ന്യൂഡൽഹി: ഭീകരവാദത്തിനെതിരെ ഒന്നിച്ചു പോരാടണമെന്ന ലോകനേതാക്കളുടെ പ്രസ്താവനകൾ വരുന്നതിനിടെ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ കുട്ടികളെ ചാവേറാക്കുമെന്നു റിപ്പോർട്ട്. 67-ാം റിപ്പബ്ലിക് ദിനത്തിന് രണ്ടു ദിവസം മാത്രം ബാക്കി നിൽക്കെ ചടങ്ങിൽ പ്രധാനമന്ത്രിയെ ലക്ഷ്യമിട്ട് കുട്ടികളായ ചാവേറുകളെ ഐസിസ് അയച്ചേക്കമെന്നാണു രഹസ്യന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്.

പാക്കിസ്ഥാനു കനത്ത താക്കീതുമായാണ് അമേരിക്ക രംഗത്തെത്തിയിരിക്കുന്നത്. തീവ്രവാദത്തിന്റെ എല്ലാ കണ്ണികളെയും പാക്കിസ്ഥാൻ നശിപ്പിക്കണമെന്നും പ്രസിഡന്റ് ബറാക് ഒബാമ ആവശ്യപ്പെട്ടു.

പാക്കിസ്ഥാനിലെ അസ്ഥിരത അവരുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാണ്. തീവ്രവാദത്തിനെതിരെ കടുത്ത നടപടികൾ പാക്കിസ്ഥാൻ സ്വീകരിക്കണം എന്നും അമേരിക്കൻ പ്രസിഡന്റ് ആവശ്യപ്പെട്ടു. പത്താൻകോട്ട് ആക്രമണം പൊറുക്കാനാവാത്ത ഭീകരതയാണ് എന്നും ഒബാമ കുറ്റപ്പെടുത്തി.

തീവ്രവാദത്തിനെതിരെ നടപടി സ്വീകരിക്കുന്നതിൽ പാക്കിസ്ഥാന്റെ പ്രതിബദ്ധത തെളിയിക്കുന്നതിനുള്ള അവസരമാണിത്. അതുകൊണ്ടുതന്നെ തീവ്രവാദത്തിന്റെ കണ്ണികൾ ഓരോന്നായി തകർക്കണം എന്നും പാക്കിസ്ഥാനോട് ബരാക് ഒബാമ ആവശ്യപ്പെട്ടു.

ഇതിനിടെയാണ് ഇന്ത്യൻ പ്രധാനമന്ത്രിക്കു വധഭീഷണിയെന്ന റിപ്പോർട്ടകളും എത്തിയത്. നരേന്ദ്രമോദി കുട്ടികളുമായി സംവാദിക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിൽ ഇസ്ലാമിക് സ്റ്റേറ്റ് പന്ത്രണ്ടിനും പതിനഞ്ചിനും ഇടയിൽ പ്രായമുള്ള ആൺ കുട്ടികളെ അയച്ചേക്കുമെന്നാണ് രഹസ്യവിവരം. കഴിഞ്ഞ റിപ്പബ്ലിക് ചടങ്ങുകൾ കഴിഞ്ഞു മടങ്ങുകയായിരുന്ന മോദി കുട്ടികളെ കണ്ടപ്പോൾ അവരുമായി സംസാരിക്കാൻ സുരക്ഷാവലയം കടന്നു പോയിരുന്നു.

ചാവേറുകളാക്കാൻ പരിശീലനം സിദ്ധിച്ച കുട്ടികളെ ഇസ്ലാമിക് സ്റ്റേറ്റ് ഇതിനോടകം ഇന്ത്യയിലെത്തിച്ചിരിക്കാമെന്നാണ് രഹസ്യന്വേഷണ ബ്യൂറോയുടെ മുന്നറിയിപ്പ്. ഫ്രഞ്ച് പ്രസിഡന്റ് ചടങ്ങിൽ പങ്കെടുക്കുന്നതാണ് ഇസ്ലാമിക് സ്റ്റേറ്റിനെ കൂടുതൽ ചൊടിപ്പിച്ചിരിക്കുന്നതെന്നാണു റിപ്പോർട്ടുകൾ. പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ്‌പിജിക് ഇതു സംബന്ധിച്ചുള്ള കരുതൽ നിർദ്ദേശം രഹസ്യാന്വേഷണ ബ്യൂറോ കൈമാറിയിട്ടുണ്ട്. മോദിയുടെ സുരക്ഷയും അതേത്തുടർന്ന് വർധിപ്പിച്ചിരിക്കുകയാണ്.

ഇന്നും നാളെയും മറ്റന്നാളും അതീവ ജാഗ്രത പാലിക്കാനും നഗരത്തിൽ കാണുന്ന കുട്ടികളെ നിരീക്ഷിക്കാനും ഡൽഹി പൊലീസിനും നിർദ്ദേശം നൽകിയിട്ടുണ്ട്. ആയുധങ്ങളും സ്‌ഫോടനവസ്തുകളും ഉപയോഗിക്കാൻ കുട്ടികൾ പരീശിലനം നേടുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ കഴിഞ്ഞ മാസാവസാനം ഐസിസ് പുറത്തുവിട്ടിരുന്നു. പാക് അധിനിവേശ കശ്മീരിലെയും അഫാഗാനിസ്ഥാനിലെയും തീവ്രവാദി ക്യാമ്പുകളിലാണ് കുട്ടികൾക്ക് ആയുധ സ്‌ഫോടക പരിശീലനം ലഭിച്ചത്. കനത്ത ജാഗ്രയിലാണ് രാജ്യതലസ്ഥാനം ഇപ്പോൾ. സംഭവവുമായി ബന്ധപ്പെട്ട് അതീവ ജാഗ്രത പാലിക്കാൻ എസ്‌പിജിക്കും എൻസിആർ യൂണിറ്റുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

ഭീകരവാദത്തെ ഒന്നിച്ചു നേരിടുമെന്ന് ഇന്ത്യയിലെത്തിയ ഫ്രാൻസ് പ്രസിഡന്റ് ഫ്രൻസ്വ ഒലാന്ദ് പറഞ്ഞു. മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്നാണ് ഒലോൻദ് ഇന്ത്യയിലെത്തിയത്. ചണ്ഡിഗഢിൽ വിമാനമിറങ്ങിയ ഒലോൻദിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. പത്താൻകോട്ട് ആക്രമണത്തിൽ പാക്കിസ്ഥാനോടു നടപടിയെടുക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടത് നീതിപൂർവമാണെന്നും ഒലോൻദ് വ്യക്തമാക്കി.