കോഴിക്കോട്: കോൺഗ്രസ് നേതാവിന്റെ സ്വഭാവദൂഷ്യത്തിനെതിരെ മുഖ്യമന്ത്രിക്ക് യുവതിയുടെ പരാതി. കഴിഞ്ഞ ദിവസമാണ് കോഴിക്കോട് ഗവൺമെന്റ് ഗസ്റ്റ് ഹൗസിനു സമീപത്ത് വച്ച് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. വെള്ളിയാഴ്ച മുഖ്യമന്ത്രി കോഴിക്കോട്ട് എത്തുന്നുണ്ടെന്നറിഞ്ഞ യുവതി നേരത്തെ പരാതി സമർപ്പിക്കാനായി ഗസ്റ്റ് ഹൗസിൽ എത്തുകയായിരുന്നു.

കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ അടുപ്പക്കാരനും കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറിയുമായ നേതാവിനെതിരെയാണ് യുവതിയുടെ പരാതി. തന്നെ നിരന്തരമായി ഫോണിൽ വിളിച്ച് ശല്യപ്പെടുത്തുന്നതായും പിറകെ നടക്കുന്നതായും കാണിച്ചാണ് യുവതിയുടെ പരാതി.

കൊച്ചിയിലെ പ്രമുഖ സിപിഐ.എം നേതാവിന്റെ കോഴിക്കോട്ടുള്ള മകളാണ് കോൺഗ്രസ് നേതാവിനെതിരെ പരാതിയുമായി രംഗത്തെത്തിയിട്ടുള്ളത്. ഇയാളുടെ ശല്യം സഹിക്കാതെ വന്നപ്പോയായിരുന്നു യുവതി പരാതി ബോധിപ്പിക്കാൻ തീരുമാനിച്ചത്. മുഖ്യമന്ത്രിക്ക് പരാതി സമർപ്പിക്കാനായി എത്തിയതോടെ കോൺഗ്രസ് നേതാവിനെതിരെയുള്ള പരാതിയുടെ വിവരം പുറത്താകുകയായിരുന്നു.

പരാതി പുറത്തു പറയുന്നതിൽ നിന്നും ഇയാൾ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും യുവതി മുഖ്യമന്ത്രിയെ കാണാൻ തീരുമാനിക്കുകയായിരുന്നു. മുഖ്യമന്ത്രി ഉമ്മൺചാണ്ടി, കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെസി അബു, എംകെ രാഘവൻ എംപി എന്നിവർ ഈ സമയം ഗസ്റ്റ് ഹൈസിനുള്ളിൽ ചർച്ച നടത്തുകയായിരുന്നു. ഇതു തീരുന്നതും കാത്ത് യുവതി അടക്കമുള്ളവർ പുറത്തു കാത്തുനിൽക്കുന്നുണ്ടായിരുന്നു. ഇതിനിടെ കഥാനായകനായ ഡിസിസി സെക്രട്ടറി യുവതിയോടു സംസാരിക്കാൻ ശ്രമിച്ചതോടെ യുവതി പൊട്ടിത്തെറിക്കുകയായിരുന്നു. തുടർന്ന് തന്നെ ശല്യപ്പെടുത്തുന്നത് നിർത്തണമെന്ന ആക്രോശവുമായി ഇയാൾക്കു നേരെ യുവതി പാഞ്ഞടുക്കുകയും ചെയ്തതോടെ കൂടിയവർ ഒരുനിമിഷം തരിച്ചു നിന്നു. പൊലീസുകാർ യുവതിയെ പിടിച്ചു മാറ്റിയതോടെയാണ് പ്രശ്‌നത്തിന് അയവു വന്നത്.

ഇതോടെ കൂടിനിന്ന മറ്റു നേതാക്കൾ കാര്യം തിരക്കിയപ്പോഴാണ് ഡിസിസി നേതാവ് നിരന്തരമായി യുവതിയെ ശല്യപ്പെടുത്തുന്ന വിവരം പുറത്തറിയുന്നത്. തുടർന്ന് വിഷയം പുറത്തായ ജാള്യത്തിൽ ആരോപണവിധേയനായ ഡിസിസി സെക്രട്ടറി ഇവിടെനിന്നും വേഗം സ്ഥലം വിട്ടു. സംഭവം പുറത്തായതോടെ ഡിസിസി ജനറൽ സെക്രട്ടറി സ്ഥാനത്തിരിക്കുന്ന സുധീരന്റെ വിശ്വസ്തനെതിരെ നടപടി വേണമെന്ന ആവശ്യം കോഴിക്കോട്ടെ കോൺഗ്രസിനുള്ളിൽ ഉയർന്നു കഴിഞ്ഞു. മാത്രമല്ല, അവസരം മുതലെടുത്ത് എ, ഐ ഗ്രൂപ്പുകൾ ഇയാൾക്കെതിരെ ചരടുവലിയും ആരംഭിച്ചിട്ടുണ്ട്. ഡിസിസി ഭാരവാഹി തെരഞ്ഞെടുപ്പിൽ ഏറെ കോളിളക്കം സൃഷ്ടിച്ചതിനു ശേഷമായിരുന്നു ആരോപണ വിധേയനായ നേതാവ് ഈ സ്ഥാനത്ത് എത്തിയത്. എന്നാൽ വീണുകിട്ടിയ അവസരം ഇയാൾക്കെതിരെ ഉപയോഗപ്പെടുത്താനാണ് എ, ഐ ഗ്രൂപ്പുകളുടെ തീരുമാനം. സംഭവം വരും ദിവസങ്ങളിൽ ചർച്ചയാകുന്നതോടെ കോഴിക്കോട് ഡിസിസിയിൽ പൊട്ടിത്തെറി ഉടലെടുക്കും.