ന്യൂഡൽഹി: രാജ്യദ്രോഹികൾ എന്നാക്ഷേപിച്ച് അഞ്ച് വനിതകൾക്കെതിരെ വധ ഭീഷണി മുഴക്കിയ ഷില്ലോങ് സ്വദേശിക്കെതിരെ പൊലീസ് കേസ് എടുത്തു. അരുന്ധതി റോയ് അടക്കം അഞ്ച് വനിതകൾക്കെതിരെ വധ ഭീഷണി മുഴക്കിയ ഷില്ലോങ് സ്വദേശിക്കെതിരെ ഡൽഹി പൊലീസ് സൈബർ സെൽ ആണ് കേസെടുത്തത്.

മാധ്യമപ്രവർത്തക സാഗരിക ഘോഷ്, എഴുത്തുകാരും പൊതുപ്രവർത്തകരുമായ അരുന്ധതി റോയി, ശോഭാ ഡേ, കവിത കൃഷ്ണൻ, ജെഎൻയുവിലെ വിദ്യാർത്ഥി നേതാവ് ഷെഹ്‌ല റഷീദ് എന്നിവർക്കെതിരെയാണു വധഭീഷണി ഉയർന്നത്.   'ഗൗരി ലങ്കേഷിനെ വെടിവച്ചുകൊന്ന സംഭവം ജേണലിസ്റ്റുകളും ആക്ടിവിസ്റ്റുകളുമായി നടിക്കുന്ന ദേശദ്രോഹികൾക്കു പാഠമായിരിക്കട്ടെ' എന്നു തുടങ്ങുന്ന പോസ്റ്റിൽ, ഇത് അവസാനത്തേതല്ലെന്നും എല്ലാ ദേശവിരുദ്ധരുടെയും കൊലപാതക പരമ്പരയിലെ ഒരധ്യായം മാത്രമാണെന്നും പറയുന്നു. തുടർന്നാണ് അഞ്ചു പേരുകൾ നൽകിയിട്ടുള്ളത്.

 സാഗരിക ഘോഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു കേസ്. ഫേസ്‌ബുക്കിൽ ഒന്നിലധികം അക്കൗണ്ടുകളുള്ള ഷില്ലോങ് സ്വദേശി കഴിഞ്ഞ ചൊവ്വാഴ്ചയാണു പോസ്റ്റ് ഷെയർ ചെയ്തത്. ഭീഷണി സന്ദേശം സാഗരിക ട്വിറ്ററിൽ പങ്കുവച്ചിരുന്നു.