- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിൽ 278 സേവനങ്ങൾക്ക് ഡാഷ്‌ബോഡ്; 75 ഡാഷ് ബോർഡുകൾ കാര്യക്ഷമം; 2021 നവംബർ 26 ലെ യോഗത്തിന്റെ മിനിറ്റ്സ് നടപ്പാക്കിയാൽ എല്ലാം സുതാര്യമാകും; എന്നിട്ടും പഠിക്കാൻ ഗുജറാത്തിലേക്ക് പോയ ചീഫ് സെക്രട്ടറി; ഈ യാത്ര കെ റെയിലിൽ മോദിയെ അനുകൂലമാക്കുമോ?
കൊച്ചി: തിരുവനന്തപുരം: കേരളത്തിൽ 278 സേവനങ്ങൾക്ക് ഡാഷ്‌ബോഡ് ഉണ്ടെന്നും അതിൽ 75 ഡാഷ് ബോർഡുകൾ മാത്രമാണ് കാര്യക്ഷമമായി പ്രവർത്തിക്കുന്നതെന്നും ചീഫ് സെക്രട്ടറി. ചീഫ് സെക്രട്ടറിയും സെക്രട്ടറിമാരുമായി നടന്ന 2021 നവംബർ 26 ലെ യോഗത്തിന്റെ മിനിറ്റ്‌സിലാണ് ഇതിന്റെ വിശദാംശങ്ങൾ ഉള്ളത്. കേരളത്തിൽ ഡാഷ് ബോർഡ് ഉള്ളപ്പോൾ ചീഫ് സെക്രട്ടറി അടിയന്തിരമായി ഗുജറാത്തിൽ പോയി ഡാഷ് ബോർഡ് സിസ്റ്റം എന്തിന് പഠിക്കുന്നു എന്ന ചോദ്യമാണുയരുന്നത്.
ഗുജറാത്തിൽ കേരള സംഘം പോയതും ചർച്ച ചെയ്തതും ബിജെപി വലിയ ചർച്ചയാക്കുന്നുണ്ട്. കെ റെയിലിൽ ബിജെപിയുടേയും മോദിയുടേയും പിന്തുണ കിട്ടാൻ വേണ്ടിയാണ് ഗുജറാത്തിലേക്ക് കേരള സംഘം പോയതെന്ന വാദം ശക്തമാണ്. പ്രധാനമന്ത്രി മോദിയുടെ പിന്തുണ കെ റെയിലിന് അനിവാര്യമാണ്. അതുകൊണ്ടാണ് കേരളവും ഗുജറാത്ത് മോഡലിനെ ചർച്ചയാക്കുന്നത്. ഇതിന്റെ ഗുണം വരാനിരിക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കിട്ടിയേക്കും.
കേരളത്തിലും ഡാഷ് ബോർഡ് ഉണ്ട്. സർക്കാരിന്റെ സേവനങ്ങളും അവ ലഭ്യമാക്കുന്നതിന്റെ പുരോഗതിയും ജനങ്ങളെ അറിയിക്കുന്നതിൽ വകുപ്പുകൾ പരാജയപ്പെടുന്നെന്ന് വകുപ്പു സെക്രട്ടറിമാരുടെ 2021 നവംബർ 26 ലെ യോഗത്തിൽ സ്വയം വിമർശനം . ആകെ 578 സേവനങ്ങളാണ് സർക്കാർ ജനങ്ങൾക്കു നൽകുന്നത്. 278 സേവനങ്ങൾക്കു മാത്രമേ ഇപ്പോൾ ഡാഷ്‌ബോർഡുള്ളൂ. ഇതിൽ 75 ഡാഷ്‌ബോർഡുകൾ മാത്രമേ ഫലപ്രദമായി പ്രവർത്തിക്കുന്നുള്ളൂവെന്നും നവംബർ 26ന് വിളിച്ച വകുപ്പു സെക്രട്ടറിമാരുടെ യോഗത്തിൽ ചീഫ് സെക്രട്ടറി കുറ്റപ്പെടുത്തി.
