ചൈനയിലെ അമേരിക്കൻ വിദ്യാർത്ഥിയായിരുന്ന ഡേവിഡ് സ്നെഡെനെ 12 കൊല്ലം മുമ്പായിരുന്നു ചൈനയിൽ വച്ച് കാണാതായിരുന്നു. അദ്ദേഹത്തിന്റെ 24ാം വയസിൽ അതായത് 2004ൽ ആയിരുന്നു ഈ തിരോധാനം. ഇദ്ദേഹം തട്ടിക്കൊണ്ടു പോകലിനിടെ മരിച്ചിരിക്കാമെന്നായിരുന്നു അന്ന് ചൈനീസ് പൊലീസ് പറഞ്ഞിരുന്നത്. എന്നാൽ ഡേവിഡിനെ ഉത്തരകൊറിയ അവിടുത്തെ പ്രസിഡന്റായ കിം ജോംഗ് ഉന്നിനെ ഇംഗ്ലീഷ് പഠിപ്പിക്കാൻ വേണ്ടി തട്ടിക്കൊണ്ടു പോയതാണെന്നും ഇപ്പോഴും ഇയാൾ പ്യോൻഗ്യാൻഗിൽ ഭാര്യയ്ക്കൊപ്പം ജീവിക്കുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി ഒരു ദക്ഷിണ കൊറിയൻ ഓർഗനൈസേഷൻ രംഗത്തെത്തിയതോടെ ഇതുമായി ബന്ധപ്പെട്ട വിവാദം വീണ്ടും ശക്തിപ്പെട്ടിരിക്കുകയാണ്. ബ്രൈഗാം യംഗ് യൂണിവേഴ്സിറ്റിയിൽ പഠിച്ച് കൊണ്ടിരിക്കവെയാണ് ഡേവിഡ് യുനാൻ പ്രവിശ്യയിൽ നിന്നും അപ്രത്യക്ഷനായിരുന്നത്. ഇദ്ദേഹത്തെ ഉത്തരകൊറിയ തട്ടിക്കൊണ്ടു പോയതാണെന്ന വെളിപ്പെടുത്തലുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത് ദക്ഷിണ കൊറിയയിലെ അബ്ഡക്ടീസ് ഫാമിലി യൂണിയൻ തലവനായ ചോയ് സംഗ് യോൻഗാണ്.

നിലവിൽ ഉത്തരകൊറിയൻ തലസ്ഥാനമായ പ്യോംൻഗ്യാൻഗിൽ കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിച്ച് ജീവിക്കുകയാണ് ഡേവിഡ് എന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഇയാൾക്ക് ഭാര്യയും രണ്ട് കുട്ടികളുമുണ്ടെന്നും റിപ്പോർട്ടുണ്ട്. തങ്ങളുടെ മകന്റെ തിരോധാനത്തെക്കുറിച്ചുള്ള ഇതുവരെയുള്ള ഔദ്യോഗിക വിശദീകരണങ്ങളിൽ തൃപ്തിയാകാതെ ദുഃഖത്തോടെ ജീവിച്ച് വരുന്ന ഡേവിഡിന്റെ മാതാപിതാക്കളായ റോയിക്കും കാതലീനും പുതിയ വെളിപ്പെടുത്തൽ ആശ്വാസമേകുന്നതാണ്. തങ്ങളുടെ മകനെ കാണാതായതിനെക്കുറിച്ച് അധികൃതർ നൽകിയിരുന്ന വിശദീകരണത്തിൽ ഇവർക്ക് സംശയങ്ങളേറെയുണ്ടായിരുന്നു.യുനാനിലെ ജിൻഷ നദിക്കരയ്ക്കടുത്തുള്ള ടൈഗർ ലീപിങ് ജോർജിൽ വച്ച് ഡേവിഡ് മരിച്ചുവെന്ന റിപ്പോർട്ട് പുറത്ത് വന്നിരുന്നുവെങ്കിലും മൃതദേഹം കണ്ടു കിട്ടാത്തത് അവരിൽ സംശയമുയർത്തിയിരുന്നു.

