ധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിനെ മഹാരാഷ്ട്രയിലെ മുതിർന്ന രാഷ്ട്രീയ നേതാക്കളിൽ പലരും സ്ഥിരമായി വിളിച്ചിരിരുന്നു എന്ന ഇന്ത്യ ടുഡേയുടെ വെളിപ്പെടുത്തൽ നിർണായകമാകുന്നു. വഡോദരയിലെ രണ്ട് ഹാക്കർമാരാണ് ദാവൂദിന്റെ കറാച്ചിയിലെ വീട്ടിലെ നാല് ലാൻഡ് ലൈനുകളുടെ വിവരങ്ങൾ ശേഖരിച്ചത്. പാക്കിസ്ഥാനിലെ ടെലിക്കോം കമ്പനിയുടെ വെബ്‌സൈറ്റിൽനിന്നാണ് ഇവർ വിവരങ്ങൾ ശേഖരിച്ചത്.

2015 സെപ്റ്റംബർ 15 മുതൽ ഇക്കഴിഞ്ഞ ഏപ്രിൽ ആറുവരെയുള്ള കാലയളവിലെ കോൾ ലിസ്റ്റാണ് ഇവർ ശേഖരിച്ചത്. കറാച്ചിയിലെ വീട്ടിൽനിന്നും ദാവൂദിന്റെ ബന്ധുക്കൾ ഇന്ത്യയിലേക്ക് നിരന്തരം വിളിക്കാറുണ്ടെന്ന് ഈ കോൾലിസ്റ്റിൽ വ്യക്തമാണ്. ഈ നമ്പറുകളിലേക്കും തിരിച്ചും മഹാരാഷ്ട്രയിലെ രാഷ്ട്രീയ നേതാക്കളും ബന്ധപ്പെട്ടിട്ടുണ്ട്.

മനീഷ് ഭാംഗലെ, ജയേഷ് ഷാ എന്നിവരാണ് കോൾ ലിസ്റ്റ് ചോർത്തിയെടുത്തത്. ഇവർ നൽകിയ ഫോൺ നമ്പരുകൾ കൃത്യമാണെന്ന് മുതിർന്ന രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചിട്ടുണ്ട്. ദാവൂദിന്റെ ഭാര്യ മെഹ്ജബീൻ ഷെയ്ഖിന്റെ പേരിലാണ് നാല് ഫോൺ നമ്പറുകളും രജിസ്റ്റർ ചെയ്തിട്ടുള്ളത്.

021-3587**19, 021-3587**39, 021-3587**99, 021-3587**99 എന്നിങ്ങനെ നാല് നമ്പരുകളാണ് ദാവൂദിന്റെ വീട്ടിലുള്ളത്. പാക്കിസ്ഥാൻ ടെലികമ്യൂണിക്കേഷൻ കമ്പനി ലിമിറ്റഡാണ് ഈ നമ്പരുകൾ നൽകിയിട്ടുള്ളത്. സുരക്ഷാ കാരണങ്ങളാൽ പൂർണ രീതിയിൽ നമ്പർ പുറത്തുവിട്ടിട്ടില്ല. 2016 മാർച്ചുവരെ ഈ ഫോണുകളുടെ ബില്ലുകൾ ഇറങ്ങിയിട്ടുണ്ട്.

ഈ നമ്പറുകളിൽ ഏറ്റവും സജീവമായിട്ടുള്ളത് 021-3587**19 എന്ന നമ്പരാണ്. മാർച്ചിൽ 5689 രൂപയാണ് ഈ ഫോണിന് വന്ന ബിൽ. ഇതിലേക്ക് ഏറ്റവും കൂടുതൽ തവണ വിളിച്ച പത്ത് നമ്പരുകളിൽ അഞ്ചെണ്ണം ഇന്ത്യയിൽനിന്നുള്ളതാണ്. നാലെണ്ണം യു.എ.ഇയിലേക്കും ഒന്ന് ലണ്ടനിലെ പ്രമുഖ ബാങ്കിന്റേതുമാണ്.

ഇന്ത്യയിൽനിന്നുള്ള ഫോണുകളിലൊന്ന് മഹാരാഷ്ട്രയിലെ പ്രമുഖനായ ഒരു രാഷ്ട്രീയ നേതാവിന്റേതാണെന്ന വസ്തുക ഇന്ത്യൻ അധികൃതരെപ്പോലും ഞെട്ടിക്കുന്നു. ഇതുസംബന്ധിച്ച് പ്രതികരണം ആരാഞ്ഞ ഇന്ത്യ ടുഡേ ലേഖകനോട് താൻ ദാവൂദിന്റെ വീട്ടിലേക്ക് വിളിച്ചതിന്റെ രേഖകൾ കൊണ്ടവരൂ എന്നാണ് ഇദ്ദേഹം ആവശ്യപ്പെട്ടുവത്രെ.

ദാവൂദിന്റെ ടെലിഫോൺ രേഖകൾ സംബന്ധിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിന് നേരത്തെതന്നെ വിവരം ലഭിച്ചിട്ടുണ്ട്. പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ ദാവൂദിനെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങൾ കൂടുതൽ ശക്തമാക്കാനാവും എന്നാണ് അധികൃതരുടെ പ്രതീക്ഷ. 

1993-ലെ മുംബൈ സ്‌ഫോടനത്തിന്റെ സൂത്രധാരൻ കൂടിയായ ദാവൂദ് ഇബ്രാഹിം ഇന്ത്യ തേടുന്ന ഏറ്റവും പ്രധാനപ്പെട്ട പിടികിട്ടാപ്പുള്ളിയാണ്. ദാവൂദ് കറാച്ചിയിലുണ്ട് എന്ന് ഇന്ത്യ ആവർത്തിക്കുമ്പോഴും അത് നിഷേധിക്കുകയാണ് പാക്കിസ്ഥാൻ ചെയ്തിട്ടുള്ളത്. ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ഫോൺ രേഖകൾ ദാവൂദിന്റെ കറാച്ചിയിലെ സാന്നിധ്യം ഉറപ്ിക്കുക കൂടി ചെയ്യുന്നുണ്ട്.