- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഉള്ളംകാലിൽ ചൂരൽ കൊണ്ടടിച്ചു; വിവസ്ത്രനാക്കി മണിക്കൂറുകളോളം നിറുത്തി; നിരവധി തവണ പൊലീസ് ചോദ്യം ചെയ്തു'; വളർത്തുമകളുടെ കൊലപാതകത്തിൽ യഥാർത്ഥ പ്രതികൾ പിടിയിലാകുമ്പോൾ കറുത്ത ദിനങ്ങളുടെ നടുക്കുന്ന ഓർമ്മയിൽ ആനന്ദൻ ചെട്ടിയാരും ഭാര്യയും
വിഴിഞ്ഞം: വളർത്തുമകൾ തലയ്ക്ക് അടിയേറ്റ് കൊല്ലപ്പെട്ട കേസിൽ യഥാർത്ഥ പ്രതികൾ ഒരു വർഷത്തിന് ശേഷം പിടിയിലാകുമ്പോഴും കേസ് അന്വേഷണത്തിന്റെ പേരിൽ നേരിടേണ്ടി വന്ന ക്രൂര പീഡനങ്ങളുടെ നടക്കുന്ന ഓർമ്മയിൽ മുട്ടയ്ക്കാട് ചിറയിൽ ചരുവിള പുത്തൻ വീട്ടിൽ ആനന്ദൻ ചെട്ടിയാരും ഗീതയും.
കൊലപാതകത്തിന്റെ പിന്നിൽ തങ്ങളാണെന്ന ആരോപണം കള്ളമാണെന്ന് തെളിഞ്ഞതിന്റെ ആശ്വാസം മനസിൽ നിറയുമ്പോഴും പൊലീസിൽ നിന്നും ഏൽക്കേണ്ടി വന്ന ക്രൂരമായ മർദ്ദനം ഇരുവർക്കും മറക്കാനാവുന്നില്ല.
2021 ജനുവരി 14നാണ് ഇവരുടെ വളർത്തുമകൾ ഗീതു കൊല്ലപ്പെട്ടത്. തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞതിനെ തുടർന്ന് അന്വേഷണം വീട്ടുകാരിലേക്ക് തിരിയുകയായിരുന്നു.
ആനന്ദൻ ചെട്ടിയാരെയും ഗീതയെയും പൊലീസ് നിരവധിതവണ ചോദ്യം ചെയ്തു.കുറ്റം ഏറ്റെടുക്കാനായി പൊലീസ് തന്നെ ക്രൂരമായി മർദ്ദിച്ചെന്നും ഉള്ളംകാലിൽ ചൂരൽ കൊണ്ടടിക്കുകയും വിവസ്ത്രനാക്കി മണിക്കൂറുകളോളം നിറുത്തി പരിശോധനയും പീഡനവും നടത്തിയതായും ആനന്ദൻ പറഞ്ഞു. പൊലീസ് തന്നെ മാനസികമായി പീഡിപ്പിച്ചെന്നാണ് ഗീത പറയുന്നത്. ഇവരുടെ സഹോദരപുത്രനെയും പൊലീസ് ക്രൂരമായി മർദ്ദിച്ചു. കസേര നിലത്തടിച്ച് പൊട്ടിക്കുകയും കൈവിരലുകളിൽ സൂചി കുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു.
കേട്ടാലറയ്ക്കുന്ന വാക്കുകൾ പറഞ്ഞു. സഹോദരന്റെ മകനെയും ഭാര്യയെയും കൈക്കുഞ്ഞിന് പാല് പോലും കൊടുക്കാൻ സമ്മതിക്കാതെ മണിക്കൂറുകളോളം സ്റ്റേഷനിൽ പിടിച്ചിരുത്തിയെന്നും ഗീത പറയുന്നു.
എങ്കിലും ഇവർക്ക് അറിയാവുന്ന കാര്യങ്ങൾ മാത്രമേ പറഞ്ഞുള്ളു. ഇവരുടെ വീടിന് അയൽ പക്കത്ത് താമസിച്ചിരുന്ന റഫീഖ ബീവിയെയും മകനെയും പൊലീസ് രണ്ടു ദിവസം കഴിഞ്ഞാണ് ചോദ്യം ചെയ്തത്. ശേഷം പൊലീസ് ഇവരെ വിട്ടയച്ചതായും ഗീതമ്മ പറഞ്ഞു.
