ജക്കാർത്ത: രാജ്യത്തെ നടുക്കിയ ഭൂകമ്പത്തിലും സുനാമിയിലും വിറങ്ങലിച്ച് നിൽക്കുകയാണ് ഇന്തോനേഷ്യ. മരണസംഖ്യ 1234 ആയി ഉയർന്നുവെന്ന വാർത്ത ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. സുലവേസയിൽ മണ്ണിനടിയിലായ പള്ളിയിൽ നിന്നും ഒരു ഡസനിലേറെ വിദ്യാർത്ഥികളുടെ മൃതദ്ദേഹം കണ്ടെത്തിയെന്ന വാർത്ത നിറകണ്ണുകളോടെയാണ് ലോകം കേട്ടത്. രാജ്യത്തെ മരണ സംഖ്യ ഉയർന്ന വിവരം ദുരന്ത നിവാരണ ഏജൻസി വക്താവാണ് സ്ഥിരീകരിച്ചത്.

ഭൂകമ്പ മാപ്പിനിയിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനവും തുടർന്നുണ്ടായ സുനാമിയുമാണ് ഇന്തോനേഷ്യയെ തകർത്തെറിഞ്ഞത്. ഇന്തോനേഷ്യയിലെ പ്രധാന തീരദേശ നഗരമായ പാലു പൂർണ്ണമായും തരിപ്പണമായി.രാജ്യത്ത് രക്ഷാപ്രവർത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്. ഈ അവസരത്തിലും മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് ദുരന്ത നിവാരണ ഏജൻസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രണ്ട് ലക്ഷത്തിലധികം ആളുകളാണ് ഭൂകമ്പത്തിനും സുനാമിക്കും ഇരകളായത്. ഇവരുടെ പുനരധിവാസത്തിനും തകർന്ന കെട്ടിടങ്ങൾ പുനർ നിർമ്മിക്കുന്നതിനുമായി മറ്റ് രാജ്യങ്ങളോട് സഹായം അഭ്യർത്ഥിച്ചിരിക്കുകയാണ് ഇന്തോനേഷ്യ.

നിലവിൽ ഇൻഡോനീഷ്യൻ പട്ടാളത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.ദുരന്തത്തെ അതിജീവിച്ചവർ നേരിടുന്നത് കടുത്ത ക്ഷാമമാണ്. ഭക്ഷ്യ ക്ഷാമവും ശുദ്ധജല ദൗർലഭ്യവും രൂക്ഷമാണെന്ന് വിവിധ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. പ്രദേശത്തെ ആശുപത്രികൾ പരിക്കേറ്റവരേക്കൊണ്ട് നിറഞ്ഞിരുക്കുകയാണ്. ഭക്ഷണത്തിനും, കുടിവെള്ളത്തിനും മറ്റ് അവശ്യ വസ്തുക്കൾക്കും വേണ്ടി മോഷണം നടത്തിയ ഏതാനും പേരെ പൊലീസ് അറസ്റ്റ് ചെയ്തതായും അധികൃതർ അറിയിച്ചു.

7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിനുപിന്നാലെ 150- ഓളം തുടർചലനങ്ങളും സുനാമിയുമാണ് സുലവേസി ദ്വീപിലെ രണ്ടു പ്രദേശത്തെ വിഴുങ്ങിയത്.ദ്വീപിൽ മൂന്നര ലക്ഷത്തിലേറെപ്പേർ താമസിക്കുന്ന പാലു നഗരത്തിലാണ് മരണം കൂടുതൽ സംഭവിച്ചതെന്ന് ദുരന്തനിവാരണ ഏജൻസി പറഞ്ഞു. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രത്തിൽനിന്ന് 80 കിലോമീറ്റർ അകലെയാണ് ഈ നഗരം. ആയിരക്കണക്കിന് വീടുകൾ, ഹോട്ടലുകൾ, ഷോപ്പിങ് മാളുകൾ, പള്ളികൾ എന്നിവ തകർന്നു. വീട് നഷ്ടപ്പെട്ടവർ തുടർചലനങ്ങൾ ഭയന്ന് താത്കാലിക ക്യാമ്പുകളിലാണ് കഴിയുന്നത്.ഭൂചലനത്തിന്റെ പ്രഭവകേന്ദ്രത്തിനടുത്തുള്ള ഡൊംഗ്ലയിൽ 11 മരണം സ്ഥിരീകരിച്ചു. ഇവിടെ മൂന്നുലക്ഷത്തോളം പേർ താമസിക്കുന്നുണ്ട്.

ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ ഇവിടെ പലസ്ഥലങ്ങളിലേക്കും രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാനായിട്ടില്ല. അതുകൊണ്ട് തന്നെ ഡോംഗ്ലയിലെ നാശനഷ്ടം ഇതുവരെ വിലയിരുത്താനായിട്ടില്ല. ഇത് ഏറെ ആശങ്കയുയർത്തുന്നുണ്ട്. ഇവിടെയും മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്.റോഡുകളും നഗരത്തിലെ പ്രധാനപാലവും തകർന്നതോടെ മേഖലയിൽ ഗതാഗതം നിലച്ചു. വൈദ്യുതി, വാർത്താവിനിമയ സംവിധാനങ്ങളും തകർന്നത് രക്ഷാപ്രവർത്തനത്തെ ബാധിച്ചു. ഭക്ഷണവും മരുന്നുമൊന്നും എത്തിക്കാൻ കഴിയുന്നില്ല. വെള്ളിയാഴ്ച അടച്ച വിമാനത്താവളത്തിൽ അവശ്യസാധനങ്ങളെത്തിക്കുന്ന വിമാനങ്ങൾക്കു മാത്രം ഇറങ്ങാൻ അനുമതി നൽകി.

ആശുപത്രി കെട്ടിടങ്ങൾ തകർന്ന സാഹചര്യത്തിൽ തുറസ്സായ പ്രദേശങ്ങളിലാണ് പരിക്കേറ്റവരെ ചികിത്സിക്കുന്നത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ഇൻഡൊനീഷ്യയ്ക്ക് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.കടൽത്തീരത്ത് മണലിൽ പൂണ്ട നിലയിലാണ് നൂറുകണക്കിന് മൃതദേഹം കണ്ടെത്തിയത്.ഒട്ടേറേപ്പേർ കടലിലേക്ക് ഒഴുകിപ്പോയിട്ടുണ്ടാവാമെന്നാണ് ഭയക്കുന്നത്. ദുരന്തത്തിന്റെ ആഘാതം പ്രതീക്ഷിച്ചതിലും എത്രയോ അധികമാണെന്ന് ദുരന്തനിവാരണ ഏജൻസി വക്താവ് സുടോപോ പുർവൊ നുഗ്രോഹോ പറയുന്നു. മിനിറ്റുകൾക്കുള്ളിലാണ് മരണസംഖ്യ ഉയരുന്നത്. കെട്ടിടങ്ങളുടെയും മറ്റും അവശിഷ്ടങ്ങൾക്കിടയിലെല്ലാം മൃതദേഹങ്ങൾ കിടക്കുന്നു.

ഡൊംഗ്ല, സിഗി, ബൗട്ടൊങ് എന്നിവിടങ്ങളിലേക്ക് രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാനുമാവുന്നില്ല. ആറുമീറ്റർ ഉയരത്തിൽ രാക്ഷസത്തിരമാലകളെത്തിയ പാലുനഗരം പൂർണമായി തകർന്നു. ഇവിടെ കടൽത്തീരത്ത് മണ്ണിൽ പുതഞ്ഞനിലയിൽ ഒട്ടേറേ മൃതദേഹം കണ്ടെത്തി. തിരിച്ചറിഞ്ഞ മൃതദേഹങ്ങൾ കൂട്ടക്കുഴിമാടങ്ങളിൽ അടക്കം ചെയ്തതായും സുടോപോ പറഞ്ഞു.എന്നാൽ 17,000ത്തിലധികം പേരെ ഇതിനകം രക്ഷപ്പെടുത്തിയതായി ഇൻഡൊനീഷ്യൻ ദുരന്തനിവാരണ ഏജൻസി പറഞ്ഞു.

 

സുനാമി മുന്നറിയിപ്പ് പെട്ടെന്ന് പിൻവലിച്ചതാണ് മരണസംഖ്യ ഉയരാനിടയാക്കിയതെന്ന് വിമർശനം ഉയരുന്നുണ്ട്. എന്നാൽ, സുനാമി നിരീക്ഷണകേന്ദ്ര മേധാവി റഹ്മത് തരിയോനോ അത് നിഷേധിച്ചു. പാലു നഗരത്തിൽ സുനാമി നിരീക്ഷണസംവിധാനം ഇല്ല. 200 കിലോമീറ്റർ അകലെയുള്ള സെൻസറിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആദ്യം സുനാമി മുന്നറിയിപ്പ് നൽകിയതും പിന്നെ പിൻവലിച്ചതും. ആറു സെന്റീമീറ്റർവരെ തിരമാലകൾ ഉയരാമെന്നുമാത്രമായിരുന്നു അതിലെ സൂചനയെന്നും അദ്ദേഹം പറഞ്ഞു.