കോട്ടയം: യുവാവിനെ കൊന്ന് ചാക്കിലാക്കി ഉപേക്ഷിച്ച സംഭവം. മൃതദേഹത്തിന്റെ തല പൊലീസ് കണ്ടത്തി. മൃതദേഹം കണ്ടെടുത്തതിന് അഞ്ച് കിലോമീറ്റർ അകലയുള്ള തുരുത്തേൽ പാലത്തിന് സമീപത്ത് നിന്നാണ് തല കണ്ടെത്തിയത്. ഇന്നലെയാണ് യുവാവിന്റ തല ഇല്ലാത്ത ജഡം ചാക്കിൽ ഉപേക്ഷിച്ചതായി പരിസര വാസികൾ കണ്ടെത്തിയത്. കോട്ടയം കറുകച്ചാൽ റോഡിൽ മന്ദിരം കലുങ്ക് ജംഗ്ഷനു സമീപം പാടത്തിനരികിലെ കുറ്റിക്കാട്ടിലാണ് മൃതദേം കണ്ടെത്തിയത്.

പോക്കറ്റടിക്കേസിൽ പിടിക്കപ്പെട്ടിട്ടുള്ള പയ്യപ്പാടി സ്വദേശിയായ സന്തോഷിന്റേതാണ് മൃതദേഹമെന്ന് വ്യക്തമായി. കൊല്ലപ്പെട്ട ഇയാളെ ഏതാനും ദിവസങ്ങളായി കാണാനില്ലെന്നു വ്യക്തമായിട്ടുണ്ട്. എന്നാൽ തല കണ്ടെത്താത്തതിനാൽ മരിച്ചതാരെന്നു സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലായിരുന്നു. സംഭവവുമായി ബന്ധപ്പെട്ടു ഇന്നലെ തന്നെ കോട്ടയം റെയിൽവേ കോളനിയിൽ താമസിക്കുന്ന കുപ്രസിദ്ധ ഗുണ്ട കമ്മൽ വിനോദ് എന്ന് വിളിപ്പേരുള്ള എആർ വിനോദിനെയും ഭാര്യ കുഞ്ഞുമോളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. കുഞ്ഞുമോൾ നൽകിയ വിവരമനുസരിച്ചാണ് തുരുത്തേൽ പ്രദേശത്ത് പൊലീസ് തലയ്ക്കായി തിരച്ചിൽ നടത്തിയത്.

കുഞ്ഞുമോളുമായി കൊല്ലപ്പെട്ട സന്തോഷിന് ബന്ധമുണ്ടായിരുന്നതായി വിനോദ് സംശയിച്ചിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കരുതുന്നത്. വിനോദ് സന്തോഷിനെ വീട്ടിൽ വിളിച്ച് വരുത്തി കൊലപ്പെടുത്തിയ ശേഷം അറുത്തുമുറിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട സന്തോഷിന്റെ ഫോണിലേയ്ക്ക് കുഞ്ഞുമോൾ അവസാനമായി വിളിച്ചതായി വിവരം പൊലീസിനു കിട്ടിയതിനെ തുടർന്നാണ് രണ്ടുപേരെയും കസ്റ്റഡിയിൽ എടുത്തത്. സ്വന്തം പിതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് കമ്മൽ വിനോദ്.

മൃതദേഹം പയ്യപ്പാടി സ്വദേശിയുടേതെന്നു സംശയിക്കപ്പെട്ടതോടെയാണ് അന്വേഷണം കോട്ടയം സ്വദേശിയിലേക്ക് എത്തിയത്. ഇയാളുടെ ഫോണിലേക്ക് കുഞ്ഞുമോൾ വിളിച്ചതാണ് അന്വേഷണം പൊലീസിന് എളുപ്പമായത്. മൃതദേഹഭാഗങ്ങളും മരിച്ചതു പയ്യപ്പാടി സ്വദേശിയാണെന്ന നിഗമനത്തിലെത്തിച്ചു. മരിച്ചയാളുമായി വിനോദിനുള്ള ചില ബന്ധങ്ങളാണ് അന്വേഷണം കോട്ടയം സ്വദേശിയിൽ എത്തിച്ചത്. കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിച്ചതായാണു വിവരം. ഇയാൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മുണ്ടകപ്പാടത്ത് തെരച്ചിൽ നടത്തിയെങ്കിലും തല കണ്ടെത്താനായില്ലായിരുന്നു. ജില്ലാ പൊലീസ് മേധാവി കറുപ്പുസ്വാമിയുടെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കി.

നാലു ദിവസം പഴക്കം തോന്നിക്കുന്ന മൃതദേഹം പുഴുവരിച്ച നിലയിൽ ഇന്നലെ രാവിലയാണ് പ്രദേശവാസി കണ്ടെത്തിയത്. രാവിലെ ഒമ്പതരയോടെ പ്രദേശവാസിയായ ബിജുവാണ് മൃതദേഹം ആദ്യം കണ്ടത്. പ്രദേശത്ത് രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടിരുന്നു. പാടത്ത് ആരോ കോഴി മാലിന്യം തള്ളിയതാണെന്ന ധാരണയിൽ കുഴിച്ചിടാനായി തൂമ്പയുപയോഗിച്ചു ചാക്ക് നീക്കിയപ്പോഴാണ് പുറത്തേക്കു കാല് നീണ്ടുനിൽക്കുന്നതു കണ്ടത്. തുടർന്ന് പൊലീസിനെ വിവരമറിയിച്ചു. മൂന്നു ദിവസമായി ദുർഗന്ധമുണ്ടായിരുന്നുവെങ്കിലും ശനിയാഴ്ച വൈകിട്ടോടെയാണു രൂക്ഷമായത്.

രണ്ടു പ്ലാസ്റ്റിക് ചാക്കുകളിലായി അടുത്തടുത്താണു മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. യന്ത്രവാളോ മറ്റു മൂർച്ചയുള്ള ആയുധമോ ഉപയോഗിച്ച് കഴുത്തും അരയുടെ ഭാഗവും മുറിച്ചു മാറ്റിയ നിലയായിരുന്നു. അരയ്ക്കു മുകളിലോട്ടുള്ള ഭാഗം ഒരു ചാക്കിലും താഴോട്ടുള്ള ഭാഗം മറ്റൊരു ചാക്കിലുമാക്കിയാണ് തള്ളിയിരുന്നത്. നീലവരയൻ ഷർട്ടിന്റെ കൈകൾ മുട്ടിനു മുകളിൽ മടക്കിവച്ചിട്ടുണ്ട്. കാൽഭാഗം ഭാഗം കണ്ടെത്തിയ ചാക്കിൽനിന്ന് കാവിമുണ്ടും ഒരു വള്ളിച്ചെരുപ്പും ലഭിച്ചു. ഡോഗ് സ്വാഡും ഫോറൻസിക് വിദഗ്ദരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.