ലണ്ടൻ: ചരിത്രം തിരുത്തിക്കുറിച്ച വിധിയെഴുത്തിലൂടെ ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടാൻ തീരുമാനമെടുത്തപ്പോൾ, തന്റെ രാഷ്ട്രീയ ഭാവിക്ക് അടിവരയിടുകയായിരുന്നു ഡേവിഡ് കാമറോൺ. ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിൽനിന്ന് നാടകീയമായി പുറത്തുപോകേണ്ടിവന്ന ദിവസം വികാരഭരിതമായാണ് പ്രധാനമന്ത്രി പദവി ഉപേക്ഷിക്കുകയാണെന്ന കാര്യം കാമറോൺ വ്യക്തമാക്കിയത്. കാമറോൺ തുടരണമെന്ന് ബ്രെക്‌സിറ്റ് വാദികളായ കൺസർവേറ്റീവ് അംഗങ്ങൾ രേഖാമൂലം ആവശ്യപ്പെട്ടിരുന്നെങ്കിലും യൂറോപ്യൻ യൂണിയനുമായുള്ള വഴിപിരിയൽ ചർച്ചകൾക്ക് നേതൃത്വം കൊടുക്കാൻ കടുത്ത 'റിമെയ്ൻ' വാദിയായ തനിക്ക് സാധിക്കില്ലെന്ന നിലപാടിൽ അദ്ദേഹം ഉറച്ചുനിൽക്കുകയായിരുന്നു.

വഴിപിരിയൽ ചർച്ചകൾ നടക്കുമ്പോൾ ബ്രിട്ടീഷ് കപ്പലിന്റെ നായകനായി താനുണ്ടാവുന്നത് ഉചിതമല്ലെന്ന് കാമറോൺ രാജി പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞു. ആറുവർഷം ബ്രിട്ടന്റെ പ്രധാനമന്ത്രി പദവിയിലിരുന്നതിൽ അഭിമാനമുണ്ടെന്ന് പറയുമ്പോൾ കാമറോണിന്റെ ശബ്ദം ഇടറിയിരുന്നു. തന്റെയുള്ളിലെ വികാരം പുറത്തുവരാതെ നോക്കാൻ അദ്ദേഹം ശ്രമിക്കുന്നുണ്ടായിരുന്നെങ്കിലും ആ വാക്കുകൾ അത് വെളിപ്പെടുത്തിക്കൊണ്ടിരുന്നു.

കാമറോൺ രാജി പ്രഖ്യാപിക്കുമ്പോൾ, പ്രധാനമന്ത്രി പദത്തിലേക്ക് സ്വന്തം പേര് എഴുതിച്ചേർക്കുന്ന മറ്റൊരാളുണ്ടായിരുന്നു. മുൻ ലണ്ടൻ മേയർ ബോറിസ് ജോൺസണായിരുന്നു അത്. ബ്രെക്‌സിറ്റിനുവേണ്ടി തുടക്കം മുതൽ രംഗത്തുവന്ന ബോറിസിന്റെ വിജയമായാണ് ഇപ്പോഴത്തെ ജനവിധി വ്യാഖ്യാനിക്കപ്പെടുന്നത്. ബ്രിട്ടന് തന്റേടത്തോടെ തലയുയർത്തി നിന്ന് സ്വന്തം കാര്യം നോക്കാനുള്ള അവസരമാണ് ബ്രെക്‌സിറ്റിലൂടെ കൈവന്നിരിക്കുന്നതെന്ന് ബോറിസ് പറഞ്ഞു.

യൂറോപ്യൻ യൂണിയൻ എന്നത് അത് നിലവിൽ വന്ന കാലത്ത് വളരെ മികച്ചൊരു ആശയമായിരുന്നുവെന്ന് അഭിപ്രായപ്പെട്ട ബോറിസ്, ഇപ്പോഴത്തെ സാഹചര്യത്തിൽ ബ്രിട്ടന് അത് ചേരില്ലെന്ന് വ്യക്തമാക്കി. യൂറോപ്യൻ യൂണിയനും അതുൾക്കൊള്ളുന്ന ജനങ്ങളും തമ്മിലുള്ള അകലം വളരെ വലുതാണ്. യൂണിയൻ വിട്ടുപോകാനുള്ള അപൂർവ അവസരമാണ് യൂറോപ്യൻ യൂണിയൻ മുതലാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

കാമറോണിന്റെ പകരക്കാരനായി ഏറ്റവും കൂടുതൽ പരിഗണിക്കപ്പെടുന്നയാൾ ബോറിസ് ജോൺസണാണെങ്കിലും അക്കാര്യം തീരുമാനിക്കാൻ ഇനിയും സമയമെടുക്കുമെന്നാണ് സൂചന. കൺസർവേറ്റീവ് പാർട്ടിയിലെ അംഗങ്ങൾ നേരിട്ടാകും പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുക. പാർട്ടിയുടെ ഒരുലക്ഷത്തോളം വരുന്ന അംഗങ്ങളും പാർലമെന്റംഗങ്ങളും ചേർന്നാകും തിരഞ്ഞെടുപ്പ് നടത്തുക. ഇതിനുശേഷമാകും സർക്കാർ രൂപവൽക്കരിക്കാൻ അദ്ദേഹത്തെ രാജ്ഞി ക്ഷണിക്കുക.

