മാനന്തവാടി: ഒരു രാഷ്ട്രീയ നേതാവിനും ഇതുപോലൊരു അനുഭവം ഉണ്ടാവരുതേ എന്ന് പ്രാർത്ഥിക്കുകയാണ് ഇപ്പോൾ വയനാട്ടുകാർ. അത്രക്ക് നീചമായ ചെയ്തിയാണ് ഒരായ്ഷുക്കാലം മുഴുവൻ പാർട്ടിക്കുവേണ്ടി പ്രവർത്തിച്ച ഡി.സി.സി സെക്രട്ടറി പയ്യപള്ളി പുതിയിടം പടിയറ പി.വി. ജോണിനോട് (67)കോൺഗ്രസ് ജില്ലാ നേതൃത്വം ചെയ്തത്.കോൺഗ്രസ് നേതാക്കളുടെ കാലുവാരൽമൂലം തെരഞ്ഞെടുപ്പിൽ നാലാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിൽ മനംനൊന്ത് കോൺഗ്രസ് ഓഫിസിനുള്ളിൽ തൂങ്ങിമരിച്ച ജോണിന്റെ അത്മഹത്യാക്കുറിപ്പ് പുറത്തായതോടെ വയനാട്ടിലെ കോൺഗ്രസുകാരിൽ രോഷവും പ്രതിഷേധവും തിളച്ചുമറിയുകയാണ്.

കഴിഞ്ഞ ഞായറാഴ്ച രാവിലെ എട്ടുമണിയോടെയാണ് മാനന്തവാടി ബ്‌ളോക് കോൺഗ്രസ് കമ്മിറ്റിയുടെ ക്‌ളബ് കുന്നിലെ ഓഫിസിൽ തൂങ്ങിമരിച്ച നിലയിൽ ജോണിന്റെ മൃതശരീരം കണ്ടത്തെിയത്. മാനന്തവാടി നഗരസഭ പുത്തൻപുര 34ാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ഇദ്ദേഹം നാലാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. യു.ഡി.എഫ് വിമതനാണ് ഇവിടെ രണ്ടാംസ്ഥാനത്തത്തെിയത്. ആത്മഹത്യക്ക് തൊട്ടുമുമ്പ് നവംബർ എട്ടിന് ജോൺ എഴുതിയ കത്തിലെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വയനാട് ഡി.സി.സി പ്രസിഡന്റ് കെ.എൽ. പൗലോസും മഹിള കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും മാനന്തവാടി പഞ്ചായത്ത് മുൻ പ്രസിഡന്റുമായ സിൽവി തോമസുമാണ് തന്റെ പരാജയത്തിന് കാരണമെന്നാണ് കത്തിൽ പ്രധാനമായും പറയുന്നത്. ജോണിന്റെ മകൻ വർഗീസാണ് ഉത്തരവാദപ്പെട്ട ചിലരിൽനിന്ന് താൻ കത്ത് വായിച്ചതായി മാദ്ധ്യമപ്രവർത്തകരോട് വെളിപ്പെടുത്തിയത്.

മാനന്തവാടി ബ്‌ളോക് കോൺഗ്രസ് വൈസ് പ്രസിഡന്റ് വി.കെ. ജോസ്, മണ്ഡലം സെക്രട്ടറി ലേഖ രാജീവൻ എന്നിവർക്കെതിരെയും കത്തിൽ പരാമർശമുണ്ട്. തന്റെ പരാജയത്തിനുത്തരവാദികളായ രാഷ്ട്രീയ വഞ്ചകരോട് പ്രതികാരം ചെയ്യൻ സാധിക്കാത്തതു കൊണ്ടാണ് ആത്മഹത്യ ചെയ്യന്നത്. മറ്റൊരു രാഷ്ട്രീയ പ്രവർത്തകനും ഈ ഗതി ഉണ്ടാവാതിരിക്കട്ടെ. വയനാട്ടിലെ കോൺഗ്രസിനെ ഇവർ നശിപ്പിക്കാതിരിക്കാൻ മറ്റ് നേതാക്കൾ ശ്രദ്ധിക്കണമെന്നും അപേക്ഷിച്ചുകൊണ്ട് ഞാനീ ലോകത്തോട് യാത്ര പറയുന്നു എന്നാണ് കത്തിന്റെ അവസാനമുള്ളത്.

