കൊച്ചി: പണമില്ലാ സാമ്പത്തിക വ്യവസ്ഥിതിയിലേക്കാണ് രാജ്യത്തെ പ്രധാനമന്ത്രി നയിക്കുന്നത്. ഇതുകൊണ്ട് സാധാരണക്കാർക്ക് എന്തെങ്കിലും ഗുണമുണ്ടോ എന്നത് ഏറെ നാളായി ചർച്ചയിലുണ്ട്. ഏതായാലും ദുരിതങ്ങൾ മാത്രമാണ് ഉപഭോക്താക്കൾക്ക് ഇതുവരെ ഉണ്ടായത്. അതിനിടെയിലും നേട്ടമുണ്ടാക്കിയത് ബാങ്കുകളാണ്. നോട്ട് അസാധുവാക്കലിലൂടെ ശതകോടികളുടെ സാധാരണ നിക്ഷേപം ബാങ്കുകളിലെത്തി. ആരും പണം വീട്ടിൽ സൂക്ഷിക്കാൻ ഭയക്കുന്ന അവസ്ഥ. അങ്ങനെ സാധാരണ പലിശ കുറഞ്ഞ നിക്ഷേപം ബാങ്കുകളിൽ കുമിഞ്ഞു കൂടി. നോട്ട് ക്ഷാമം കൂടിയായതോടെ പിൻവലിക്കാൻ ബാങ്കുകളിൽ ആരുമില്ലാത്ത സ്ഥിതിയുമായി. പ്രതിസന്ധി അതിരൂക്ഷമാണെന്ന തിരിച്ചറിവിലാണ് എടിഎം ഇടപാടുകൾ പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര സർക്കാർ മുന്നിട്ടിറങ്ങിയത്.

ബാങ്കിൽ നിന്ന് 24000 രൂപ മാത്രമേ എടിഎമ്മിൽ നിന്ന് പിൻവലിക്കാൻ കഴിയുമായിരുന്നുള്ളൂ. ആ്‌ഴ്ചയിൽ 25,000 രൂപയും ബാങ്കിൽ നിന്ന് പണമായി പിൻവലിക്കാമെന്നായിരുന്നു വ്യവസ്ഥ. ഇതോടെ എടിഎമ്മുകൾക്കുള്ള സർവ്വീസ് ചാർജ്ജുകൾ കേന്ദ്ര സർക്കാർ വേണ്ടെന്ന് വച്ചു. ആർ ബി ഐയും ഈ നീക്കത്തെ അംഗീകരിച്ചു. ഡിസംബർ 31 കഴിഞ്ഞപ്പോഴും നിയന്ത്രണമൊന്നും കേന്ദ്ര സർക്കാർ പിൻവലിച്ചിട്ടില്ല. എടിഎമ്മിൽ നിന്ന് ദിവസം 4500 രൂപ പിൻവലിക്കാമെന്നത് മാത്രമാണ് ഏക ഇളവ്. എന്നാൽ എടിഎം ഇടപാടുകൾക്കു നോട്ട് റദ്ദാക്കലിന്റെ പശ്ചാത്തലത്തിൽ അനുവദിച്ചിരുന്ന സൗജന്യങ്ങൾ പല ബാങ്കുകളും അവസാനിപ്പിച്ചു. ഇതോടെ സാധാരണക്കാരുടെ കൈയിൽ നിന്നും കാശ് ബാങ്കുകളിലേക്ക് ഒഴുകുമെന്നും ഉറപ്പായി. പണം പിൻവലിക്കാനുള്ള നിയന്ത്രണങ്ങൾ തുടരുന്നതിനിടെ എടിഎം ഉപയോഗത്തിനു സർവീസ് ചാർജ് പുനഃസ്ഥാപിച്ച നടപടിക്കെതിരെ വ്യാപക പ്രതിഷേധമുണ്ട്. നടപടി പിൻവലിക്കണമെന്ന് ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ഉൾപ്പെടെയുള്ള ജീവനക്കാരുടെ സംഘടനകൾ ആവശ്യപ്പെട്ടു.

