്ത് ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ കേരളം ആവശ്യപ്പെട്ടുണ്ട്.

ഏപ്രിൽ 20 ന് ചീഫ് സെക്രട്ടറി വിപി ജോയി ഗുജറാത്ത് ചീഫ് സെക്രട്ടറി പങ്കജ് കുമാറിന് അയച്ച കത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ കൂടിക്കാഴ്ചയിൽ ഗുജറാത്തിലെ ഡാഷ് ബോർഡ് സിസ്റ്റം മികച്ചതാണെന്ന് സൂചിപ്പിച്ചിട്ടുണ്ട്. കേരളത്തിൽ ഇത് നടപ്പാക്കാനാകുമോയെന്നറിയാൻ ഗുജറാത്തിൽ പോയി പരിശോധിക്കാൻ തന്നോട് ഉപദേശിച്ചതായി ചീഫ് സെക്രട്ടറിയുടെ കത്തിലുണ്ട്. ഡാഷ് ബോർഡ് സംവിധാനത്തെ കുറിച്ചുള്ള അവതരണം നടത്താനുള്ള സൗകര്യം ഒരുക്കണമെന്ന് ഗുജറാത്ത് ചീഫ് സെക്രട്ടറിയോട് അഭ്യർത്ഥിക്കുന്നതാണ് കത്ത്.

ഗുജറാത്ത് ഇതിന് തയ്യാറാണെന്ന് അറിയിച്ചതോടെയാണ് സംസ്ഥാന സർക്കാർ ചീഫ് സെക്രട്ടറിക്കും സംഘത്തിനും യാത്രാനുമതി നൽകിയത്.കേരളത്തിൽ 278 സേവനങ്ങൾക്ക് ഡാഷ്‌ബോഡ് ഉണ്ടെന്നും അതിൽ 75 ഡാഷ് ബോർഡുകൾ മാത്രമാണ് കാര്യക്ഷമമായി പ്രവർത്തിക്കുന്നത്. ചീഫ് സെക്രട്ടറിയും സെക്രട്ടറിമാരുമായി നടന്ന 2021 നവംബർ 26 ലെ യോഗത്തിന്റെ മിനിറ്റ്‌സിലാണ് ഇതിന്റെ വിശദാംശങ്ങൾ ഉള്ളത്. കേരളത്തിൽ ഡാഷ് ബോർഡ് ഉള്ളപ്പോൾ ചീഫ് സെക്രട്ടറി അടിയന്തിരമായി ഗുജറാത്തിൽ പോയി ഡാഷ് ബോർഡ് സിസ്റ്റം എന്തിന് പഠിക്കുന്നു എന്ന ചോദ്യമാണുയരുന്നത്. സർക്കാരിന്റെ സേവനങ്ങളും അവ ലഭ്യമാക്കുന്നതിന്റെ പുരോഗതിയും ജനങ്ങളെ അറിയിക്കുന്നതിൽ വകുപ്പുകൾ പരാജയപ്പെടുന്നെന്ന് വകുപ്പു സെക്രട്ടറിമാരുടെ യോഗത്തിൽ സ്വയം വിമർശനവും ഉണ്ടായി.

ആകെ 578 സേവനങ്ങളാണ് സർക്കാർ ജനങ്ങൾക്കു നൽകുന്നത്. 278 സേവനങ്ങൾക്കു മാത്രമേ ഇപ്പോൾ ഡാഷ്‌ബോർഡുള്ളൂ. ഇതിൽ 75 ഡാഷ്‌ബോർഡുകൾ മാത്രമേ ഫലപ്രദമായി പ്രവർത്തിക്കുന്നുള്ളൂവെന്നും നവംബർ 26ന് വിളിച്ച വകുപ്പു സെക്രട്ടറിമാരുടെ യോഗത്തിൽ ചീഫ് സെക്രട്ടറി കുറ്റപ്പെടുത്തിയിരുന്നു. ചീഫ് സെക്രട്ടറിയുടെ ഗുജറാത്ത് സന്ദർശനത്തിനും പഠനത്തിനുമെതിരെ സംസ്ഥാനത്തെ പ്രതിപക്ഷം രംഗത്ത് വന്നിരുന്നു. കേരളത്തിന് ഗുജറാത്തിൽ നിന്ന് ഒന്നും പഠിക്കാനില്ല എന്ന പ്രതിപക്ഷത്തിന്റെ വിമർശനം മുഖ്യമന്ത്രി കാര്യമാക്കുന്നില്ല. ചീഫ് സെക്രട്ടറി സമർപ്പിച്ച ഗുജറാത്ത് മോഡൽ സംസ്ഥാനത്തും നടപ്പാക്കി പ്രധാനമന്ത്രിയുടെ ' ഗുഡ് ബുക്കിൽ ' കയറാനാണ് പിണറായിയുടെ ശ്രമം. അതിലൂടെ പിണറായി ലക്ഷ്യം വയ്ക്കുന്നത് കെ റയിൽ നടപ്പാക്കാൻ നരേന്ദ്ര മോദിയുടെ അനുമതിയും .