ആത്മഹത്യ ചെയ്ത ദിവസം ലഭിച്ച കത്ത് മാനന്തവാടി ഡിവൈ.എസ്‌പി, സബ് കലക്ടർക്കാണ് കൈമാറിയത്. ബുധനാഴ്ച സബ് കലക്ടർ ഓഫിസിലത്തെിയ വർഗീസും സഹോദരീഭർത്താക്കന്മാരായ ഷാജി, ബാബു, സുജയ് എന്നിവരും കത്ത് വായിക്കുന്നതിനും വിവരാവകാശപ്രകാരം ലഭിക്കുന്നതിനുമായി വ്യത്യസ്ത അപേക്ഷകൾ നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവി, നിയമ വിദഗ്ദ്ധർ എന്നിവരുമായി ആലോചിച്ചതിനു ശേഷം മറുപടി നൽകാമെന്ന് പറഞ്ഞ് സബ് കലക്ടർ ശീറാം സാംബശിവറാവു ഇവരെ പറഞ്ഞയച്ചു. വ്യാഴാഴ്ച ഇതിനുള്ള മറുപടി നൽകിയേക്കുമെന്നാണ് സൂചന. ഇതിനിടയിലാണ് മകന് കത്ത് വായിക്കാൻ മറ്റൊരുകേന്ദ്രത്തിൽനിന്ന് അവസരം ലഭിച്ചത്.

കത്തിൽ പരാമർശിച്ചവർക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റത്തിന് കേസെടുത്തില്‌ളെങ്കിൽ താനും കുടുംബവും മാനന്തവാടി ഗാന്ധി പാർക്കിൽ നിരാഹാരമിരിക്കുമെന്നും വർഗീസ് മാദ്ധ്യമങ്ങളോട് പറഞ്ഞു. കത്ത് പുറത്തുവന്നതോടെ ആരോപണവിധേയരായവർക്കെതിരെ നടപടിയെടുക്കാൻ കെപിസിസി നേതൃത്വം നിർബന്ധിതരാവേണ്ടി വരും. എന്നിട്ടും കെപിസിസി നേതൃത്വം തുടരുന്ന മൗനത്തിൽ വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്. അന്വേഷണം അട്ടിമറിക്കാനുള്ള അണിയറ നീക്കവും നടക്കുന്നതായി പറയപ്പെടുന്നു.

പി.വി. ജോണിന്റെ ആത്മഹത്യാക്കുറിപ്പിന്റെ പൂർണരൂപം:

'എന്റെ 38 വർഷത്തെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുകയാണ്. 1978 മുതൽ ഇന്ദിര ഗാന്ധിക്കും കെ. കരുണാകരനുമൊപ്പം നിൽക്കാൻ മാനന്തവാടിയിൽ ആരും ഇല്ലാതിരുന്ന കാലത്ത് ഇന്ദിര കോൺഗ്രസിന്റെ മണ്ഡലം പ്രസിഡന്റായിരുന്നു ഞാൻ. ഒരുപാട് ത്യാഗങ്ങളും ബുദ്ധിമുട്ടുകളും അനുഭവിച്ചാണ് പാർട്ടിയെ വളർത്തിയത്. ഇന്നലെകളിൽ പല പാർട്ടികളിൽനിന്ന് ചേക്കേറിയവരാണ് ഇന്ന് പാർട്ടിയെ നയിക്കുന്നത്.