അതിനിടെ ആർബിഐ തീരുമാനം വരാത്തതിനാൽ ഫീസ് ഈടാക്കില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പ് ബാങ്കുകൾ അറിയിച്ചു. വ്യാപാര സ്ഥാപനങ്ങളിൽ ഡെബിറ്റ് കാർഡ് ഇടപാടുകളിന്മേൽ ഈടാക്കുന്ന മർച്ചന്റ് ഡിസ്‌കൗണ്ട് നിരക്ക് (എംഡിആർ) കുറച്ചുകൊണ്ടുള്ള റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ)യുടെ ഉത്തരവ് പ്രാബല്യത്തിൽ വന്നിട്ടുണ്ട്. എടിഎമ്മുകളിൽനിന്നു പണം പിൻവലിക്കുന്നത് ഉൾപ്പെടെയുള്ള ഇടപാടുകളുടെ തവണകൾ സൗജന്യ പരിധി കവിഞ്ഞാൽ ഫീസ് ഈടാക്കുന്നതു ബാങ്കുകൾ ഡിസംബർ 31 വരെ നിർത്തിവച്ചിരുന്നു. ഈ നില തുടരണോ എന്ന കാര്യത്തിൽ ആർബിഐയോ സർക്കാരോ പ്രത്യേക ഉത്തരവുകളൊന്നും പുറപ്പെടുവിക്കാത്ത സാഹചര്യത്തിലാണു വീണ്ടും ഫീസ് ഈടാക്കുന്നതെന്നു ബാങ്കുകളിൽനിന്നു വിവരം ലഭിച്ചു.

അഞ്ചുതവണയിൽ കൂടുതൽ എടിഎം ഉപയോഗിക്കുമ്പോൾ ശരാശരി 20 രൂപയാണു സർവീസ് ചാർജ് ആയി വിവിധ ബാങ്കുകൾ ഈടാക്കുന്നത്. അക്കൗണ്ടിൽ ബാക്കി പണം എത്രയെന്ന് എടിഎം വഴി അന്വേഷിക്കുന്നതുവരെ ഇടപാടുകളുടെ പട്ടികയിൽ വരും. അതേസമയം, ഇടപാടു പരാജയപ്പെട്ട് പണം ലഭിക്കാതിരുന്നാൽ സർവീസ് ചാർജ് ഈടാക്കില്ല. എംഡിആർ സംബന്ധിച്ച് ജനുവരി ഒന്നിനു പ്രാബല്യത്തിൽ വന്ന ഉത്തരവനുസരിച്ച് 1000 രൂപ വരെയുള്ള ഡെബിറ്റ് കാർഡ് ഇടപാടിന് ഈടാക്കാവുന്ന എംഡിആർ 0.25% മാത്രമാണ്. അതായത്, പരമാവധി 2.50 രൂപ. 1000 മുതൽ 2000 രൂപ വരെയുള്ള ഡെബിറ്റ് കാർഡ് ഇടപാടിന് ഈടാക്കാവുന്ന എംഡിആറിന്റെ കൂടിയ പരിധി 0.5 ശതമാനമാണ്. അതായത്, പരമാവധി 10 രൂപ. മാർച്ച് 31 വരെയാണു തീരുമാനത്തിനു പ്രാബല്യം.

പണം പിൻവലിക്കുന്നതിന് 20 മുതൽ 25 രൂപവരെയും മറ്റിടപാടുകൾക്ക് ഒമ്പതുരൂപയുമാണ് ഈടാക്കുന്നത്. നഗരങ്ങളിൽ മൂന്നുതവണയും മറ്റുസ്ഥലങ്ങളിൽ അഞ്ചുതവണയുമാണ് ഫീസില്ലാതെ എ.ടി.എം. കാർഡുകൾ ഉപയോഗിക്കാവുന്നത്. ദിവസവും പിൻവലിക്കാവുന്ന തുക 4,500 രൂപയാക്കിയിട്ടും ഒരാഴ്ചയിൽ പിൻവലിക്കാവുന്നത് 24,000 രൂപ മാത്രമാണ്. 20 രൂപയോളം എ.ടി.എം. യൂസേജ് ചാർജും 15 ശതമാനം സേവനനികുതിയുമായാണ് ഫീസ് ഈടക്കുന്നത്. പിൻവലിക്കുന്ന തുകയുമായി ഇതിന് ബന്ധമില്ല. പരിധിക്കുശേഷം ബാലൻസ് പരിശോധനയ്ക്കായി എ.ടി.എം. കാർഡ് ഉപയോഗിച്ചാലും ഫീസ് ഈടാക്കാമെന്നും ബാങ്കധികൃതർ പറഞ്ഞു. ഇതിന് ഒന്പതുരൂപയാണ്. ബാങ്കുകൾക്കനുസരിച്ച് ഈ നിരക്കിൽ വ്യത്യാസം വരും.

നോട്ട് അസാധുവാക്കലിലൂടെ സമ്പന്നതയിലേക്ക് ബാങ്കുകൾ എത്തിയപ്പോൾ അതിന്റെ ഗുണഫലം സാധാരണക്കാർക്കും ലഭിക്കുമെന്ന വിലയിരുത്തലുണ്ടായി. എന്നാൽ അത്തരത്തിലൊന്നും സംഭവിച്ചില്ല. കാഷ് ലെസ് എക്കണോമിയുടെ പേരിൽ കാർഡ് ഉപയോഗം കൂടുകയും ചെയ്തു. ഇതെല്ലാം കരുത്താകുന്നത് ബാങ്കുകൾക്ക് മാത്രമാണെന്നതാണ് വസ്തുത.