ലണ്ടൻ: ബ്രെക്‌സിറ്റ് വിവാദങ്ങളെ തുടർന്നു ബ്രിട്ടന്റെ പ്രധാനമന്ത്രി സ്ഥാനം രാജിവച്ച ഡേവിഡ് കാമറൺ എംപി സ്ഥാനവും രാജിവച്ചു. പൂർണമായും രാഷ്ട്രീയം വിടുന്നതിന്റെ ഭാഗമായാണു കാമറൺ എംപി സ്ഥാനവും രാജിവച്ചത്.

കാമറൺ രാഷ്ട്രീയം ഉപേക്ഷിക്കാൻ തക്കവണ്ണമുള്ള വിവാദങ്ങളൊന്നും ബ്രിട്ടനിൽ ഉണ്ടായിരുന്നില്ല. വീണ്ടും ഒരു തെരഞ്ഞെടുപ്പിനെ നേരിട്ടിരുന്നെങ്കിൽ കാമറൺ ജയിക്കുമായിരുന്നു എന്നാണു വിലയിരുത്തൽ. എന്നാൽ, ഇതിനു പോലും കാക്കാതെയായിരുന്നു ധാർമികതയുടെ പേരിൽ കാമറൺ രാജി സമർപ്പിച്ചത്. വെറും 49 വയസാണു രാഷ്ട്രീയത്തിൽ നിന്നു വിരമിക്കുമ്പോൾ മുൻ പ്രധാനമന്ത്രിയായ ഈ നേതാവിനു പ്രായം.

ഇതോടെ ബ്രെക്‌സിറ്റിന്റെ പേരിൽ തുടങ്ങിയ രാഷ്ട്രീയ വിവാദങ്ങൾ മറ്റൊരു തലത്തിലേക്കു മാറുകയാണ്. മുൻ പ്രധാനമന്ത്രിയായ താൻ പാർലമെന്റ് അംഗമെന്ന നിലയിൽ നടത്തുന്ന പ്രവർത്തനങ്ങൾ പുതിയ സർക്കാരിന് അസ്വസ്ഥത ഉണ്ടാക്കാതിരിക്കാനാണ് എംപി സ്ഥാനം രാജിവയ്ക്കുന്നതെന്നു കാമറൺ പറഞ്ഞു.

തന്റെ ചെറിയ പ്രവർത്തനങ്ങൾപോലും പുതിയ പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങൾക്ക് തടസമാകാം. ഇത് ഒഴിവാക്കുകയാണ് രാജിയിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. കാമറൺ രാജിവച്ചതോടെ ഓക്‌സ്‌ഫോർഡ് ഷെയറിലെ വിറ്റ്‌നിയിൽ ഉപതിരഞ്ഞെടുപ്പു നടക്കും.

ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയുടെ ഉറച്ച മണ്ഡലമായിരുന്നു കാമറണിന്റെ വിറ്റ്‌നി. ബ്രെക്‌സിറ്റും കാമറണിന്റെ രാജിയും ഇനി ഇവിടെ തെരഞ്ഞെടുപ്പു ഫലത്തെ ഏതു തരത്തിലാകും ബാധിക്കുക എന്നതും ചർച്ചാവിഷയമായിട്ടുണ്ട്. വിറ്റ്‌നിയിൽനിന്നും 2001 മുതൽ തുടർച്ചയായി ജയിച്ച വ്യക്തിയാണു കാമറൺ. 2015ൽ 25,155 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിനാണ് അദ്ദേഹം ജയിച്ചത്. തുടർന്നു പ്രധാനമന്ത്രിയുമായി.

ഹിതപരിശോധനയിൽ ബ്രിട്ടൺ യൂറോപ്യൻ യൂണിയനിൽ തുടരണമെന്ന നിലപാടെടുത്ത കാമറൺ ഈ നിലപാട് ജനം തള്ളിയതോടെ ജൂൺ 24നാണ് പ്രധാനമന്ത്രിപദം രാജിവച്ചത്. പുതിയ നേതാവായി തെരേസ മേയെ തിരഞ്ഞെടുത്തതോടെ അധികാരം വിട്ടൊഴിഞ്ഞു. ഒരുമാസത്തിലേറെ എംപിയായി തുടർന്ന കാമറൺ ഒടുവിൽ സജീവ രാഷ്ട്രീയം വിടാൻ തീരുമാനിക്കുകയായിരുന്നു.

39 വയസ് പ്രായമുള്ളപ്പോഴാണ് കൺസർവേറ്റീവ് പാർട്ടിയുടെ നേതാവായി തിരഞ്ഞെടുക്കപ്പെട്ട് പ്രതിപക്ഷ നേതാവായത്. 2010ൽ പാർട്ടിയെ അധികാരത്തിലെത്തിച്ച് പ്രധാനമന്ത്രിയായി. 2015ൽ തുടർച്ചയായ രണ്ടാം തവണയും പ്രധാനമന്ത്രിയായി. പാർട്ടിയിലും രാജ്യത്തും എതിരില്ലാത്ത നേതാവായി മുന്നേറവെയാണു ബ്രെക്‌സിറ്റ് കടമ്പ പ്രതിസന്ധിയായത്.

  • തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (14.09.2016) മറുനാടൻ മലയാളി അപ്ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