- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരോധാനത്തിന് സെക്‌സ് റാക്കറ്റെന്ന് ആരോപണം; പെൺകുട്ടികളുടെ ആത്മഹത്യയിൽ സംശയങ്ങൾ പലത്; ആര്യയുടെ ഫേസ്‌ബുക്ക് സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ; വ്യക്തമായ ചിത്രം നൽകാനാകാതെ അന്വേഷണ സംഘം
പത്തനംതിട്ട: കോന്നി സ്വദേശികളായ മൂന്നു പെൺകുട്ടികളുടെ തിരോധാനത്തിന്റെയും അതിൽ രണ്ടുപേരുടെ ആത്മഹത്യയുടെയും കാരണം കണ്ടെത്താനാകാതെ പൊലീസ് ഇരുട്ടിൽ തപ്പുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരു കുട്ടിയുടെ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കോന്നി ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ ഹയർസെക്കൻഡറി രണ്ടാം വർഷ വിദ്യാർത്ഥിനികളായ ആതിര, രാജി, ആര്യ
പത്തനംതിട്ട: കോന്നി സ്വദേശികളായ മൂന്നു പെൺകുട്ടികളുടെ തിരോധാനത്തിന്റെയും അതിൽ രണ്ടുപേരുടെ ആത്മഹത്യയുടെയും കാരണം കണ്ടെത്താനാകാതെ പൊലീസ് ഇരുട്ടിൽ തപ്പുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരു കുട്ടിയുടെ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കോന്നി ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ ഹയർസെക്കൻഡറി രണ്ടാം വർഷ വിദ്യാർത്ഥിനികളായ ആതിര, രാജി, ആര്യ എന്നിവരാണ് കഴിഞ്ഞ വ്യാഴാഴ്ച വീടു വിട്ടിറങ്ങിയത്.
ഇതിൽ ആതിര, രാജി എന്നിവരുടെ മൃതദേഹമാണ് ഒറ്റപ്പാലത്തിനടുത്ത് പൂക്കാട്ടുകുന്നിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. ഗുരുതരമായി പരുക്കേറ്റ നിലയിൽ ആര്യയെന്ന കുട്ടിയെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആര്യയുടെ സുഹൃത്തായ അപ്പോളോ ടയേഴ്‌സ് ജീവനക്കാരനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ആര്യയുടെ ഫേസ്‌ബുക്ക് സുഹൃത്താണ് ഇയാൾ. ഇവർ തമ്മിൽ നേരിൽ കണ്ടിട്ടില്ല.
ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട ഇവർ തമ്മിൽ ഫോണിൽ ബന്ധം പുലർത്തിയിരുന്നു. ആര്യയുടെ ഫോൺ കോൾലിസ്റ്റ് പരിശോധിച്ചതിൽ നിന്നാണ് ഇയാളെപ്പറ്റി പൊലീസിന് വിവരം ലഭിച്ചത്. കൊടുങ്ങല്ലൂർ സ്വദേശിയാണ് ഇയാൾ. പെൺകുട്ടികൾ വീടു വിടാനുണ്ടായ സാഹചര്യം പൊലീസിനും വീട്ടുകാർക്കും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പഠിക്കാൻ സമർഥരായിരുന്നു മൂവരും. രണ്ടുപേർ എസ്.എസ്.എൽ.സിക്ക് 10 എ പ്ലസും ഒരാൾ ഒമ്പത് എ പ്ലസും വാങ്ങിയാണ് പാസായത്. അഞ്ചാം ക്ലാസ് മുതൽ ഒന്നിച്ചു പഠിച്ച മൂവരും ആത്മസുഹൃത്തുക്കളുമായിരുന്നു. തങ്ങൾക്ക് സ്‌കൂളിലോ വീട്ടിലോ എന്തെങ്കിലും പ്രശ്‌നമുണ്ടായിരുന്നതായും ഇവർ സൂചന നൽകിയിരുന്നില്ല. വ്യാഴാഴ്ച രാവിലെ സ്‌കൂൾ യൂണിഫോമിലാണ് മൂവരും വീട്ടിൽ നിന്ന് ഇറങ്ങിയത്.