പുതിയ പ്രധാനമന്ത്രി എപ്പോൾ വരുമെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഒന്നുമില്ലെങ്കിലും ഒക്ടോബറിൽ നടക്കുന്ന കൺസർവേറ്റീവ് കോൺഫറൻസിനുമുമ്പ് തന്റെ പിൻഗാമി അധികാരമേൽക്കുമെന്നാണ് കാമറോൺ സൂചിപ്പിക്കുന്നത്. ഏതാനും ആഴ്ചകൾക്കുള്ളിൽത്തന്നെ ആര് പ്രധാനമന്ത്രിയാകണമെന്ന ചർച്ചകൾക്ക് ചൂടുപിടിക്കും. പുതിയ പ്രധാനമന്ത്രി വന്നശേഷമാകും യൂറോപ്യൻ യൂണിയൻ വിട്ടുപോകാനുള്ള ചർച്ചകൾക്ക് തുടക്കം കുറിക്കുക.

പുതിയ നേതാവായി തിരഞ്ഞെടുക്കപ്പെടുന്നയാൾക്ക് വേണമെങ്കിൽ പൊതുതിരഞ്ഞെടുപ്പിലേക്ക് പോകാം. ഇപ്പോഴത്തെ സാഹചര്യത്തിൽ കൺസർവേറ്റീവുകൾക്ക് അനുകൂലമാണ് കാര്യങ്ങൾ. ലേബർ പാർട്ടിയാകട്ടെ ഒരു നേതാവില്ലാതെ ഉഴറുന്ന സ്ഥിതിയാണ്. നിലവിലെ നേതാവ് ജെറമി കോർബിനെതിരെ ലേബർ എംപിമാർ തന്നെ അവിശ്വാസവുമായി മുന്നോട്ടുപോവുകയാണ്. ധനകാര്യമന്ത്രിയായിരുന്ന ജോർജ് ഒസ്‌ബോൺ ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയാകുമെന്ന സൂചനയാണ് കാമറോണിന്റെ ഭരണകാലയളവിലുടനീളം ഉണ്ടായിരുന്നത്. എന്നാൽ, ബ്രെക്‌സിറ്റിനെ എതിർത്തിരുന്ന ഒസ്‌ബോൺ പുതി സംഭവ വികാസങ്ങളോടെ ചിത്രത്തിൽനിന്നുതന്നെ പുറത്തായി. ട്വിറ്ററിലെ ഏതാനും ട്വീറ്റുകളൊഴിച്ചാൽ ഒസ്‌ബോൺ പൊതുരംഗത്ത് പ്രത്യക്ഷപ്പെട്ടതേയില്ല.

ഇതോടെ പ്രധാനമന്ത്രി പദവിയിലേക്കുള്ള ബോറിസ് ജോൺസന്റെ വഴി എളുപ്പമായി എന്ന് കരുതുന്നവരാണേറെ. ബ്രെക്‌സിറ്റ് പക്ഷത്തെ ബോറിനൊപ്പം നയിച്ച മൈക്കൽ ഗോവാണ് മറ്റൊരു സ്ഥാനാർത്ഥി. എന്നാൽ, മുൻ ലണ്ടൻ മേയറെന്ന നിലയിൽ ബോറിസ് കൈവരിച്ചിട്ടുള്ള ജനപ്രീതി അദ്ദേഹത്തെ ഏറെ മുന്നിൽനിർത്തുന്നു. യൂറോപ്യൻ യൂണിയനുമായുള്ള വഴിപിരിയൽ ചർച്ചയിൽ ഇവർ ഇരുവരും ബ്രിട്ടനെ നയിക്കുമെന്നാണ് സൂചന. ബോറിസ് പ്രധാനമന്ത്രിയായും ഗോവ് ധനകാര്യ മന്ത്രിയായും ചർച്ചകളിൽ നിറഞ്ഞുനിൽക്കും.

എന്നാൽ, ടോറികളിലെ കാമറോൺ പക്ഷക്കാർക്ക് ബോറിസ് പ്രധാനമന്ത്രിയായി വരുന്നതിനോട് തെല്ലും യോജിപ്പില്ല. ബോറിസിന്റെ സ്ഥാനാർത്ഥിത്വം മുടക്കാനുള്ള ചർച്ചകൾ കൺസർവേറ്റീവ് പാർട്ടിയിൽ ഇതിനകം തുടക്കം കുറിച്ചതായും സൂചനയുണ്ട്. ഹോം സെക്രട്ടറി തെരേസ മേ അപ്രതീക്ഷിതമായി ഒത്തുതീർപ്പ് സ്ഥാനാർത്ഥി എന്ന നിലയിലേക്ക് ഉയർന്നുവരാനുള്ള സാധ്യതയും ചിലർ ചൂണ്ടിക്കാട്ടുന്നു.