മാനുഷിക വികസന സൂചികകളിലും ഇഗവേണൻസിലും കേരളം മുന്നിലാണെന്ന് സർക്കാർ അവകാശപ്പെടുമ്പോഴാണ് വകുപ്പുകൾ ഇഗവേണൻസിൽ മോശം പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്ന് ഉദ്യോഗസ്ഥരുടെ യോഗം വിലയിരുത്തിയത്. മുഖ്യമന്ത്രിയുടെ പോർട്ടലിൽ ജനങ്ങൾക്കു പരാതി രേഖപ്പെടുത്താൻ ബുദ്ധിമുട്ടാണെന്നും ഇത് പരിഹരിക്കണമെന്നും ചീഫ് സെക്രട്ടറി നിർദ്ദേശിച്ചു. തുടർന്ന്, തിരുത്തൽ നടപടികൾക്കായി യോഗത്തിന്റെ മിനുട്‌സ് ഡിസംബറിൽ എല്ലാ വകുപ്പു സെക്രട്ടറിമാർക്കും ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് അയച്ചു കൊടുത്തു. ഇതെല്ലാം സാങ്കേതികമായി ചെറിയ മാറ്റങ്ങിളിലൂടെ നടപ്പാക്കാവുന്നതേ ഉള്ളൂ.
ഗുജറാത്തിലെ ചീഫ് മിനിസ്റ്റേഴ്‌സ് ഡാഷ്‌ബോർഡിനെക്കുറിച്ചു പഠിക്കാൻ ചീഫ് സെക്രട്ടറി അവിടേയ്ക്കു പോയതും സംസ്ഥാനത്തെ വിവിധ വകുപ്പുകളുടെ ഡാഷ്‌ബോർഡുകൾ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണെന്ന് പറയുന്നു. സ്‌കൂളുകൾ, കോളജുകൾ, ആശുപത്രികൾ, പൊലീസ് സ്റ്റേഷൻ, കൃഷി ഭവൻ തുടങ്ങി എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും ഓഫിസ് മാനേജ്‌മെന്റ് സോഫ്റ്റ്‌വെയർ അനിവാര്യമാണെന്നും യോഗം വിലയിരുത്തിയിരുന്നു. ഇതിനായി സ്‌പെഷൽ റൂൾസിൽ അതത് വകുപ്പുകൾ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചു. ആധാർ അധിഷ്ഠിത സ്‌കീമുകളെല്ലാം ഒരു പോർട്ടലിൽ കൊണ്ടു വരണം. ഓഗസ്റ്റ് 15 നു മുൻപ് എല്ലാ ഡിജിറ്റൽ ഇഗവേണൻസ് സേവനങ്ങളും പൂർത്തിയാക്കണമെന്നും തീരുമാനിച്ചു.
ഈ തീരുമാനങ്ങളുമായി മുമ്പോട്ട് പോകുമ്പോൾ അതെല്ലാം വേണ്ടെന്ന് വച്ച് ഗുജറാത്ത് മോഡൽ സ്വീകരിക്കുന്നത് എന്തിനെന്ന ചോദ്യവും പ്രസക്തമാണ്. ഈ സോഫ്റ്റ് വെയർ എല്ലാം വേണ്ടെന്ന് വച്ച് പുതിയത് സ്വീകരിക്കാനുള്ള തന്ത്രവുമാകാം. അത് ഖജനാവിന് താങ്ങാനും കഴിയില്ല. അങ്ങനെ ചീഫ് സെക്രട്ടറിയുടെ ഗുജറാത്ത് യാത്ര നിരവധി ചോദ്യങ്ങളാണ് ഉയർത്തുന്നത്. എല്ലാം കെ റെയിലിൽ കേന്ദ്ര സർക്കാരിനെ പ്രീതിപ്പെടുത്താനുള്ള നീക്കമായി വിലയിരുത്തുന്നു.
ഡാഷ്‌ബോർഡുകൾ ഫലപ്രദമായി പ്രവർത്തിക്കുന്നുവെന്ന് വകുപ്പു സെക്രട്ടറിമാർ ഉറപ്പാക്കണമെന്ന് നേരത്തെ തന്നെ ചീഫ് സെക്രട്ടറി നിർദ്ദേശിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം പൂർണമായി ഓൺലൈൻ വഴിയാക്കുകയും ഇതിനായി സ്പാർക് സോഫ്റ്റ്‌വെയറിനെ ആശ്രയിക്കുകയും വേണം. കോടതി കേസുകൾ ഒഴിവാക്കുന്നതിനായി സ്ഥലംമാറ്റങ്ങൾ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് സുതാര്യമായി നടപ്പാക്കണം. എന്നിട്ടും ആരെങ്കിലും കേസിനു പോയാൽ ഫലപ്രദമായി നേരിടണമെന്നും പഴയ യോഗം തീരുമാനിച്ചിരുന്നു. ഇതെല്ലാം നടപ്പിലാക്കിയാൽ തന്നെ കേരളത്തിലെ ഡാഷ് ബോർഡും കുറ്റമറ്റതാകും.