ഇപ്പോൾ പൊലീസ് എത്തിച്ചേർന്നിരിക്കുന്നത് രണ്ടു നിഗമനങ്ങളിലാണ്. ചെറിയ പ്രശ്‌നത്തിന്റെ പേരിൽ വീടുവിട്ടിറങ്ങിയ മൂവരെയും കാണാനില്ലെന്ന വിവരം സോഷ്യൽമീഡിയയിൽ ചിത്രം സഹിതം പ്രത്യക്ഷപ്പെട്ടു. 10-ാം ക്ലാസ് വിജയത്തെ തുടർന്ന് ഇവർ പഠിച്ചിരുന്ന ട്യൂഷൻ സെന്ററുകാർ സ്ഥാപിച്ച ഫ്‌ളക്‌സ് ബോർഡിൽ നിന്നുമുള്ള ചിത്രമാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഇതുണ്ടാക്കിയ മനോവിഷമം മൂലം പെൺകുട്ടികൾ ജീവനൊടുക്കാൻ ശ്രമിച്ചിരിക്കാം എന്നതാണ് പൊലീസിന്റെ ഒരു നിഗമനം. എന്നാൽ ഇത്ര നിസാരമായ ഒരു പ്രശ്‌നത്തിന്റെ പേരിൽ ജീവനൊടുക്കാനുള്ള സാധ്യതയില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
രണ്ടാമത്തെ നിഗമനം കുട്ടികൾ സെക്‌സ് റാക്കറ്റിന്റെ പിടിയിൽപ്പെട്ടിരിക്കാമെന്നതാണ്. ആലപ്പുഴയിൽ മൂന്നു വിദ്യാർത്ഥിനികൾ വർഷങ്ങൾക്ക് മുമ്പ് ക്ലാസ് മുറിയിൽ ജീവനൊടുക്കിയതു പോലെ എന്തെങ്കിലുമാകാം ഇതിന് പിന്നിലെന്നും പൊലീസ് സംശയിക്കുന്നു. മൂന്നു കുട്ടികളുടെയും കുടുംബാന്തരീക്ഷവും പൊലീസ് പരിശോധിക്കുന്നുണ്ട്. മൂവരും അമ്മമാരുടെ സംരക്ഷണയിലാണ് കഴിഞ്ഞു വന്നിരുന്നത്. തങ്ങളുടെ കുട്ടികൾ ഒരിക്കലും തെറ്റായ വഴിയിൽ നീങ്ങിയിട്ടില്ലെന്നാണ് ഇവർ പറയുന്നത്. എന്നാൽ, സഹപാഠികളിലും അദ്ധ്യാപകരിലും നിന്ന് ലഭിക്കുന്ന സൂചന അനുസരിച്ച് ഇതിൽ ഒരാൾക്ക് ചില ചുറ്റിക്കളികൾ ഒക്കെയുണ്ടായിരുന്നുവെന്നാണ്. ഈ കുട്ടിയാണ് മറ്റു രണ്ടുപേരെയും കൂടി വിളിച്ചു കൊണ്ടുപോയതെന്നും പറയപ്പെടുന്നു.
നേരത്തേ പൊലീസ് നടത്തിയ അന്വേഷണത്തിൽ കൂട്ടത്തിൽ ഒരാളുടെ കൈയിലുണ്ടായിരുന്ന പി.സി. ടാബ്ലറ്റിന്റെ സിഗ്‌നൽ ചെങ്ങന്നൂരിലും മാവേലിക്കരയിലും ലഭിച്ചിരുന്നു. ഇതിന് ശേഷം ഇത് ഓഫാണ്. കൂട്ടത്തിൽ ഒരാൾ മറ്റൊരാളുടെ വീട്ടിലേക്ക് വിളിച്ചിരുന്നു. ആ നമ്പർ പിന്തുടർന്നപ്പോൾ മാവേലിക്കരയിലെ ഒരു കടക്കാരന്റെ മൊബൈൽ ഫോണിൽ നിന്നാണ് എന്ന് വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് മാവേലിക്കരയിൽ നടത്തിയ അനേ്വഷണത്തിലാണ് സെൻട്രൽ ജങ്ഷനിലെ ഒരു കടയിൽ വിദ്യാർത്ഥിനികൾ എത്തിയതായി വിവരം ലഭിച്ചത്. കടക്കാരനോട് ഫോൺ വാങ്ങി വീട്ടിലേക്ക് വിളിക്കുകയായിരുന്നു.
ഇവരുടെ ചിത്രം കണ്ട് തിരിച്ചറിഞ്ഞ കടക്കാരനെയും കൂട്ടി സമീപപ്രദേശങ്ങളിലൊക്കെ പൊലീസ് തെരച്ചിൽ നടത്തിയെങ്കിലും വിവരമൊന്നും കിട്ടിയില്ല. യൂണിഫോമാണ് ധരിച്ചിരുന്നത്. എന്നാൽ, മാവേലിക്കരയിലെ കടക്കാരൻ നൽകിയ വിവരം അനുസരിച്ച് മൂന്നു പേരും യൂണിഫോമിലായിരുന്നില്ലെന്ന് പൊലീസ് പറയുന്നു.