തൃശൂർ: സംഘപരിവാർ ഭീഷണിയെതുടർന്ന് ഡിസി ബുക്‌സ് പുസ്തകമേളയിൽ നിന്ന് നോവൽ മീശ പിൻവലിച്ചു. തൃശൂർ പാറമേക്കാവ് അഗ്രശാലയിൽ ശനിയാഴ്ച ആരംഭിച്ച ഡിസി ബുക്‌സ് പുസ്തകമേളയിൽ നിന്നാണ് പുസ്തകം പിൻവലിച്ചത്. സംഘപരിവാർ ഭീഷണിയെതുടർന്ന് ദേവസ്വം അധികൃതർ നടത്തിയ അഭ്യർത്ഥന മാനിച്ച് നോവൽ പിൻവലിക്കുകയാണെന്ന് ഡിസി ബുക്‌സ് അധികൃതർ മറുനാടൻ മലയാളിയോട് പറഞ്ഞു.

മീശ' നോവലിന്റെ പേരിൽ പുസ്തകമേള തടയാനുള്ള സംഘപരിവാറിന്റെ ശ്രമം സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു. ഹിന്ദുവിരുദ്ധ നോവൽ ക്ഷേത്ര പരിസരത്ത് വിൽക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞാണ് ആർഎസ്എസ്, ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയതാണ് പ്രശ്‌നങ്ങൾക്ക് തുടക്കമിട്ടത്. ഇന്നലെ മേളയ്ക്കായി എത്തിച്ച പുസ്തകങ്ങൾ വാഹനത്തിൽ നിന്ന് ഇറക്കാൻ ഇവർ അനുവദിച്ചില്ല. മേളയ്ക്കായി നേരത്തെ തന്നെ ഹാൾ മുൻകൂർ തുക നൽകി ബുക്ക് ചെയ്തിരുന്നു. വർഷങ്ങളായി പാറമേക്കാവ് അഗ്രശാല ഹാളിലാണ് ഡിസി ബുക്‌സിന്റെ പുസ്തക മേള സംഘടിപ്പിക്കാറുള്ളത്.

വെള്ളിയാഴ്ച വൈകിട്ടാണ് കോട്ടയത്ത് നിന്ന് പുസ്തകങ്ങളടങ്ങിയ വാഹനം പാറമേക്കാവ് അഗ്രശാലയിലെത്തിയത്. വിവരമറിഞ്ഞ് ദേവസ്വത്തിലെ ബിജെപിക്കാരാണ് എതിർപ്പുയർത്തി ആദ്യം രംഗത്തെത്തിയത്. പിന്നാലെ ആർഎസ്എസ് പ്രവർത്തകരുമെത്തി. ഹൈന്ദവ വിശ്വാസങ്ങൾക്കെതിരെയുള്ള പുസ്തകം പ്രസിദ്ധീകരിച്ച ഡിസിക്കെതിരെ ഭക്തരുടെ പ്രതിഷേധമുണ്ടെന്നും മേള നടത്താൻ അനുവദിക്കാനാവില്ലെന്നും ഇവർ വാദിച്ചു. മീശ വിവാദത്തിന് ശേഷം ചേർന്ന ദേവസ്വം മാനേജിങ് കമ്മിറ്റിയിൽ അഗ്രശാല പുസ്തകമേളകൾക്കായി വിട്ടു നൽകേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നുവെന്നും കമ്മിറ്റിയംഗങ്ങൾ അറിയാതെയാണ് ഇപ്പോൾ ഹാൾ അനുവദിച്ചിരിക്കുന്നതെന്നും മാനേജിങ് കമ്മിറ്റിയംഗവും ബിജെപി നേതാവും കോർപ്പറേഷൻ കൗൺസിലറുമായ കെ.മഹേഷ് പറഞ്ഞു. അതേസമയം, മേളയ്ക്കായി ദേവസ്വം ഹാൾ നേരത്തെ തന്നെ ഡിസി അധികൃതർ ബുക്ക് ചെയ്തിട്ടുണ്ടെന്നും ഇതിനായി പ്രത്യേകം കരാറുണ്ടാക്കിയിട്ടുണ്ടെന്നും ദേവസ്വം സെക്രട്ടറി ജി. രാജേഷ് വ്യക്തമാക്കി. കരാർ ലംഘിക്കുന്നെങ്കിൽ മാത്രമേ ദേവസ്വം ഇടപെടേണ്ടതുള്ളൂവെന്നാണ് സെക്രട്ടറിയുടെ നിലപാട്.

പ്രതിഷേധം രൂക്ഷമായതോടെ ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാർ, ദേവസ്വം അധികൃതർ, ഡിസി ബുക്‌സ് പ്രതിനിധികൾ എന്നിവരുമായി സംസാരിച്ചുവെങ്കിലും വിട്ടുവീഴ്ചക്ക് പ്രതിഷേധക്കാർ തയ്യാറായില്ല. ഹാളിന് മുന്നിൽ ഇവിടെ ഹൈന്ദവ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ പ്രസിദ്ധീകരണങ്ങൾ വിൽക്കപ്പെടുന്നില്ല എന്ന് ബോർഡ് പ്രദർശിപ്പിച്ച് മേള നടത്താമെന്ന് പിന്നീട് പ്രതിഷേധക്കാർ ഉന്നയിച്ചു. എന്നാൽ ഇക്കാര്യത്തിൽ തങ്ങൾക്ക് തീരുമാനമെടുക്കാനാവില്ലെന്ന് ഡിസി പ്രതിനിധികൾ അറിയിച്ചു. കോട്ടയത്ത് നിന്ന് ഡിസി ബുക്‌സിന്റെ ഉന്നത ഉദ്യോഗസ്ഥർ തൃശൂരിലെത്തി ചർച്ച നടത്തിയ ശേഷം തീരുമാനിക്കാമെന്ന് അറിയിച്ചിരുന്നു. ഇതുപ്രകാരം ഡിസി ബുക്‌സ് കോട്ടയം ഹെഡ് ഓഫീസിൽ നിന്നെത്തിയ ഉദ്യോഗസ്ഥർ ചർച്ച നടത്തിയശേഷം പുസ്തകം ുഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നു. മീശ മേളയിൽ നിന്ന് ഒഴിവാക്കുകയാണെന്ന് ഡിസി ബുക്‌സ് അധികൃതർ ക്ഷേത്ര ഭാരവാഹഹികൾക്ക് എഴുതി നൽകി.

മാതൃഭൂമി ആഴ്ചപതിപ്പിൽ പ്രസിദ്ധീകരിച്ച മീശ നോവലിനെതിരെ ഹിന്ദു വിരുദ്ധമെന്ന് ആരോപിച്ച് സംഘപരിവാർ വ്യാപകമായ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. നോവലിൽ ക്ഷേത്രങ്ങളിൽ പോകുന്ന സ്ത്രീകളെക്കുറിച്ച് ഒരു കഥാപാത്രം പറയുന്ന കാര്യങ്ങളാണ് വിവാദത്തിനിടയാക്കിയത്. ഇത് ക്ഷേത്രത്തിൽ പോകുന്ന സ്ത്രീകളെയാകെ അപമാനമാനിക്കുകയാണെന്ന് പറഞ്ഞാണ് പ്രതിംഷധങ്ങൾക്ക് തിരികൊളുത്തിയത്. വിവാദം രൂക്ഷമായപ്പോൾ മാതൃഭൂമി നോവൽ പിൻവലിച്ചു. പിന്നീട് ഡിസിബുക്‌സാണ് നോവൽ പ്രസിദ്ധീകരിച്ചത്.