ന്യൂഡൽഹി: അടുത്ത നാലു വർഷത്തിനുള്ളിൽ ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകളും എടിഎമ്മുകളും ഇല്ലാതാകുമെന്ന് നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത്. സാമ്പത്തിക ഇടപാടുകൾക്ക് ഉപയോക്താക്കൾ മൊബൈൽ ഫോണിനെ മാത്രം ആശ്രയിക്കുമെന്നാണ് അദ്ദേഹം വാദിക്കുന്നത്. നോയിഡയിലെ അമിറ്റി യൂണിവേഴ്‌സിറ്റി കാമ്പസിൽ സംസാരിക്കുകയായിരുന്നു അമിതാഭ് കാന്ത്.

മൂന്നുനാലു വർഷത്തിനുള്ളിൽ രാജ്യത്ത് എടിഎം കൗണ്ടറുകളും ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകളും അപ്രസക്തമായി മാറും. മൊബൈൽ ഫോൺ മാത്രം ഉപയോഗിച്ച് ജനങ്ങൾ സാമ്പത്തിക ഇടപാടുകൾ നടത്തും. ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ മൊബൈൽ ഫോൺ കണക്ഷനുകളും ബാങ്ക് അക്കൗണ്ടുകളും ഉള്ള രാജ്യമാണ് ഇന്ത്യ. അതുകൊണ്ട് തന്നെ ഭാവിയിൽ ഡിജിറ്റൽ ഇടപാടുകളിൽ വൻ വർധന ഉണ്ടാകുമെന്നും അമിതാഭ് കാന്ത് പറഞ്ഞു.

ജനസംഖ്യയിൽ 72 ശതമാനവും 32 വയസിൽ താഴെയുള്ളവരുള്ള ലോകത്തെ ഏകരാഷ്ട്രമാണ് ഇന്ത്യ. ഇത് ഭാവിയിൽ ഇന്ത്യക്ക് അനുകൂല ഘടകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.