വണ്ടൂർ: കാട്ടിൽ നിന്നും പുള്ളിമാനെ പിടികൂടി വീട്ടിൽ വളർത്തിയത് മൃഗ സ്‌നേഹം കൊണ്ടെന്ന് പെരിന്തൽമണ്ണ ആനമങ്ങാട് മണലായ സ്വദേശിനി മങ്ങാടൻപറമ്പത്ത് മുംതാസിന്റെ മൊഴി. പുള്ളിമാനെ വളർത്തിയതിന് നാൽപതുകാരിയായ മുംതാസിനെ കഴിഞ്ഞ ദിവസമാണ് വനംവകുപ്പ് അറസ്റ്റ് ചെയ്തത്. വിദേശത്തുള്ള ഇവരുടെ ഭർത്താവ് ഷംസുദ്ദീനെതിരെയും കേസെടുത്തു. ഇയാളെയും ഉടൻ അറസ്റ്റ് ചെയ്യും

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് മണലായയിലെ ഇവരുടെ വീട്ടിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. വീടിനോട് ചേർന്ന് നിർമ്മിച്ച പ്രത്യേക മുറിയിലാണ് പുള്ളിമാൻ ഉണ്ടായിരുന്നത്. കാഴ്ചയിൽ 12 വയസിലധികം പ്രായം വരും. കഴിഞ്ഞ 12 വർഷമായി കുടുംബം പുള്ളിമാനെ വീട്ടിലും തോട്ടത്തിലുമായി വളർത്തുകയായിരുന്നു. കുഞ്ഞായിരുന്നപ്പോൾ തന്നെ കാട്ടിൽ നിന്ന് പിടികൂടി എത്തിച്ചതാണ്.

വന്യജീവി സംരക്ഷണ നിയമ പ്രകാരം അത്യധികം സംരക്ഷിതമായ പട്ടിക- 3ൽ പെടുന്നതാണ് പുള്ളിമാൻ. ഈ വിഭാഗത്തിൽപ്പെട്ട മൃഗങ്ങളെ പിടികൂടുന്നതും സൂക്ഷിക്കുന്നതും പരമാവധി മൂന്ന് വർഷം വരെ കഠിനതടവും പിഴയും ശിക്ഷ കിട്ടാവുന്ന ക്രിമിനൽ കുറ്റമാണ്. ഈ സാഹചര്യത്തിലാണ് മുംതാസിനെ അറസ്റ്റ് ചെയ്തത്. ഭർത്താവാണ് പുള്ളിമാനെ കൊണ്ടുവന്നതെന്ന മൊഴിയാണ് ലഭിച്ചത്. അതുകൊണ്ടാണ് ഭർത്താവിനെതിരേയും കേസെടുത്തത്.

ഫോറസ്റ്റ് ഉദ്യോഗസ്ഥർ മാനിനെ വണ്ടൂരിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് ശേഷം കോടനാടുള്ള റെസ്‌ക്യൂ ഹോമിലേക്ക് കൊണ്ടുപോയി. അറസ്റ്രിലായ മുംതാസിനെ മഞ്ചേരി ഫോറസ്റ്റ് കോടതിയിൽ ഹാജരാക്കും. കാളികാവ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ ടി. റഹീസ്, ഫ്‌ളയിങ് സ്‌ക്വാഡ് റേഞ്ച് ഓഫീസർ ജയപ്രകാശ്, കരുവാരക്കുണ്ട് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ എൻ. മോഹനൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.

കിട്ടിയ മാനിനെ മൃഗശാലയ്ക്ക് കൈമാറാനാണ് സാധ്യത. മനുഷ്യരുമായി ഇണങ്ങി ജീവിച്ചതു കൊണ്ട് കാട്ടിലേക്ക് വിട്ടാൽ മാനിന് ജീവിക്കാൻ കഴിയില്ലെന്നാണ് വനം വകുപ്പിന്റെ വിലയിരുത്തൽ.