ബ്രിട്ടനിലെ സെന്റ് ഹെലൻസിലുള്ളവരുടെയെല്ലാം മനം കുളുർപ്പിച്ച് കൊണ്ട് ചിരിച്ച് കളിച്ച് ഓടി നടന്നിരുന്ന കൊച്ചു സുന്ദരിയായിരുന്നു വൈലറ്റ് ഗ്രേസ് യൂൻസ് എന്ന നാലു വയസുകാരി. കഴിഞ്ഞ മാസമുണ്ടായ ഒരു വാഹനാപകടത്തെ തുടർന്ന് ദിവസങ്ങൾക്ക് ശേഷം അവൾ ഈ ഭൂമി വിട്ട് പോവുകയും ചെയ്തു.അവൾക്കേറ്റവും ഇഷ്ടപ്പെട്ട നിറമായ വൈലറ്റിൽ ചാലിച്ച യാത്രാമൊഴിയാണ് കുടുംബക്കാരും സെന്റ് ഹെലൻസുകാരും ചേർന്ന് നൽകിയിരിക്കുന്നത്. ഇതോടനുബന്ധിച്ച് കുട്ടിയുടെ അമ്മ റെബേക്ക മുടി വൈലറ്റ് ചെയ്ത് വൈലറ്റ് വസ്ത്രങ്ങൾ ധരിച്ചായിരുന്നു തന്റെ കൺമണിയുടെ മൃതദേഹ പേടകം കൈയിലെടുത്തത്. അപ്പോൾ നിലയ്ക്കാത്ത കണ്ണീരടക്കാൻ ആ മാതൃഹൃദയം പാടുപെടുന്നുണ്ടായിരുന്നു. മൃതദേഹത്തെ അലങ്കരിക്കാൻ വൈലറ്റ് പുഷ്പങ്ങളുടെ പെരുമഴയുമുണ്ടായിരുന്നു.

തന്റെ അമ്മൂമ്മയ്ക്കൊപ്പം നടന്ന് പോകുമ്പോൾ ഒരു കാറിടിച്ചായിരുന്നു വൈലറ്റിന് ജീവൻ നഷ്ടപ്പെട്ടത്. കുട്ടിയുടെ ശവസംസ്‌കാര ചടങ്ങിനെത്തുന്നവരോടെല്ലാം വൈലറ്റ് വസ്ത്രങ്ങൾ ധരിക്കാനാവശ്യപ്പെട്ടിരുന്നു. ഈ കൊച്ചു സുന്ദരിയുടെ മൃതദേഹപേടകം മഴവില്ല്, ആനിമേറ്റഡ് സിനിമയായ ട്രോളിലെ കഥാപാത്രങ്ങൾ, എന്നിവ സഹിതം അലങ്കരിച്ചായിരുന്നു എക്സെൽസ്റ്റണിലെ സെന്റ് ജൂലീസ് ചർച്ചിലേക്ക് കൊണ്ടു വന്നിരുന്നത്. വൈലറ്റിന്റെ പിതാവായ ഗ്ലെന്നും മറ്റ് കുടുംബാംഗങ്ങളും മൃതദേഹപേടകം പേറിയവരിൽ ഉൾപ്പെടുന്നു. മാർച്ച് 24നുണ്ടായ അപകടത്തിൽ വൈലറ്റിന്റെ അമ്മൂമ്മയായ ഏൻജല ഫ്രഞ്ചിന് ഗുരുതരമായി പരുക്കേറ്റിരുന്നു. ഒരു വീൽ ചെയറിൽ കയറിയായിരുന്നു അവർ സംസ്‌കാര ചടങ്ങിനെത്തിയത്.

ട്രോൾസ്, ലാബിറിൻത്, ഫ്രോസൻ എന്നീ സിനിമകളിലെ ഗാനങ്ങൾ മരണാനന്തര ചടങ്ങിൽ ഉൾപ്പെടുത്തിയിരുന്നു. ഓ..സെസിലിയ എന്ന ഗാനത്തോടെയാണ് ചടങ്ങ് അവസാനിച്ചിരുന്നത്. സംസ്‌കാര ചടങ്ങിന് ശേഷം വൈലറ്റിന്റെ ജീവിതം ആഘോഷിക്കുന്നതിനുള്ള പാർട്ടിയും നടത്തിയിരുന്നു. വളരെ അനുഗ്രഹീതയായ കുട്ടിയെയാണ് അകാലത്തിൽ നഷ്ടപ്പെട്ടിരിക്കുന്നതെന്നാണ് ചടങ്ങിന് നേതൃത്വം നൽകിയ പുരോഹിതനായ കാനൻ തോമസ് നെയ്ലോൺ അനുസ്മിരിച്ചത്. ആരുടെയും മനം കവരുന്ന പ്രകൃതമായിരുന്നു ഈ കൊച്ചുസുന്ദരിയുടേതെന്നും പുരോഹിതൻ അനുസ്മരിച്ചു.

വൃക്കകളും പാൻക്രിയാസും ദാനം ചെയ്തുകൊണ്ട് തന്റെ ധീരയായ മകൾ രണ്ട് ജീവനുകൾ രക്ഷിച്ചുവെന്നാണ് കുട്ടിയുട അമ്മ ഫേസ്‌ബുക്കിൽ കുറിച്ചിരിക്കുന്നത്. മകളുടെ അകാലവിയോഗത്തിൽ തന്റെ ഹൃദയം തകർന്നിരിക്കുകയാണെന്നും എന്നാൽ അവളെക്കുറിച്ചോർത്ത് അഭിമാനമുണ്ടെന്നും ഈ അമ്മ പറയുന്നു. കുട്ടിയുടെ മരണത്തിന് കാരണമായി അപകടകരമായി ഡ്രൈവ് ചെയ്ത കുറ്റം ചുമത്തി എയ്ഡാൻ മാക് അടീർ എന്ന 22 കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാൾ കാർ മോഷ്ടിച്ച് കൊണ്ടു വരുന്ന വെപ്രാളത്തിനിടെയാണ് അപകടമുണ്ടാക്കിയിരിക്കുന്നതെന്നും സൂചനയുണ്ട്.