പൊലീസിന്റെ മാനസികവും ശാരീരികവുമായ പീഡനവും സഹോദരന്റെ മകനെ കേസിൽ കുടുക്കുമെന്ന ഭയവും കാരണം ചെയ്യാത്ത കുറ്റം ഒടുവിൽ ഗീതമ്മ സ്വയം ഏറ്റെടുത്തു. ഇതോടെ പൊലീസുകാർ വീട്ടിൽ നിന്നും ഒരു തടി കഷണവും കണ്ടെത്തി. ഇതുകൊണ്ടാണ് മകളെ തലയ്ക്കടിച്ച് കൊന്നതെന്ന് ഇവർ പൊലീസിനോട് സമ്മതിച്ചു.
ഇതിനിടെ ഗീതമ്മ ക്യാൻസർ ബാധിതയായി, ഈ സമയത്തും പൊലീസ് വന്ന് നുണ പരിശോധനയ്ക്കായി ഒപ്പിട്ടുവാങ്ങി. എന്നാൽ കീമോതെറാപ്പി അടക്കമുള്ള ക്യാൻസർ ചികിത്സ തുടങ്ങിയതോടെ കഴിഞ്ഞ നാല് മാസമായി പൊലീസ് ഉപദ്രവിച്ചിട്ടില്ലെന്നും ഇവർ പറഞ്ഞു. ഇത് ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്.ആനന്ദൻ ചെട്ടിയാരുടെ കുടുംബ വീടായ പാലോടും സഹോദരിമാരെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. സഹായിക്കാൻ കാര്യമായി ബന്ധുക്കളൊന്നും ഇല്ലാത്തതിനാൽ നിരപരാധികൾക്കെതിരായ പൊലീസിന്റെ ക്രൂരത പുറം ലോകം അറിഞ്ഞിരുന്നില്ല.
വിഴിഞ്ഞത്ത് വയോധികയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ റഫീഖ ബീവിയും മകനും ചേർന്നാണ് ഒരു വർഷം മുമ്പ് 14 കാരിയെ കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തിൽ തെളിയുകയായിരുന്നു. മകൾ ഗീതുവിന്റെ വിയോഗത്തിൽ ദുഃഖമുണ്ടെങ്കിലും എടുത്തു വളർത്തിയ മകളുടെ മരണത്തിന്റെ ഉത്തരവാദിത്വം തങ്ങളുടെ തലയിൽ നിന്നും മാറിയതിന്റെ ആശ്വാസമാണിവർക്ക്.
കൊലകോവളം മുട്ടയ്ക്കാട് ചിറയിൽ ഗീതു കൊല്ലപ്പെട്ട് ഒരു വർഷം തികയുന്ന ദിവസമാണ് മുല്ലൂരിൽ ശാന്തകുമാരിയെന്ന വീട്ടമ്മ കൊല്ലപ്പെടുന്നത്. രണ്ട് സംഭവത്തിലെയും പ്രതികൾ ഒന്നു തന്നെയാണെന്ന് തെളിഞ്ഞതോടെയാണ് വളർത്തു മകളുടെ കൊലപാതകത്തിൽ ആ മാതാപിതാക്കൾ കുറ്റക്കാരല്ലെന്ന് തെളിഞ്ഞത്.
ഗീതുവിന്റെ മരണം പ്രതികളിലൊരാളുമായുള്ള അടുപ്പം മറയ്ക്കാനാണെങ്കിൽ മുല്ലൂരിലേത് സ്വർണാഭരണങ്ങൾ കൈക്കലാക്കാനായിരുന്നു. തലയിൽ ചുറ്റികകൊണ്ട് അടിച്ചായിരുന്നു രണ്ട് കൊലപാതകങ്ങളും നടന്നത്. രണ്ടുകൊലപാതകങ്ങളും തെളിഞ്ഞതും ഒരേ ദിവസമായിരുന്നു. ചുറ്റിക, സ്‌ക്രൂ ഡ്രൈവർ, പ്ലെയർ തുടങ്ങിയ ടൂൾകിറ്റുകൾ കൊണ്ടു നടക്കുന്ന സ്വഭാവക്കാരിയായിരുന്നു റഫീഖാ ബീവിയെന്നും തെളിഞ്ഞിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