ഡി.സി.സി പ്രസിഡന്റ് കെ.എൽ. പൗലോസ്, സിൽവി തോമസിന്റെ അഭിപ്രായപ്രകാരമാണ് പ്രവർത്തിക്കുന്നത്. ഡി.സി.സി പ്രസിഡന്റിന്റെ സമ്മതപ്രകാരമാണ് പുത്തൻപുര ഡിവിഷനിൽ ഞാൻ നോമിനേഷൻ കൊടുത്തത്. എനിക്കെതിരെ റെബൽ സ്ഥാനാർത്ഥിയെ നിർത്തിയത് സിൽവി തോമസും, കെ.എൽ. പൗലോസുമാണ്. ഇത് മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും അഭിഭാഷകയുമായ ഗ്‌ളാഡിസ് ചെറിയാൻ, അവരുടെ ഭർത്താവ് അഡ്വ ജോസ് കൂമ്പക്കലിനോട് പറഞ്ഞതായി ജോസ് എന്നോട് പറഞ്ഞിട്ടുണ്ട്. പോളിങ് കഴിഞ്ഞ രാത്രിയും പി.വി. ജോണിനെ എന്തുവില കൊടുത്തും തോൽപിക്കണമെന്നും അവന്റെ രാഷ്ട്രീയഭാവി ഇതോടെ തകർക്കുമെന്നും സിൽവി തോമസ് പറഞ്ഞതായും അഡ്വ. ജോസ് കൂമ്പക്കൽ എന്നോട് പറഞ്ഞിട്ടുണ്ട്. റെബൽ സ്ഥാനാർത്ഥിയോട് താനറിയാതെ പത്രിക പിൻവലിക്കരുതെന്ന് സിൽവി തോമസ് പറഞ്ഞു. 

ഡി.സി.സി ഒരു നടപടിയും എടുക്കാൻ പാടില്‌ളെന്നും ഡി.സി.സി പ്രസിഡന്റിനോട് സിൽവി തോമസ് പറഞ്ഞിട്ടുണ്ട്. അഥവാ സസ്‌പെൻഡ് ചെയ്താൽ മൂന്നുമാസത്തിനുള്ളിൽ തിരിച്ചടെുക്കുമെന്നും റെബൽ സ്ഥാനാർത്ഥിയോട് പറഞ്ഞതായി അഡ്വ. ജോസ് കൂമ്പക്കൽ എന്നോട് പറഞ്ഞിട്ടുണ്ട്. മണ്ഡലം സെക്രട്ടറിയും പഞ്ചായത്ത് മെംബറുമായ ലേഖ രാജീവൻ എനിക്കെതിരെ പ്രവർത്തിക്കുന്നുണ്ടെന്ന് പലപ്രാവശ്യം ഡി.സി.സി പ്രസിഡന്റിനോട് പറഞ്ഞിട്ടും അതിനെതിരെ പ്രതികരിക്കാതെ അവരെ അതിനനുവദിക്കുകയാണ് ചെയ്തത്. കൂടാതെ എന്റെ പരാജയത്തിനുത്തരവാദികളായ ബ്‌ളോക് വൈസ് പ്രസിഡന്റ് വി.കെ. ജോസിനോട് കുഴിനിലത്തുനിന്ന് മാത്രം പ്രവർത്തിച്ചാൽ മതിയെന്നും നിർദ്ദേശം നൽകിയിരുന്നു. അതുകൊണ്ടുതന്നെ ജോസ് തന്റെ വാർഡിലേക്ക് തിരിഞ്ഞുനോക്കുകപോലും ചെയ്തില്ല. എന്റെ പരാജയത്തിനുത്തരവാദികളായ രാഷ്ട്രീയ വഞ്ചകരോട് പ്രതികാരംചെയ്യൻ സാധിക്കാത്തതു കൊണ്ടാണ് ഞാൻ ഈ പ്രവർത്തി ചെയ്യന്നത്. മറ്റൊരു രാഷ്ട്രീയ പ്രവർത്തകനും ഈ ഗതി ഉണ്ടാവാതിരിക്കട്ടെ.

കെ.എൽ. പൗലോസും സിൽവി തോമസും കൂടി വയനാട്ടിലെ കോൺഗ്രസിനെ നശിപ്പിക്കാതിരിക്കാൻ എൻ.ഡി. അപ്പച്ചൻ, പി.വി. ബാലചന്ദ്രൻ, എം.എസ്. വിശ്വനാഥൻ, കെ.കെ. അബ്രഹാം എന്നിവർ ശ്രദ്ധിക്കണമെന്ന് അപേക്ഷിച്ചുകൊണ്ട് ഞാനീ ലോകത്തോട് യാത്രപറയുന്നു.
എന്ന് പി.വി. ജോൺ.