ഡേവിഡിനെ അവസാനമായി കണ്ടിരുന്നത് 2004 ഓഗസ്റ്റ് 14ന് ഒരു കൊറിയൻ റസ്റ്റോറന്റിൽ വച്ചായിരുന്നു.ടൈഗർ ലീപിങ് ജോർജ് ട്രെയിലിൽ നിന്നും അധികം അകലെയല്ലാത്ത ടൗണായ ഷാൻഗ്രി-ലായിലായിരുന്നു ഈ റസ്റ്റോറന്റ്. ഓഗസ്റ്റ് 26നായിരുന്നു ഇദ്ദേഹത്തെ കാണാതായെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത്. ദക്ഷിണകൊറിയയിലുള്ള തന്റെ സഹോദരനെ കാണാനെത്താത്തതിനെ തുടർന്നായിരുന്നു ഡേവിഡ് അപ്രത്യക്ഷനായ വിവരം വെളിപ്പെട്ടത്. ഡേവിഡിന് നന്നായി കൊറിയൻ ഭാഷ സംസാരിക്കാൻ അറിയാം. ദക്ഷിണ കൊറിയയിൽ മോർമോൻ മിഷൻ പ്രവർത്തനങ്ങളിലേർപ്പെടുമ്പോൾ അദ്ദേഹം അത് നന്നായി പ്രയോജനപ്പെടുത്തുകയും ചെയ്തിരുന്നു. മകനെ കാണാതായതിനെ തുടർന്ന് യുനാനിൽ എത്തിയ പിതാവ് റോയിയും സഹോദരന്മാരും ഡേവിഡിനെ തിരിച്ച് കിട്ടാനുള്ള ശ്രമങ്ങളേറെ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി അദ്ദേഹത്തെ കാണാനില്ലെന്നറിയിച്ച് കൊണ്ടുള്ള ഫോട്ടോ പതിച്ച അറിയിപ്പുകളും വിവിധിയിടങ്ങളിൽ ഉയർത്തിയിരുന്നു.

2011ൽ ഉത്തരകൊറിയയിലെ കമ്മിറ്റി ഫോർ ഹ്യൂമൻ റൈറ്റ്സിലെ ചുക്ക് ഡൗൺസ് റോയിയെയും കുടുംബത്തെയും ബന്ധപ്പെട്ടിരുന്നു. ഒരു സുഹൃത്തിനെ കണ്ട് വരുമ്പോഴാണ് ഡേവിഡ് അപ്രത്യക്ഷനായതെന്ന് അദ്ദേഹം വെളിപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്ന് ചുക്ക് ഡൗൺസ് റോയിയെ വാഷിങ്ടൺ ഡിസിയിലേക്ക് വിളിക്കുകയും അവിടെ ഒരു സംഘം ആളുകളെ കാണുകയും ചെയ്തിരുന്നു. ഉത്തര കൊറിയ തട്ടിക്കൊണ്ട് പോവുകയും പിന്നീട് രക്ഷപ്പെടുകയും ചെയ്ത ജപ്പാൻകാരായിരുന്നു അവർ. ഇതോടെ തന്റെ മകന്റെ തിരോധാനത്തിലേക്ക് കൂടുതൽ വെളിച്ചം വീശുന്നതായി റോയിക്ക് തോന്നി. ഏഷ്യയിലുള്ള വിദേശികളെ വിവിധ ആവശ്യങ്ങൾക്കായി തട്ടിക്കൊണ്ട് പോകുന്നത് ഉത്തരകൊറിയയുടെ പതിവ് രീതിയാണെന്ന് മനസിലാക്കാനും തുടർന്ന് നടത്തിയ അന്വേഷണത്തിൽ അവർക്ക് മനസിലാവുകയായിരുന്നു.

തുടർന്ന് ഡേവിഡിന്റെ പിതാവ് വോയ്സ് ഓഫ് അമേരിക്ക എന്ന ഇന്റർനാഷണൽ റേഡിയോ ചാനലിൽ തന്റെ മകന്റെ തിരോധാനത്തെക്കുറിച്ച് സംസാരിച്ചിരുന്നു. ഇതിനെ തുടർന്ന് അത്ഭുതപ്പെടുത്തുന്ന ഒരു ഫോൺ കാൾ അദ്ദേഹത്തെ തേടിയെത്തി. സിയോളിനടുത്ത് നിന്നും ഒരു യുഎസ് പൗരനായിരുന്നു വിളിച്ചിരുന്നത്. തന്റെ ഭാര്യ തട്ടിക്കൊണ്ടു പോകപ്പെട്ട ആളാണെന്നും അതിനാൽ തനിക്ക് നോർത്തുകൊറിയയുടെ തട്ടിക്കൊണ്ടു പോകലിൽ നിന്നും രക്ഷപ്പെട്ട കമ്മ്യൂ ണിറ്റിയുമായി അടുത്ത ബന്ധമുണ്ടെന്നുമായിരുന്നു അയാൾ വെളിപ്പെടുത്തിയിരുന്നത്. ഡേവിഡുമായി സാമ്യമുള്ള ഒരാളെ തങ്ങൾക്ക് ഉത്തരകൊറിയയിൽ കണ്ടെത്താൻ സാധിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഇതു സംബന്ധിച്ച അന്വേഷണങ്ങൾ ഇപ്പോഴും പുരോഗമിക്കുകയാണ്.